നടിയെ ആക്രമിച്ച കേസില്‍ വിചാരണ 14ന് ആരംഭിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ 14ന് ആരംഭിക്കും. കേസിലെ 14 പ്രതികള്‍ക്കും സമന്‍സ് അയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു. ഈ മാസം 14ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാകാനാണ് സമന്‍സില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദിലീപ് ഉള്‍പ്പെടെയുള്ള എല്ലാ പ്രതികളും ഹാജരാകണം.
കേസില്‍ നടന് ദിലീപിനെ എട്ടാംപ്രതിയാക്കി അന്വേഷണ സംഘം അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 1542 പേജുള്ള കുറ്റപത്രത്തില്‍ ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജുവാര്യര്‍ ഉള്‍പ്പെടെ 355 സാക്ഷികളാണുള്ളത്. ഇതില്‍ അന്‍പതോളം പേര് സിനിമാ മേഖലയില്‍നിന്നുള്ളവരാണ്. മൊബൈല്‍ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ ആകെ 400 രേഖകളും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിരുന്നു.
ഒന്നാം പ്രതിയായ സുനിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17നാണു നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അശ്ലീലചിത്രങ്ങല് പകര്‍ത്തിയ സംഭവം നടന്നത്. ഒന്നു മുതല്‍ ഏഴു വരെയുള്ള പ്രതികളെ ഉള്‍പ്പെടുത്തി ഏപ്രില്‍ 18ന് ആദ്യകുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."