മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും സി.പി.ഐ
സി.പി.ഐക്കാര്‍ പൊതുവെ അക്രമകാരികളല്ലെന്നാണു ജനവിശ്വാസം. മുന്‍കാലങ്ങളില്‍ അവരങ്ങനെ കൊലകളൊന്നും നടത്തിയിരുന്നില്ല. എന്നാല്‍, അടുത്തകാലത്തായി സി.പി.ഐക്കും കൊലപാതകരോഗം ബാധിച്ചിട്ടുണ്ട്. അതിന്റെ രഹസ്യം പലര്‍ക്കുമറിയില്ലെങ്കിലും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കറിയാം. സി.പി.എമ്മുമായുള്ള കൂട്ടുകെട്ടു മൂലം പകര്‍ന്ന രോഗമാണത്. 'മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം' എന്നതാണു സി.പി.ഐക്കു സംഭവിച്ചിരിക്കുന്നതെന്നു ചെന്നിത്തല.
സംസ്ഥാനത്തു നടക്കുന്ന കൊലപാതകങ്ങളുടെ പേരില്‍ പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു നടത്തുന്ന പ്രതിഷേധത്തിന്റെ മൂന്നാംദിവസമായ ഇന്നലെ പതിവിനു വിപരീതമായി പ്രതിപക്ഷാക്രമണത്തിന്റെ കുന്തമുന നീണ്ടതു സി.പി.ഐക്കു നേരെയാണ്. ഇതു സി.പി.ഐ അംഗങ്ങളെ നന്നായി ചൊടിപ്പിക്കുകയും ചെയ്തു. സി.പി.എം പുറത്താക്കുകയും പിന്നീടു സി.പി.ഐ സ്വീകരിക്കുകയും ചെയ്ത സ്ഥിരം ക്രിമിനലുകളാണു മണ്ണാര്‍ക്കാട്ടെ യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ സഫീറിനെ വധിച്ചതെന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ എന്‍. ഷംസുദ്ദീന്‍.
സി.പി.എം പുറത്താക്കിയപ്പോള്‍ ഇവര്‍ അഭയം തേടി മുസ്‌ലിം ലീഗ് അടക്കം പല പാര്‍ട്ടികളെയും സമീപിച്ചെങ്കിലും ഈ പാര്‍ട്ടികളൊന്നും എടുത്തില്ല. സി.പി.ഐ സ്വീകരിച്ചു. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ നേരിട്ടുവന്ന് അംഗത്വം നല്‍കി. ഇവര്‍ ഗുണ്ടകളാണെന്ന് അന്നുതന്നെ മറ്റുള്ളവര്‍ മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും പാര്‍ട്ടിയില്‍ വരുന്നവരുടെ ഭൂതകാലവും ജാതകവുമൊന്നും നോക്കാനാവില്ലെന്നാണു കാനം പറഞ്ഞതെന്നു ഷംസുദ്ദീന്‍ പറഞ്ഞപ്പോള്‍ സി. ദിവാകരനു പ്രതിഷേധം. കാനത്തെക്കുറിച്ചു പറഞ്ഞതു സഭാരേഖകളില്‍ നിന്നു നീക്കം ചെയ്യണമെന്നാണു ദിവാകരന്റെ ക്രമപ്രശ്‌നം. പരിശോധിക്കാമെന്നു സ്പീക്കറുടെ മറുപടി.
അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നു സംസാരിച്ച ചെന്നിത്തലയും സി.പി.ഐയെ രൂക്ഷമായാണു വിമര്‍ശിച്ചത്. മണ്ണാര്‍ക്കാട്ടു മാത്രം ഒതുങ്ങുന്നില്ല സി.പി.ഐയുടെ അക്രമമെന്നു ചെന്നിത്തല. പുനലൂരില്‍ സുഗതനെന്ന മുന്‍ പ്രവാസിയെ ഐ.ഐ.വൈ.എഫുകാര്‍ കൊടികുത്തി മരണത്തിലേക്കു തള്ളിവിട്ടു. സി.പി.ഐ കൂടി കൊലക്കത്തിരാഷ്ട്രീയം തുടങ്ങിയതോടെ കൊല ഒരു കലയായി വളര്‍ത്തിയവര്‍ കേരളം ഭരിക്കുന്നുവെന്ന അവസ്ഥ വന്നു. പാര്‍ട്ടിയില്‍ ആളിെല്ലങ്കില്‍ ഗുണ്ടകളെയും സാമൂഹ്യവിരുദ്ധരെയും ചേര്‍ത്ത് അംഗസംഖ്യ കൂട്ടുന്നതു ശരിയല്ലെന്നു ചെന്നിത്തല പറഞ്ഞപ്പോള്‍ പ്രതിഷേധവുമായി മന്ത്രി വി.എസ് സുനില്‍കുമാര്‍ എഴുന്നേറ്റു. ഈ കൊലയെ സി.പി.ഐ അംഗീകരിക്കുന്നില്ലെന്നും അപലപിക്കുന്നുവെന്നും സുനില്‍കുമാര്‍ പറഞ്ഞപ്പോള്‍, എങ്കില്‍ പിന്നെ കാനത്തോടും ഒന്ന് അപലപിക്കാന്‍ പറയൂവെന്നു ചെന്നിത്തലയുടെ ഉപദേശം.
യു.ഡി.എഫ് അംഗങ്ങള്‍ ബഹളം വച്ചു സഭയുടെ നടുത്തളത്തിലേയ്ക്കു നീങ്ങിയപ്പോള്‍, മുഖ്യശത്രുവായ സി.പി.ഐക്കെതിരേ ശബ്ദമുയര്‍ത്തുന്ന പഴയ മിത്രങ്ങള്‍ക്കൊപ്പം നിന്നേക്കാമെന്നു കെ.എം മാണിക്കൊരു തോന്നല്‍. മാണി എഴുന്നേറ്റുനിന്നു സി.പി.ഐയെ പേരെടുത്തു പറയാതെ ചുരുങ്ങിയ വാക്കുകളില്‍ കൊലപാതകരാഷ്ട്രീയത്തെ അപലപിച്ച ശേഷം ഇറങ്ങിപ്പോക്കു പ്രഖ്യാപിച്ചു. പിറകെ കേരള കോണ്‍ഗ്രസ്(എം) അംഗങ്ങളും ഇറങ്ങിപ്പോയി.
പിന്നീടു സംസാരിച്ച ഒ. രാജഗോപാല്‍ രാഷ്ട്രീയകൊലപാതകങ്ങളെക്കുറിച്ചു കാര്യമായൊന്നും പറഞ്ഞില്ല. കമ്യൂണിറ്റി കിച്ചണ്‍, അന്ത്യോദയ അന്നയോജന പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കിയിരുന്നെങ്കില്‍ അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊലചെയ്യപ്പെടുന്ന അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നു പറഞ്ഞ് അദ്ദേഹവും ഇറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."