വിവാദങ്ങള്‍ക്ക് വിട; ശ്രീദേവി ഇനി ഓര്‍മ
മുംബൈ: ബോളിവുഡിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന പ്രിയതാരം പത്മശ്രീ ശ്രീദേവി ഓര്‍മയായി. മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ അവസാനിപ്പിച്ച് ചൊവ്വാഴ്ച രാത്രി ദുബൈയില്‍ നിന്ന് മുംബൈയില്‍ എത്തിച്ച മൃതദേഹം ലോഖണ്ഡ് വാലിയിലുള്ള വസതിക്ക് സമീപത്തെ സെലിബ്രിറ്റി സ്‌പോര്‍ട്‌സ് ക്ലബില്‍ രാവിലെ 9.30ന് പൊതു ദര്‍ശനത്തിന് വച്ചിരുന്നു. പൊതു ദര്‍ശനം അവസാനിപ്പിച്ചപ്പോഴും ഗേറ്റിന് പുറത്ത് ആയിരക്കണക്കിന് ആളുകളാണ് കാത്തുനിന്നത്.
തുടര്‍ന്ന് വൈകുന്നേരത്തോടെയാണ് സംസ്‌കാരം നടക്കുന്ന ജുഹുപവന്‍ ഹന്‍സ് സമുച്ചയത്തിന് സമീപം വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തിലേക്ക് വിലാപയാത്രയായി കൊണ്ടുപോയത്. വെളുത്ത പൂക്കള്‍കൊണ്ട് അലങ്കരിച്ച വാഹനത്തിലായിരുന്നു ശ്രീദേവിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ശ്മശാനത്തിലേക്ക് പുറപ്പെട്ടത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം സംസ്‌കരിച്ചത്.
ഭര്‍ത്താവ് ബോണി കപൂറിന്റെ മകന്‍ അര്‍ജുന്‍ കപൂര്‍ മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനത്തിലും ബോണി കപൂര്‍, മക്കളായ ജാന്‍വി, ഖുഷി, മറ്റ് ബന്ധുക്കള്‍ എന്നിവര്‍ മറ്റൊരു വാഹനത്തിലുമാണ് മൃതദേഹത്തെ അനുഗമിച്ചത്. വഴിയരികിലും ബാരിക്കേഡുകള്‍ക്ക് പുറത്തും ജനസഞ്ചയമായതുകൊണ്ട് വിലാപയാത്ര പതുക്കെയാണ് മുന്നോട്ട് നീങ്ങിയത്. വൈകുന്നേരത്തോടെയാണ് മൃതദേഹം സംസ്‌കാരം നടക്കുന്ന വിലെ പാര്‍ലെയിലെത്തിയത്. ബോളിവുഡില്‍ അവര്‍ക്കൊപ്പം അഭിനയിച്ചവരും അല്ലാത്തവരുമെല്ലാം സംസ്‌കാര ചടങ്ങിന് സാക്ഷിയാകാന്‍ എത്തിയിരുന്നു.
ഇന്ത്യന്‍ സിനിമയുടെ താരറാണിയെ അവസാനമായി ഒരു നോക്ക് കാണാന്‍ വന്‍ജനക്കൂട്ടമാണെത്തിയത്. ആളുകളെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ പൊലിസ് ഇടയ്ക്കിടെ ലാത്തിച്ചാര്‍ജ് നടത്തുന്ന അവസ്ഥയും അന്ധേരിയിലെ ശ്രീദേവിയുടെ വസതിക്ക് മുന്‍പിലുണ്ടായി.
വിദേശത്ത് വച്ചുള്ള അസ്വാഭാവിക മരണമായതിനാല്‍ സങ്കീര്‍ണമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് മൃതദേഹം ഇന്ത്യയിലെത്തിച്ചത്. ഹൃദായാഘാതം കാരണം ശ്രീദേവി മരിച്ചെന്നായിരുന്നു ആദ്യം പുറത്തു വന്ന വാര്‍ത്തകളെങ്കിലും മുങ്ങിമരണമാണെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്.
ഫോറന്‍സിക് പരിശോധനയ്‌ക്കൊടുവില്‍ നടി ബാത്ത്ടബിലേക്ക് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു എന്ന നിഗമനത്തിലാണ് ദുബൈ പൊലിസ് എത്തിയത്. ഇതോടെ അന്വേഷണം അവസാനിപ്പിച്ച് പബ്ലിക് പ്രോസിക്യൂഷന്‍ മൃതദേഹം ബന്ധുകള്‍ക്ക് വിട്ടു കൊടുക്കാന്‍ അനുമതി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."