വിലയില്ലാതെ വെടിനിര്‍ത്തല്‍ കരാര്‍ സിറിയയില്‍ ആക്രമണം തുടരുന്നു
ഡമസ്‌കസ്: യു.എന്‍ രക്ഷാ സമിതിയുടെ നേതൃത്വത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും സിറിയയിലെ ആക്രമണങ്ങള്‍ക്ക് അറുതിയില്ല. റഷ്യന്‍ പിന്തുണയോടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും കിഴക്കന്‍ ഗൗഥയില്‍ സര്‍ക്കാരിന്റെ ഏകപക്ഷീയ ആക്രമണങ്ങള്‍ ഇന്നലെയും തുടര്‍ന്നു. ഇന്നലെ രാവിലെ മുതല്‍ വിമത പ്രദേശങ്ങളിലാണ് ആക്രമണങ്ങളുണ്ടായതെന്ന് മനുഷ്യാവകാശ സംഘടനയുടെ സിറിയന്‍ നിരീക്ഷക സംഘം അറിയിച്ചു.
രൂക്ഷമായി ആക്രമണങ്ങളാണ് ഇന്നലെയുണ്ടായത്. എന്നാല്‍ ആളപായങ്ങളുടെ റിപ്പോര്‍ട്ടുകളൊന്നും പുറത്തുവിട്ടിട്ടില്ല. വെടിനിര്‍ത്തല്‍ ആരംഭിച്ച ചൊവ്വാഴ്ച്ച സര്‍ക്കാര്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും 12ല്‍ പരം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഇന്നലെ രാവിലെ മുതല്‍ ശക്തമായ വ്യോമാക്രമണമാണ് നടന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ദൗമ, മിസ്‌റബ, ഹരസ്ത എന്നീ നഗരങ്ങളെ കേന്ദ്രീകരിച്ചാണ് രൂക്ഷമായ ആക്രമണങ്ങളുണ്ടായത്. ഇവിടങ്ങളില്‍ ജനങ്ങളെ ഒഴിപ്പിക്കലോ അവശ്യ മരുന്നുകളോ ഇല്ലെന്ന് പ്രദേശവാസി പറഞ്ഞു. ഇന്നലെ രാത്രി മുതല്‍ തുടര്‍ച്ചയായ ആക്രമണങ്ങളാണ് നടക്കുന്നതെന്ന് മറ്റൊരു നാട്ടുകാരന്‍ പറഞ്ഞു.
എന്നാല്‍ വിമതരാണ് വെടിനിര്‍ത്തല്‍ ലംഘിച്ചതെന്നാണ് റഷ്യയുടെ വാദം. തീവ്രവാദികള്‍ സിറിയന്‍ പ്രദേശങ്ങളില്‍ നുഴഞ്ഞുകയറിയിരിക്കുകയാണ്. 'ആവശ്യമായ നടപടികളിലൂടെ'ഈ പ്രദേശങ്ങളില്‍ സുരക്ഷിതമൊരുക്കുകയാണ് സിറിയന്‍ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ് പറഞ്ഞു.
ജനീവയില്‍ നടന്ന മനഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'തീവ്രവാദികളെ' പരാജയപ്പെടുത്താനായി സിറിയന്‍ സര്‍ക്കാരിനുള്ള പിന്തുണ തുടരുമെന്ന് സെര്‍ജി ലവ്‌റോവ് പറഞ്ഞു.
ഫെബ്രുവരി 18 മുതല്‍ റഷ്യന്‍ പിന്തുണയോടെയുള്ള സിറിയന്‍ സര്‍ക്കാര്‍ നടത്തുന്ന ആക്രമണത്തില്‍ ഇതുവരെ 550 സിവിലയന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഏഴു വര്‍ഷമായി സിറിയയില്‍ തുടരുന്ന ആഭ്യന്തര സംഘര്‍ഷത്തിന്റെ ഏറ്റവും രൂക്ഷമായ സാഹചര്യമാണ് ഇപ്പോഴുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."