പാട്ടും പാടി പരീക്ഷ എഴുതാം
ഡോ.റസീന റിയാസ്
ഇനി പരീക്ഷാക്കാലം. ഈ മാസം ഒന്നു മുതല്‍ യു.പി ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള പൊതുപരീക്ഷ ആരംഭിക്കുകയായി. മാര്‍ച്ച് എട്ടു മുതല്‍ എസ്.എസ്.എല്‍.സി പരീക്ഷയും മറ്റു ക്ലാസുകളിലെ കുട്ടികള്‍ക്കും പരീക്ഷകള്‍ തുടങ്ങും. നന്നായി പഠിച്ചില്ലേ. പഠിച്ചതോര്‍മിക്കാന്‍ കൃത്യമായി റിവിഷനുകളും നടത്തിയില്ലേ? പിന്നെന്തിനു പരീക്ഷയെപ്പേടിക്കണം?
എത്ര നന്നായി പഠിച്ചിട്ടുണ്ടെങ്കിലും പരീക്ഷാഹാളിലെത്തുമ്പോള്‍ അല്‍പം ടെന്‍ഷനില്ലാത്തവര്‍ ചുരുക്കം. പഠിച്ചതു കൊണ്ടുമാത്രം ഒരാളും പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടണമെന്നില്ല. ക്ലാസില്‍ നന്നായി പഠിക്കുന്ന പലകുട്ടികള്‍ക്കും ഉത്തരക്കടലാസു ലഭിക്കുമ്പോള്‍ വേണ്ടതുപോലെ മാര്‍ക്കുണ്ടാവില്ല.
എന്നാല്‍ ചില ഉഴപ്പന്മാര്‍ ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടുന്നു. ഫലം വരുമ്പോള്‍ അവനൊക്കെ എങ്ങനെ വിജയിച്ചു എന്നോര്‍ത്ത് നമ്മള്‍ അത്ഭുതപ്പെടുന്നു. പരീക്ഷയെ ആത്മവിശ്വാസത്തോടെ സമീപിക്കാന്‍ ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക.
ഒഴിവാക്കാം തലേന്നത്തെ
പരന്ന വായന
പരീക്ഷയുടെ തലേ ദിവസങ്ങളില്‍ പരന്ന വായന ഒഴിവാക്കണം. എത്ര പഠിച്ചിട്ടും തലയില്‍ കയറാത്ത കാര്യങ്ങളെ തലയില്‍ വലിച്ചുകയറ്റാന്‍ ഈ ദിവസങ്ങളെ ഉപയോഗപ്പെടുത്തരുത്. പഠിച്ചുകഴിഞ്ഞ പ്രധാന ഭാഗങ്ങളെ എല്ലാം റിഫ്രഷ് ചെയ്യുകയാണ് വേണ്ടത്. സ്വന്തം പഠനരീതി തിരിച്ചറിയുകയും എത്രനേരം ഏകാഗ്രത പാലിക്കാന്‍ കഴിയുമെന്നും കണ്ടെത്തി ഇടവേള കൊടുത്തും മാത്രം പഠനം തുടരാം.
ഏകാഗ്രതയുള്ളപ്പോള്‍ പഠനം
ചില കുട്ടികള്‍ക്ക് പ്രത്യേക സമയങ്ങളിലായിരിക്കും കൂടുതല്‍ ഏകാഗ്രത ലഭിക്കുന്നത്. അത്തരം സമയങ്ങളില്‍ പഠനം നടത്താം. പരീക്ഷാ ഫലത്തെപ്പറ്റി ഓര്‍ത്ത് ഉത്കണ്ഠപ്പെടരുത്. മുന്‍ പരീക്ഷകളെ പറ്റിയും അതിലെ മാര്‍ക്കുകളെക്കുറിച്ചും അധികം ചിന്ത വേണ്ട. ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടമായിരുന്നു പഠിക്കാം. അപകടം പിടിച്ച കളികള്‍ ഈ സമയത്ത് വേണ്ട.
ഉറക്കം ഒഴിച്ച് പഠിക്കരുത്
നല്ല ഭക്ഷണവും വെള്ളവും ശരീരത്തിനാവശ്യമാണ്. ശീലമില്ലാത്ത ഭക്ഷണങ്ങളെ ഈ സമയം തീര്‍ത്തും ഒഴിവാക്കണം. ഉറക്കം ഒഴിച്ചിരുന്ന് അധികം പഠിക്കരുത്. നല്ല ഉന്മേഷം ലഭിക്കുന്ന സാഹചര്യങ്ങളെയാണ് പഠനത്തിനൊരുക്കേണ്ടത്. അനാവശ്യ ചിന്തകളെല്ലാം കുറച്ചുകാലത്തേക്ക് വെടിയുക. ടി.വിക്കു മുന്‍പില്‍ സമയം ചെലവഴിക്കരുത്. കംപ്യൂട്ടര്‍ പഠനത്തിന്റെ ആവശ്യങ്ങള്‍ക്കു മാത്രം ഉപയോഗിക്കുക.
നാളേക്കുള്ള ഒരുക്കങ്ങള്‍
ഇന്നുതന്നെ
നാളെത്തെ പരീക്ഷക്കുവേണ്ട സാധനങ്ങളെല്ലാം തന്നെ ഇന്നു ഒരുക്കിവെക്കണം. ഹാള്‍ടിക്കറ്റ്, പേനകള്‍, ബോക്‌സ്, വാച്ച്, കാല്‍ക്കുലേറ്റര്‍, ലോഗരിതം തുടങ്ങി ആവശ്യമായ സാമഗ്രികളെല്ലാം. പുറപ്പെടാന്‍ നേരത്ത് ഇവ തിരയാന്‍ നില്‍ക്കരുത്. അവസാന നിമിഷമുള്ള ഈ അന്വേഷണം പരിഭ്രമം കൂട്ടും. അതുപോലെ സ്‌കൂളിലും എന്നുമെത്തുന്നതിനേക്കാള്‍ നേരത്തെ എത്തണം. വഴിയിലെ ഗതാഗതക്കുരുക്ക്, മറ്റോ മൂലം വൈകി സ്‌കൂളിലെത്തിയാല്‍ ഉണ്ടാകുന്ന ടെന്‍ഷന്‍ കുറയ്ക്കാന്‍ കൂടിയാണിത്.
പരീക്ഷക്ക് അരമണിക്കൂര്‍ മുന്‍പ് ഇരിക്കേണ്ട ഹാളും സീറ്റും കണ്ടെത്തണം. ചിലപ്പോള്‍ ദിവസവും സ്ഥാനമാറ്റമുണ്ടായെന്നു വരാം. ഹാളിലെത്തിയാല്‍ അവശ്യവസ്തുക്കള്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് ഒരിക്കല്‍ കൂടി ഉറപ്പുവരുത്തണം. പരീക്ഷാ ഹാളില്‍ വിലക്കിയിട്ടുള്ള കാര്യങ്ങള്‍ ഒന്നും ചെയ്യാന്‍ ശ്രമിക്കരുത്.
ചോദ്യപേപ്പര്‍ കിട്ടിയാല്‍
ചോദ്യപേപ്പര്‍ കിട്ടിയാല്‍ എല്ലാ ചോദ്യങ്ങളും വായിച്ച് എതെല്ലാം ചോദ്യങ്ങള്‍ക്കാണ് ആദ്യം ഉത്തരമെഴുതേണ്ടത് എന്ന ധാരണയിലെത്തണം. ഉത്തരക്കടലാസില്‍ എഴുതേണ്ടവ ശ്രദ്ധയോടെ ചെയ്യണം. പരീക്ഷയുടെ തിയതിയും സമയവും, ചോദ്യപേപ്പറിന്റെ കോഡ് നമ്പര്‍, രജിസ്റ്റര്‍ നമ്പര്‍ തുടങ്ങിയവയും വിട്ടുപോകാതെ നോക്കണം.
ശാന്തമായി കണ്ണടച്ച് ദീര്‍ഘമായി വളരെ പതിയെ ശ്വാസം എടുക്കുകയും വിടുകയും ചെയ്യുന്നത് ടെന്‍ഷന്‍ കുറയ്ക്കാനും പഠിച്ചതൊക്കെ ഓര്‍മയില്‍ തെളിയാനും നല്ലതാണ്. ഏറ്റവും നന്നായി അറിയാവുന്ന കാര്യങ്ങളായിരിക്കണം ആദ്യം എഴുതേണ്ടത്. പ്രധാന പോയിന്റുകളുടെ അടിയില്‍ വരയ്ക്കുന്നതും നല്ലതാണ്. പരീക്ഷ തീരുന്നതിന്റെ പത്തുമിനിട്ടു മുമ്പെങ്കിലും എഴുതിത്തീര്‍ക്കണം.
വലിച്ചുവാരി എഴുതല്ലേ
വലിച്ചുവാരി എഴുതിയാല്‍ മാര്‍ക്ക് കൂടുതല്‍ കിട്ടില്ല. കിട്ടാനുള്ള മാര്‍ക്കുകൂടി കുറഞ്ഞുപോയെന്നും വരാം. ഉത്തരക്കടലാസ് നോക്കുന്നവര്‍ക്ക് നിങ്ങളെക്കുറിച്ചുള്ള മതിപ്പ് കുറയ്ക്കാനേ അതുപകരിക്കൂ. മാത്രവുമല്ല, കൃത്യസമയത്ത് അവസാനിക്കേണ്ട പരീക്ഷയില്‍ ഈ ശീലം മൂലം മറ്റു ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എഴുതാന്‍ സമയം തികയാതെ വരും. അതിനാല്‍ അറിയാവുന്ന കാര്യങ്ങള്‍ വ്യക്തമായി എഴുതണം. ആലോചിച്ച് നല്ല മാര്‍ക്ക് ലഭിക്കണം എന്ന ഉദ്ദേശ്യത്തോടു കൂടി ബുദ്ധിപൂര്‍വം പരീക്ഷ എഴുതുക.
വാണിങ് ബെല്ലടിച്ചാല്‍ പിന്നീട് തുന്നിക്കെട്ടിയ ശേഷം മാത്രമേ എഴുതാവൂ. ഗ്രാഫ്, മാപ്പ് തുടങ്ങിയവ പേപ്പറിനുള്ളില്‍ വച്ച് കെട്ടണം. ഗ്രാഫിനും മാപ്പിനുമൊക്കെ ചോദ്യനമ്പറിടാന്‍ മറക്കരുത്. പേപ്പര്‍ കൊടുക്കുന്നതിനു മുന്‍പ് ഈ കാര്യങ്ങളെല്ലാം പരിശോധിക്കണം. പരീക്ഷക്ക് പ്രത്യേകം അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ഒപ്പിടേണ്ടതുണ്ട്. അത് മറക്കാതിരിക്കുക. പരീക്ഷ നല്ല കൈയക്ഷരത്തില്‍ വൃത്തിയോടെ എഴുതുക. മാര്‍ജിന്‍, നമ്പറുകള്‍ പാരഗ്രാഫുകള്‍, തലക്കെട്ടുകള്‍ തുടങ്ങിയവ ശ്രദ്ധിക്കുക. ശ്രദ്ധിക്കപ്പെടുന്ന വിധത്തിലായിരിക്കണം നമ്പറുകള്‍ എഴുതേണ്ടത്. ഉത്തരങ്ങള്‍ എഴുതാന്‍ മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ സമയം മുന്‍കൂട്ടി തീരുമാനിച്ചിരിക്കണം. വെട്ടിയും തിരുത്തിയും ഉത്തരക്കടലാസ് വൃത്തികേടാക്കരുത്. കോപ്പിയടി പരീക്ഷാ നിയമങ്ങള്‍ക്ക് വിരുദ്ധമായ ഒന്നാണ്. അവ ഭാവിയെ ബാധിക്കാനിടയുണ്ട്.
രക്ഷിതാക്കളറിയാന്‍
പരീക്ഷാ കാലത്ത് കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദം ഉണ്ടാകുന്ന തരത്തിലുള്ള യാതൊന്നും മാതാപിതാക്കളുടെ ഭാഗത്തുനിന്നുണ്ടാവരുത്. കുട്ടികളെ ടി.വി. കാണാന്‍ സമ്മതിക്കാതെ മറ്റെല്ലാവരും ടി.വി.കാണുന്നത് അവരില്‍ സമ്മര്‍ദം ഉണ്ടാക്കും. പരീക്ഷാക്കാലത്ത് വീട്ടിലെ എല്ലാവരും ടി.വി കാണുന്നത് ഒഴിവാക്കുന്നതും നല്ലതാണ്.
പരീക്ഷ എഴുതി വന്നാലുടനെ കുട്ടിയെ ചോദ്യങ്ങള്‍ ചോദിച്ച് വട്ടം കറക്കരുത്. പൂര്‍ണ പിന്തുണയാണ് ആവശ്യം. മാര്‍ക്കിനേക്കാള്‍ വലുത് കുട്ടിയാണെന്ന ചിന്ത ഏതു സമയങ്ങളിലും മാതാപിതാക്കള്‍ക്ക് ഉണ്ടായിരിക്കണം.
പഠനത്തിന് സമയക്രമം പ്രധാനം
ഫലപ്രദമായ പഠനത്തിന് സന്തുലിതമായ ടൈംടേബിള്‍ സുപ്രധാനമാണ്. ഉറങ്ങാനും ഉണരാനും ഭക്ഷണം കഴിക്കാനും പഠിക്കാനുമെല്ലാം പ്രത്യേകം ടൈംടേബിള്‍ ആവശ്യമാണ്. ഓരോ ദിവസങ്ങള്‍ക്കും അനുസരിച്ചായിരിക്കണം സമയക്രമീകരണം നടത്തേണ്ടണ്ടത്.
ഓരോ വിഷയവും പഠിക്കുന്നതിനു നിശ്ചിത സമയം തിട്ടപ്പെടുത്തുകയാണെങ്കില്‍ ആ സമയമടുക്കുമ്പോള്‍ നാമറിയാതെത്തന്നെ അതു ചെയ്യുന്നതു കാണാം. രാവിലെ ചായയും ഉച്ചയ്ക്ക് ഊണും മനസ് ആവശ്യപ്പെടുന്നത് അത്തരത്തില്‍ ശീലിപ്പിച്ചതുകൊണ്ടണ്ടാണ്. എന്നും ഏഴുമണിക്ക് ഇംഗ്ലീഷ് പഠിക്കുന്ന ശീലം ഒരു വിദ്യാര്‍ഥി വളര്‍ത്തിയാല്‍ ഏഴുമണിയാകുമ്പോള്‍ ഇംഗ്ലീഷ് പഠിക്കുവാനുള്ള ഒരു പ്രേരണ ഉണര്‍ന്നുവരും. ഇത് പഠനം കൂടുതല്‍ രസകരമാക്കാന്‍ സഹായിക്കും.
സമയത്തിന്റെ വില മനസിലാക്കിക്കൊണ്ടണ്ടായിരിക്കണം ഓരോ പ്രവര്‍ത്തനങ്ങളും ചെയ്യേണ്ടണ്ടത്. ഒരു നിമിഷം പോലും പാഴാക്കരുത്. ജീവിത പരാജയത്തിന്റെ സാരമായ ഒരു കാരണം വേണ്ടണ്ടവിധത്തില്‍ സമയം ഉപയോഗിക്കാത്തതാണ്.
ഇപ്പോള്‍ കളിയുടെ സമയങ്ങളില്‍ നിന്നല്‍പം സമയം പഠനത്തിനുവേണ്ടണ്ടി കവര്‍ന്നെടുക്കാം. പരീക്ഷ കഴിഞ്ഞും കളിക്കാമല്ലോ. അവിചാരിതമായി വീണുകിട്ടുന്ന ഒഴിവു ദിനങ്ങളും സമയവും പഠനത്തിനു വേണ്ടണ്ടി നീക്കിവെക്കാം. മുഴുവന്‍ പഠിച്ച ശേഷം ഉറങ്ങാന്‍ കിടന്നാല്‍ നല്ല മാനസികാവസ്ഥയോടെ സുഖനിദ്രയില്‍ വീഴാം. അല്ലെങ്കില്‍ മനസ്‌സംഘര്‍ഷത്തിലായിരിക്കും.
എല്ലാവര്‍ക്കും ദൈവം 24 മണിക്കൂറാണ് ദിവസത്തില്‍ നല്‍കുന്നത്. അതില്‍ ചിലര്‍ 24 മണിക്കൂറില്‍ ജോലി ചെയ്തു തീര്‍ക്കുന്നു. മറ്റു ചിലര്‍ 50 മണിക്കൂറിന്റെ ജോലി ചെയ്യുന്നു. സമയത്തെ പറ്റിയുള്ള ജാഗ്രത എപ്പോഴും നിലനിര്‍ത്തണം.
പ്രകൃതിയെ പഠിക്കാം
വാര്‍ഷിക പരീക്ഷക്കൊരുങ്ങുന്ന ഏഴാം ക്ലാസിലെ കൂട്ടുകാര്‍ക്ക് അടിസ്ഥാന ശാസ്ത്രത്തെക്കുറിച്ചുള്ള പരീക്ഷാ സഹായിയിതാ
ഷാക്കിര്‍ തോട്ടിക്കല്‍
നിര്‍മലമായ പ്രകൃതിക്ക്
പ്രകൃതിയുടെ വരദാനമാണ് മണ്ണ്, ജലം,വായു, ജീവന്റെ നിലനില്‍പ്പിന് ആവശ്യമായതെല്ലാം പ്രകൃതി നമുക്ക് തരുന്നുണ്ട്. ഇന്ന് മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്‌നമാണ് മലിനീകരണം. മനുഷ്യന്റെ തന്നെ പ്രവര്‍ത്തനങ്ങളാണ് മലിനീകരണത്തിന്റെ നിദാനം. നമ്മുടെയും മറ്റു ജീവജാലങ്ങളുടെയും നിലനില്‍പ്പിനെ തന്നെ അപകടപ്പെടുത്തും വിധത്തില്‍ ഭീകരമാണ് മലിനീകരണത്തിന്റെ മുഖം. അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ജനസംഖ്യ മലിനീകരണത്തെയും വര്‍ധിപ്പിക്കുന്നു. വായു, മണ്ണ് എന്നിവയുടെ ആവശ്യകതയെ പറ്റിയും ഇവ മലിനമാക്കാനുള്ള കൂടുതല്‍ സാഹചര്യങ്ങളെപ്പറ്റിയും ഈ അധ്യായത്തിലൂടെ പരിചയപ്പെടാം.
പ്രധാന ആശയങ്ങള്‍
ജലം,വായു, മണ്ണ് എന്നിവ പ്രകൃതിയുടെ വരദാനമാണ്.
എല്ലാ ജീവജാലങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ മണ്ണ്, ജലം,വായു എന്നീ ഘടകങ്ങളെ ആശ്രയിക്കുന്നു.
മണ്ണിലെ ഈര്‍പ്പവും, മണ്ണിന്റെ ജലാകിരണശേഷി, മണ്ണിലെ ജലാംശം എന്നിവ കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങള്‍.
മണ്ണൊലിപ്പും അവ തടയാനുള്ള മാര്‍ഗങ്ങളും.
മണ്ണിനെ മലിനമാക്കുന്ന ഘടകങ്ങള്‍.
ജലസ്രോതസുകളുടെ സംരക്ഷണരീതികളും ജലശുദ്ധീകരണ മാര്‍ഗങ്ങളും.
വായുമലിനീകരണവും ദൂഷ്യവശങ്ങളും.
മനുഷ്യന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരം.
മര്‍ദം ദ്രാവകത്തിലും വാതകത്തിലും
ദ്രാവകങ്ങളും വാതകങ്ങളും, ബലം പ്രയോഗിക്കുന്നുണ്ടെന്ന് പ്രകൃതി പ്രതിഭാസങ്ങളായ കാറ്റ്, തിരമാല, ഒഴുകുന്ന ജലം എന്നിവയുടെ നിരീക്ഷണത്തില്‍ നിന്ന് നാം മനസിലാക്കിയിട്ടുണ്ട്. ദ്രാവകങ്ങളും വാതകങ്ങളും പ്രയോഗിക്കുന്ന ബലം മൂലമാണ് ദ്രാവകമര്‍ദവും വാതക മര്‍ദവും ഉണ്ടാകുന്നത്. ഈ പാഠഭാഗത്ത് വാതകമര്‍ദം, ദ്രാവകമര്‍ദം അന്തരീക്ഷമര്‍ദം, എന്നീ ആശയങ്ങളെക്കുറിച്ചും അവ നിത്യജീവിതത്തില്‍ പ്രയോജനപ്പെടുത്തുന്ന സന്ദര്‍ഭങ്ങളെക്കുറിച്ചും സൂചിപ്പിക്കുന്നു. കൂടാതെ മര്‍ദവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളെക്കുറിച്ചും ഇവിടെ വിവരിക്കുന്നു.
പ്രധാന ആശയങ്ങള്‍
വായുവിന് ബലം പ്രയോഗിക്കാന്‍ കഴിയും
വായുവിന് സ്ഥിതിചെയ്യാന്‍ സ്ഥലം ആവശ്യമാണ്
യൂനിറ്റ് വിസ്തീര്‍ണം പ്രതലത്തില്‍ വാതകം പ്രയോഗിക്കുന്നബലമാണ് വാതകമര്‍ദം
യൂനിറ്റ് വിസ്തീര്‍ണം പ്രതലത്തില്‍ അന്തരീക്ഷവായു പ്രയോഗിക്കുന്ന ബലമാണ് അന്തരീക്ഷമര്‍ദം
അന്തരീക്ഷമര്‍ദം അളക്കന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് ബാരോമീറ്റര്‍.
വാതക മര്‍ദം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളാണ് സിറിഞ്ച്,സ്‌ട്രോ,ഡ്രോപ്പര്‍ മുതലായവ
ചലിക്കുന്ന വായുവിന് മര്‍ദം കുറവാണ്.
ഒരു യൂനിറ്റ് വിസ്തീര്‍ണം പ്രതലത്തില്‍ ദ്രാവകം പ്രയോഗിക്കുന്ന ബലമാണ് ദ്രാവകമര്‍ദം
ദ്രാവകങ്ങള്‍ എല്ലാ ഭാഗത്തേക്കും മര്‍ദം പ്രയോഗിക്കുന്നു.
ആഴം കൂടുന്തോറം ദ്രാവകമര്‍ദം കൂടുന്നു.
പ്രാണവായുവും ജീവരക്തവും
ജീവനുള്ളവയിലെല്ലാം ജീവല്‍ പ്രവര്‍ത്തനത്തിനാവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും ക്രമാനുസൃതമായി നടക്കുന്നു. വിവിധ അവയവ വ്യവസ്ഥകളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ജീവന്‍ നിലനില്‍ക്കുന്നത്. ആഹാരത്തിലെ പോഷകഘടകങ്ങളെ കോശങ്ങളിലെത്തിക്കുന്ന രക്തപര്യയന വ്യവസ്ഥയെക്കറിച്ചും ഊര്‍ജം സ്വതന്ത്രമാക്കുന്ന ശ്വസന വ്യവസ്ഥയെക്കുറിച്ചുമാണ് ഈ പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആഹാരത്തിന്റെ ദഹനഫലമായി ഉണ്ടാകുന്ന പോഷകഘടകങ്ങള്‍ രക്തത്തിലൂടെ കോശങ്ങളിലെത്തിക്കുന്നു. ഈ പോഷകഘടകത്തില്‍ നിന്നാണ് നമുക്കാവശ്യമായ ആഹാരതന്മാത്രകള്‍ ഓക്‌സിജന്‍ സ്വീകരിച്ച് ഓക്‌സീകരിക്കപ്പെടുന്നത്. ഇതിന്റെ ഫലമായി പോഷകഘടകങ്ങളിലടങ്ങിയിരിക്കുന്ന ഊര്‍ജം സ്വതന്ത്രമാകുന്നു. ഹൃദയം, രക്തം, രക്തക്കുഴലുകള്‍ എന്നിവയാണ് രക്തപര്യയന വ്യവസ്ഥയിലെ വിവിധ ഭാഗങ്ങള്‍.
പ്രധാന ആശയങ്ങള്‍
ശ്വസനം ഒരു പ്രധാന ജീവല്‍ പ്രവര്‍ത്തനമാണ്
മനുഷ്യന്റെ ശ്വസന വ്യവസ്ഥയുടെ പ്രധാനഭാഗങ്ങള്‍ ഏതൊക്കെയെന്ന് മനസിലാക്കാന്‍ കഴിയുന്നു
ശ്വാസനാളം തടസ്സപ്പെടുമ്പോഴും മുറിവുണ്ടാകുമ്പോഴും ചെയ്യേണ്ട പ്രഥമശുശ്രൂഷകള്‍ വിശദീകരിക്കുന്നു.
ശരീരത്തിലെ പദാര്‍ഥ സംവഹനത്തില്‍ രക്തത്തിന്റെ പങ്ക് വിശദീകരിക്കുന്നു.
രക്തപര്യയന വ്യവസ്ഥയിലെ വിവിധ ഭാഗങ്ങളെ പരിചയപ്പെടുത്തുന്നു.
രക്തകോശങ്ങളെ തിരിച്ചറിഞ്ഞ് അവയുടെ ധര്‍മങ്ങളെ വിശദീകരിക്കുന്നു
ഹൃദയാരോഗ്യത്തിന് പാലിക്കേണ്ട ശീലങ്ങള്‍ മനസിലാക്കാന്‍ കഴിയുന്നു.
വ്യായാമത്തിന്റെ പ്രധാന്യം വിശദീകരിക്കുന്നു.
താപമൊഴുകുന്ന വഴികള്‍
പലതരം ഊര്‍ജ രൂപങ്ങള്‍ നമുക്ക് പരിചയമുണ്ട്. അവയില്‍ നിത്യജീവിതത്തില്‍ വളരെ അധികം ഉപയോഗിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന ഒരു ഊര്‍ജരൂപമാണ് താപം. താപനില അളക്കുന്ന രീതിയെക്കുറിച്ചും താപോര്‍ജം പ്രകൃതിയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചും താപീയവികാസം, താപപ്രസരണരീതികള്‍ ഇവയെക്കുറിച്ചും പ്രാഥമിക അറിവുകള്‍ രൂപപ്പെടുത്തുക എന്നതാണ് ഈ അധ്യായത്തിന്റെ ലക്ഷ്യം
പ്രധാന ആശയങ്ങള്‍
താപം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു പ്രവഹിക്കുന്നതിനെ താപപ്രേഷണം എന്നു പറയുന്നു.
തന്മാത്രകളുടെ യഥാര്‍ഥത്തിലുള്ള സ്ഥാനമാറ്റമില്ലാതെ ചൂട് ലഭിച്ച തന്മാത്രയില്‍ നിന്ന് തൊട്ടടുത്ത തന്മാത്രയിലേക്ക് താപം കൈമാറ്റം ചെയ്യപ്പെടുന്ന രീതിയാണ് ചാലനം
ചാലനം വഴി താപം നന്നായി കടത്തിവിടുന്ന വസ്തുക്കളെ സൂചാലകങ്ങളെന്നും മറ്റുള്ളവയെ കുചാലകങ്ങള്‍ എന്നും പറയുന്നു.
എല്ലാ സുചാലകങ്ങളും ഒരേ അളവിലല്ല താപം പ്രേഷണം ചെയ്യുന്നത്.
ദ്രാവകങ്ങളില്‍ താപം പ്രേഷണം ചെയ്യപ്പെടുന്നത് ചൂടുപിടിച്ച തന്മാത്രകളുടെ സഞ്ചാരം മൂലമാണ്.
തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ് സംവഹനം
വാതകങ്ങളില്‍ താപപ്രസരണം നടക്കുന്നത് സംവഹനം വഴിയാണ്.
മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിക്ക് വികിരണം എന്നു പറയുന്നു.
മിനുസമുള്ള പ്രതലം വികിരണ താപത്തെ പ്രതിപതിപ്പിക്കും.
ചലനം,സംവഹനം,വികിരണം എന്നീ രീതികളില്‍ താപപ്രേഷണം നടക്കുന്നത് തടയാന്‍ കഴിഞ്ഞാല്‍ ചൂടുള്ള വസ്തുക്കള്‍ ചൂടാറാതെയും തണുത്ത വസ്തുക്കളുടെ തണുപ്പ് നഷ്ടപ്പെടാതെയും സൂക്ഷിക്കാന്‍ കഴിയും.
താപം ലഭിക്കുമ്പോള്‍ ഖരവസ്തുക്കള്‍ വികസിക്കുന്നു. താപം നഷ്ടപ്പെടുമ്പോള്‍ അവ സങ്കോചിപ്പിക്കുന്നു.
താപം ലഭിക്കുമ്പോള്‍ ദ്രാവകങ്ങള്‍ വികസിക്കുന്നു. തണുക്കുമ്പോള്‍ സങ്കോചിക്കുന്നു.
താപ നില അളക്കാന്‍ തെര്‍മോമീറ്റര്‍ ഉപയോഗിക്കുന്നു.
സങ്കോചിക്കാനും വികസിപ്പിക്കാനുമുള്ള ദ്രാവകങ്ങളുടെ കഴിവ് പ്രയോജനപ്പെടുത്തിയാണ് തെര്‍മോമീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത്.
സുരക്ഷ ഭക്ഷണത്തിലും
ശരിയായ സംഭരണ രീതിയുടെ അഭാവം മൂലവും അശ്രദ്ധമൂലവും ലക്ഷക്കണക്കിനു ഭക്ഷ്യവസ്തുക്കളാണ് പ്രതിവര്‍ഷം നാം ഉപയോഗ ശൂന്യമാക്കിക്കൊണ്ടിരിക്കുന്നത്. അതിനാല്‍ ഭക്ഷ്യവസ്തുക്കളും മറ്റും സംഭരിക്കേണ്ടതും എങ്ങനെയെന്ന് തിരിച്ചറിഞ്ഞ് അതു നിത്യജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഓരോ കുട്ടിക്കും കഴിയണം. ഒരിക്കലും ആഹാരസാധനങ്ങള്‍ പാഴാക്കി കളയരുത്. ടിന്നിലാക്കിയതും കൃത്രിമ നിറം ചേര്‍ന്നിട്ടുള്ളതുമായ ആഹാരസാധനങ്ങള്‍ കഴിവതും ഒഴിവാക്കണം. ഭക്ഷ്യവസ്തുക്കളില്‍ സാധാരണ ചേര്‍ക്കുന്ന മായങ്ങളെ കുറിച്ചും അവ പരിശോധിച്ചറിയുന്നതിനും മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം തടയുന്നതിനും ഈ പാഠഭാഗം ലക്ഷ്യമിടുന്നു.
പ്രധാന ആശയങ്ങള്‍
ഈര്‍പ്പമുളള സാഹചര്യങ്ങളിലും ഉചിതമായ താപനിലയിലുമാണ് സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തനം നടക്കുന്നത്.
ബാക്ടീരിയ, പൂപ്പല്‍ തുടങ്ങിയവ നടത്തുന്ന വിഘടന പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് പ്രധാനമായും ഭക്ഷ്യവസ്തുക്കള്‍ ജീര്‍ണിക്കുന്നത്. കൂടിയ താപനിലയില്‍ ഒട്ടുമിക്ക സൂക്ഷ്മജീവികളും നശിച്ചുപോകും. വളരെ താഴ്ന്ന താപനിലയില്‍ സൂക്ഷ്മജീവികള്‍ പ്രവര്‍ത്തന രഹിതമാവും.
പാല്‍ 70ഛരല്‍ 30 മിനിട്ട് തിളപ്പിച്ചശേഷം വളരെപെട്ടെന്ന് തണുപ്പിച്ചെടുക്കുന്ന രീതിയാണ് പാസ്ചറൈസേഷന്‍.
വലിയ ശീതീകരണികള്‍ ഉപയോഗിച്ചാണ് വ്യാവസായികാടിസ്ഥാനത്തില്‍ മത്സ്യം, മാംസം തുടങ്ങിയവ കേടുകൂടാതെ സൂക്ഷിക്കുന്നത്.
ഭക്ഷ്യവസ്തുക്കള്‍ സംരക്ഷിക്കുന്നതിനുള്ള ആധുനിക രീതികളെലൊന്നാണ് ടിന്നിലടച്ചു സൂക്ഷിക്കല്‍.
ആഹാരവസ്തുക്കളില്‍ അവയോട് സാദൃശ്യമുള്ളതും വിലകുറഞ്ഞതും ഗുണനിലവാരം ഇല്ലാത്തതുമായ മറ്റുവസ്തുക്കള്‍ കലര്‍ത്തുന്നതാണ് മായം ചേര്‍ക്കല്‍.
? ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എടടഅക)എന്ന എമര്‍ജന്‍സിയാണ്
ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നത്.
പൊതുവിജ്ഞാനം പോയവാരം
(1) സിനിമാതാരം കമല്‍ഹാസന്‍ രൂപീകരിച്ച പുതിയ രാഷ്ട്രീയപാര്‍ട്ടി ?
(2)കേരളത്തിന്റെ ഔദ്യോഗിക ഭാഷാ പ്രതിജ്ഞയായി തിരഞ്ഞെടുത്തത് ആരുടെ വരികളായിരുന്നു ?
(3) ബ്രിട്ടിഷ് അക്കാദമി ഏര്‍പ്പെടുത്തിയ 'ബാഫ്റ്റ 'അവാര്‍ഡില്‍ മികച്ച ചിത്രത്തിനടക്കമുള്ള അഞ്ച് അവാര്‍ഡുകള്‍ നേടിയ ചിത്രം ?
(4) ഈയിടെ അന്തരിച്ച എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്ന കെ.പാനൂരിന്റെ പ്രശസ്തമായ കൃതി ?
(5) ബംഗ്ലാദേശ് സര്‍ക്കാര്‍, റോഹിംഗ്യന്‍ അഭയാര്‍ഥികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തയാറെടുപ്പുകള്‍ നടത്തുന്ന വിജനമായ ദ്വീപ്?
(6) ശരീരത്തിന്റെ പ്രതിരോധ സംവിധാനം തന്നെ കോശങ്ങളെയും കോശകലകളെയും ആക്രമിക്കുന്ന രോഗാവസ്ഥ ?
(7) ഈയിടെ അന്തരിച്ച പ്രശസ്ത ബോളിവുഡ് നടി ?
(8) ദേശീയ ശാസ്ത്ര ദിനം ?
(9) അറുപത്തിയെട്ടാമത് ബര്‍ലിന്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മികച്ച സിനിമക്കുള്ള പുരസ്‌കാരം നേടിയ റുമേനിയന്‍ ചിത്രം ?
10.കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ എഴുത്തുകാര്‍ ആരെല്ലാം ?
വിഭാഗങ്ങള്‍ :നോവല്‍, കഥ, കവിത
ഉത്തരങ്ങള്‍
(1) മക്കള്‍ നീതി മയ്യം
(2) എം.ടി വാസുദേവന്‍ നായര്‍
(3) 'ത്രീ ബില്‍ഡേഴ്‌സ് ഔട്ട് സൈഡ് എബ്ബിങ് മിസൗറി '
(4) കേരളത്തിലെ ആഫ്രിക്ക (ഇത് യുനെസ്‌കോയുടെ പുരസ്‌കാരം നേടിയിരുന്നു)
(5) ബസാന്‍ ചാന്‍ ദ്വീപ്
(6) ലൂപ്പസ് (ലൂപ്പസ് എറിത്തമറ്റോസിസ് എസ്.എല്‍.ഇ
(7) ശ്രീദേവി
(8) ഫെബ്രുവരി 28
(9) 'ടച്ച് മി നോട്ട് '
(10) നോവല്‍ ടി.ഡി. രാമകൃഷ്ണന്‍,
കഥ എസ്. ഹരീഷ്,
കവിത സാവിത്രി രാജീവന്‍
ഇന്ത്യന്‍ സംസ്ഥാനങ്ങളും
അപരനാമങ്ങളും
(11) ഓര്‍ക്കിഡുകളുടെ സ്വര്‍ഗം?
(12) ഇന്ത്യയുടെ കോഹിനൂര്‍ രത്‌നം ?
(13) ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം ?
(14) ഇന്ത്യയുടെ സുഗന്ധ വ്യഞ്ജനത്തോട്ടം ?
(15) സഞ്ചാരികളുടെ സ്വര്‍ഗം ?
(16) ഭൂമിയിലെ സ്വര്‍ഗം ?
(17) വനങ്ങളുടെ നാട് ?
(18) ഇന്ത്യയുടെ ആരോഗ്യ തലസ്ഥാനം ?
(19) ഇന്ത്യയുടെ ധാന്യപ്പുര ?
(20)ഇന്ത്യയുടെ സാംസ്‌കാരിക തലസ്ഥാനം ?
(21 ) തേയിലത്തോട്ടങ്ങളുടെ നാട് ?
(22) 'ഭാരത രത്‌നം'എന്നറിയപ്പെടുന്ന
സംസ്ഥാനം ?
(23) വെളുത്ത നഗരം ?
(24) ഇന്ത്യയുടെ പാല്‍പ്പാത്രം ?
(25) ആപ്പിള്‍ സംസ്ഥാനം ?
ഉത്തരങ്ങള്‍
(11) അരുണാചല്‍പ്രദേശ്
(12) ആന്ധ്രാപ്രദേശ്
(13) ഉത്തര്‍പ്രദേശ്
(14) കേരളം
(15)ഗോവ
(16) ജമ്മുകശ്മീര്‍
(17) ജാര്‍ഖണ്ഡ്
(18) ചെന്നൈ (തമിഴ്‌നാട് )
(19) പഞ്ചാബ്
(20) കൊല്‍ക്കത്ത (പശ്ചിമബംഗാള്‍)
(21) ആസാം
(22) മണിപ്പൂര്‍
(23) ഉദയ്പൂര്‍ (രാജസ്ഥാന്‍)
(24) ഹരിയാന
(25) ഹിമാചല്‍ പ്രദേശ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."