സിനിമാ പരസ്യങ്ങളില്‍ സെന്‍സര്‍ കാറ്റഗറി അച്ചടിക്കണം: വനിതാ കമ്മിഷന്
തിരുവനന്തപുരം: സിനിമാ പോസ്റ്ററുകളില്‍ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് കാറ്റഗറി നിര്‍ബന്ധമായും അച്ചടിക്കണമെന്ന് കേരള വനിതാ കമ്മിഷന് നിര്‍ദേശിച്ചു. നിര്‍ദിഷ്ട കാറ്റഗറി വ്യക്തമാക്കാതിരുന്നാല്‍ കുട്ടികളുമൊത്ത് സിനിമക്കെത്തുന്നവര്ക്ക് മനോവിഷമം ഉണ്ടാക്കുന്ന തരത്തിലുള്ള രംഗങ്ങള്‍ കാണേണ്ടിവരുന്ന സാഹചര്യം ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ്് കമ്മിഷന്റെ നടപടി. നിലവിലെ സെന്‍സര്‍ ചട്ടങ്ങളനുസരിച്ച് സിനിമയുടെ പ്രചാരണത്തിന് ഉപയോഗിക്കുന്ന പോസ്റ്ററുകളിലും ബോര്‍ഡുകളിലും മാധ്യമ പരസ്യങ്ങളിലും സെന്‍സര്‍ കാറ്റഗറി വ്യക്തമാക്കണം. എന്നാല്‍, ഇത് നിര്‍മാതാക്കളും വിതരണക്കാരും ലംഘിക്കുന്ന അവസ്ഥയുണ്ട്. ഇത് അനുവദിക്കാനാവില്ലെന്ന് കമ്മിഷന് ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന് വ്യക്തമാക്കി. സിനിമക്ക് നല്കിയ സെന്‍സര്‍ കാറ്റഗറിയില്‍ ഉള്‍പ്പെടാത്തവരുടെ മുന്‍പാകെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. തീയറ്ററുകളും ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണം.
പത്തനംതിട്ട വാഴമുട്ടം കിഴക്ക് സ്വദേശി വി.പി. സന്തോഷ് കുമാര്‍ കമ്മിഷന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വീഴ്ചവരുത്തുന്നവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന് സെന്‍സര്‍ ബോര്‍ഡിനോടും തിരുവനന്തപുരത്തെ മേഖലാ ഓഫിസിനോടും ആവശ്യപ്പെട്ടു.
പരസ്യങ്ങള്‍ അച്ചടിക്കുമ്പോള്‍ മാധ്യമ സ്ഥാപനങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. സിനിമ പോസ്റ്ററുകളും ബോര്‍ഡുകളും പതിപ്പിക്കുന്നതിന് അനുമതി നല്‍കുന്നതിന് മുന്‍പ് സെന്‍സര്‍ കാറ്റഗറി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് തദ്ദേശസ്ഥാപന മേധാവികള്‍ക്കും വനിതാ കമ്മിഷന് നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."