പുത്തനുടുപ്പും കുടയും പുസ്തകവുമില്ല; എങ്കിലും അരവയര്‍ നിറയ്ക്കാന്‍ ഇവര്‍ സ്‌കൂളില്‍ പോകും
ബാസിത് ഹസന്‍
തൊടുപുഴ: പുതിയ അധ്യയനവര്‍ഷത്തില്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പുത്തനുടുപ്പും കുടയും പുസ്തകവുമായി കുട്ടികള്‍ സകൂളിലേക്കു പോകുമ്പോള്‍ തകര്‍ന്ന ലയങ്ങളില്‍ നിന്നു കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായാണു തോട്ടംമേഖലയിലെ പതിനായിരത്തോളം കുട്ടികള്‍ സ്‌കൂള്‍ യാത്രയ്‌ക്കൊരുങ്ങുന്നത്. ഹൈറേഞ്ചിലെ നിരവധി തോട്ടങ്ങള്‍ പ്രതിസന്ധിയേത്തുടര്‍ന്ന് അടച്ചുപൂട്ടിയതാണ് ഇതിനുകാരണം. ഇതില്‍ പലതും വില്‍പ്പന നടത്തുകയും ചെയ്തു.
ഇതോടെ അടച്ചുപൂട്ടിയ തോട്ടംമേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകള്‍ വഹിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനങ്ങള്‍ പാഴ്‌വാക്കായി. ജില്ലാകലക്ടര്‍ ചെയര്‍മാനും ചീഫ് പ്ലാന്റേഷന്‍ ഓഫിസര്‍ കണ്‍വീനറും ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, അംഗീകൃത ട്രേഡ് യൂനിയന്‍ നേതാക്കള്‍ എന്നിവര്‍ അംഗങ്ങളുമായ പ്ലാന്റേഷന്‍ റിലീഫ് കമ്മിറ്റിയാണ് അധ്യയനവര്‍ഷത്തേക്കുള്ള പദ്ധതികള്‍ തയാറാക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പിന്റെ തിരക്കിലായിരുന്നതിനാല്‍ ഇക്കുറി ഇതുവരെ പ്ലാന്റേഷന്‍ റിലീഫ് കമ്മിറ്റി ചേര്‍ന്നിട്ടില്ല. അതിനാലാണു പുസ്തകവും വസ്ത്രവും കുടയുമില്ലാതെ കുട്ടികള്‍ക്കു സ്‌കൂളിലേക്കു പോകേണ്ടി വരുന്നത്.
ഒന്നാംക്ലാസില്‍ ചേരുന്ന കുട്ടികള്‍ക്ക് രണ്ട് സെറ്റ് യൂനിഫോം, ഒന്നു മുതല്‍ 10 വരെയുള്ള കുട്ടികള്‍ക്ക് നോട്ട് ബുക്കുകള്‍, പാഠപുസ്തകങ്ങള്‍, കുട, പേന, സ്ലേറ്റ്, ഒരു വിദ്യാര്‍ഥിക്ക് ആഴ്ചയില്‍ അഞ്ച് കിലോഗ്രാം സൗജന്യറേഷന്‍ എന്നിവ ഉള്‍പ്പെട്ട പദ്ധതികള്‍ക്കാണ് പ്ലാന്റേഷന്‍ റിലീഫ് കമ്മിറ്റി കഴിഞ്ഞകാലങ്ങളില്‍ രൂപം നല്‍കിയിരുന്നത്. സ്‌കൂളില്‍ പോകാന്‍ യൂനിഫോം ഇല്ലാത്തതിന്റെ പേരില്‍ വേളാങ്കണ്ണിയെന്ന ഒമ്പതാം ക്ലാസുകാരി ആത്മഹത്യ ചെയ്തതോടെയാണ് അധികൃതരുടെ ശ്രദ്ധ തോട്ടംമേഖലയില്‍ പതിഞ്ഞത്. 2002 ഒക്‌ടോബര്‍ ഏഴിന് വേളാങ്കണ്ണിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യൂനിഫോമില്ലാതെ ക്ലാസില്‍ കയറ്റില്ലെന്നു സ്‌കൂള്‍ അധികൃതര്‍ അന്ത്യശാസനം നല്‍കിയതാണ് വേളാങ്കണ്ണിയെ ഒരു മുഴം കയറില്‍ ജീവിതമവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.
ഒരു കോടി രൂപയാണ് പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ക്കായി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ചെലവാക്കിയത്. ഇതു വിദ്യാര്‍ഥികള്‍ക്ക് എത്തിക്കുന്നതിനായി വേറെയും ലക്ഷങ്ങള്‍ ചെലവഴിച്ചതായി കണക്കിലുണ്ട്. സ്‌കൂള്‍ ബാഗ്, തുണി എന്നിവ വാങ്ങിയതില്‍ വ്യാപകമായ ക്രമക്കേടു നടന്നതായി നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഉദ്ഘാടനത്തിന് മന്ത്രിയെ കിട്ടാത്തതിനാല്‍ തയ്ച്ച യൂനിഫോം രണ്ടുമാസം കെട്ടിവച്ച സംഭവവും ഉണ്ടായിട്ടുണ്ട്. കുട്ടികള്‍ താമസിക്കുന്ന ചോര്‍ന്നൊലിക്കുന്ന ലയങ്ങള്‍ നന്നാക്കാന്‍ പദ്ധതി ഉണ്ടായിരുന്നെങ്കിലും നടപ്പിലായില്ല. സമൂഹത്തിന്റെ മറ്റു തുറകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ കുട്ടികള്‍ സ്വകാര്യ വാഹനങ്ങളിലും സ്‌കൂള്‍ ബസുകളില്‍ ആഹ്ലാദത്തിമിര്‍പ്പോടെ സ്‌കൂളുകളില്‍ എത്തുമ്പോള്‍ അരവയറുമായി കിലോമീറ്ററുകല്‍ നടന്നാണ് തോട്ടം മേഖലയിലെ കുട്ടികള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ എത്തുന്നത്.
വസ്ത്രമോ, കുടയോ, പുസ്തകങ്ങളോ ഇല്ലെങ്കിലും ഇന്നുമുതല്‍ കുട്ടികള്‍ സ്‌കൂളില്‍ പോകുമെന്നാണ് തോട്ടം മേഖലയിലെ രക്ഷിതാക്കള്‍ പറയുന്നത്. ഉച്ചയ്ക്കു ലഭിക്കുന്ന ഒരു നേരത്തെ ആഹാരം ലക്ഷ്യംവെച്ചാണ് ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."