പ്രധാനമന്ത്രി ഗ്രാമ സഡക് യോജന: 2500 കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിന് അനുമതി തേടി കേരളം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഗ്രാമ സഡക് യോജന(പി.എം.ജി.എസ്.വൈ)യുടെ മൂന്നാംഘട്ടത്തില്‍പ്പെടുത്തി സംസ്ഥാനത്ത് 2500 കിലോമീറ്റര്‍ റോഡ് നിര്‍മിക്കാന്‍ അനുമതി നല്‍കണമെന്ന് കേരളം.
കേന്ദ്രസര്‍ക്കാര്‍ വിളിച്ച സംസ്ഥാന ഗ്രാമ വികസന, തദ്ദേശ ഭരണ വകുപ്പ് മന്ത്രിമാരുടെ യോഗത്തില്‍ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീല്‍ ആണ് ഇക്കാരം ആവശ്യപ്പെട്ടത്. പട്ടികജാതി, പട്ടികവര്‍ഗ മേഖലകളില്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പി.എം.ജി.എസ്.വൈ പദ്ധതി മാനദണ്ഡങ്ങളില്‍ ഭേദഗതി കൊണ്ടുവരണം. പദ്ധതിയുടെ പ്രയോജനം കൂടുതല്‍ പേരിലെത്തിക്കുന്നതിനായി മാനദണ്ഡങ്ങള്‍ ലഘൂകരിക്കണം.
പദ്ധതി പ്രകാരം സംസ്ഥാനത്ത് 6487 വീടുകളുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയാക്കിയതായി മന്ത്രി ചൂണ്ടിക്കാട്ടി. 15775 വീടുകളുടെ നിര്‍മാണം ആരംഭിച്ചു. 9288 എണ്ണത്തിന്റെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തിയാക്കും.
2011ലെ സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് പ്രകാരം 75709 ഭവന രഹിതരാണുള്ളത്. ഇതില്‍ 24588 പേര്‍ മാത്രമേ പദ്ധതിക്കു കീഴില്‍ വരുന്നുള്ളൂ. 51121 പേര്‍ വിവിധ കാരണങ്ങളാല്‍ പദ്ധതിക്കു പുറത്താണ്. സംസ്ഥാനത്ത് ഓഖി ചുഴലിക്കാറ്റുണ്ടാക്കിയ നാശത്തില്‍ വീടുകള്‍ തകര്‍ന്ന 235 പേര്‍ക്ക് പുനരുദ്ധാരണത്തിനായി 1.5 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഗ്രാമ വികസന മന്ത്രി നരേന്ദ്ര സിങ് തോമറിന് മന്ത്രി ജലീല്‍ നിവേദനം നല്‍കി.
പി.എം.ജി.എസ്.വൈ പദ്ധതിയുടെ രണ്ടു ഘട്ടങ്ങളിലായി 3042 കിലോമീറ്റര്‍ റോഡ് കേരളത്തില്‍ നിര്‍മിച്ചതായി കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജലീല്‍ പറഞ്ഞു. 1253 റോഡുകളാണ് പദ്ധതി പ്രകാരം നിര്‍മിച്ചത്. രണ്ടു ഘട്ടങ്ങളിലായി 3798.26 കിലോ മീറ്റര്‍ റോഡാണ് കേരളത്തിലേക്ക് അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."