നോട്ട് നിരോധനം; രേഖകള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് വിവരാവകാശ കമ്മിഷന്‍
ന്യൂഡല്‍ഹി: ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ നിരോധിച്ച തീരുമാനം രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലുണ്ടാക്കിയ ചലനങ്ങള്‍ വിശദീകരിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് (പി.എം.ഒ) മുഖ്യ വിവരാവകാശ കമ്മിഷനറുടെ (സി.ഐ.സി) നിര്‍ദേശം.
നോട്ട് നിരോധിച്ചതിനു ശേഷമുള്ള സാമ്പത്തികരംഗത്തെ വിശകലനം ചെയ്യുന്ന വിവരങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകനായ ആര്‍.എല്‍ കയിന്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് സി.ഐ.സിയുടെ നടപടി.
നോട്ട് നിരോധനം പ്രധാനമന്ത്രി അംഗീകരിച്ചതിന്റെ രേഖകളുടെ പകര്‍പ്പ്, നിലവിലുള്ള നോട്ടുകള്‍ പിന്‍വലിക്കുന്നതിനെ കുറിച്ച് വ്യക്തമാക്കുന്ന 1934 ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയമപ്രകാരമുള്ള അനുമതി സംബന്ധിച്ച രേഖകള്‍, നോട്ട് നിരോധിക്കുന്നതായി അറിയിച്ച് 2016 നവംബര്‍ എട്ടിനു രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി ദുരദര്‍ശനില്‍ നടത്തിയ പ്രസംഗത്തിന്റെ എഡിറ്റ് ചെയ്യാത്ത പകര്‍പ്പ് എന്നിവയാണ് വിവരാവകാശ നിയമപ്രകാരം കയിന്‍ ആവശ്യപ്പെട്ടത്.
നോട്ട് നിരോധനം സംബന്ധിച്ച വിവരങ്ങള്‍ തേടി പ്രധാനമന്ത്രിയുടെ ഓഫിസ്, രാഷ്ട്രപതി ഭവന്‍, ധനകാര്യമന്ത്രാലയം എന്നിവയെ സമീപിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് ആര്‍.എല്‍ കയിന്‍ വിവരാവകാശ നിയമത്തിന്റെ പരമോന്നത സമിതിയായ സി.ഐ.സി മുമ്പാകെ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടി.
രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരിക്കെ 2016 ആഗസ്ത് 22നാണ് 2000 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ തുടങ്ങിയത്. ഇപ്പോഴത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ അതും കഴിഞ്ഞാണ് ചുമതലയേറ്റത്.
എന്നാല്‍, 2000 രൂപ നോട്ടില്‍ എങ്ങനെയാണ് രഘുറാം രാജന്റെ ഒപ്പിനു പകരം ഊര്‍ജിത് പട്ടേലിന്റെ ഒപ്പ് വന്നതെന്നും ഹരജിക്കാരന്‍ ചോദിക്കുന്നു.
എന്നാല്‍, ഇക്കാര്യങ്ങളെ കുറിച്ചുള്ള വിശദാംശങ്ങളെല്ലാം രാഷ്ട്രത്തിന്റെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് ഹാനിവരുത്തുന്നതോ വിവരാവകാശത്തിന്റെ പരിധിയില്‍ വരാത്തതോ ആണെന്നു വാദിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിലെ വിവരാവകാശ സെക്രട്ടറി തള്ളുകയായിരുന്നു.
അതേസമയം, നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിയുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയങ്ങളുടെ വിവരങ്ങള്‍ നല്‍കണമെന്ന ആവശ്യം സി.ഐ.സി അംഗീകരിച്ചിട്ടില്ല.
രാഷ്ട്രപതി ഭവനും പി.എം.ഒയും നടത്തിയ ഔദ്യോഗിക ആശയവിനിമയങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന് സി.ഐ.സി അറിയിച്ചു.
നോട്ട് നിരോധനം പ്രഖ്യാപിച്ച് ഒരാഴ്ച കഴിഞ്ഞ് നവംബര്‍ 15നാണ് ആര്‍.എല്‍ കയിന്‍ അപേക്ഷനല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."