പാറ്റൂരില്‍ ഭൂമി കൈയേറിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം
തിരുവനന്തപുരം: സ്വകാര്യ ഫ്‌ളാറ്റുകാര്‍ പാറ്റൂരിലെ റവന്യൂഭൂമി കൈയേറിയിട്ടുണ്ടെന്ന് സര്‍ക്കാര്‍.
വാട്ടര്‍ അതോറിറ്റിയുടെയും റവന്യൂ വകുപ്പിന്റെയും ഭൂമി ഫ്‌ളാറ്റുടമസ്ഥര്‍ കൈയേറിയത് വ്യക്തമാക്കി ഗവണ്‍മെന്റ് പ്ലീഡര്‍ ലോകായുക്തയില്‍ സത്യവാങ്മൂലം നല്‍കി. ഭൂമി കൈയേറിയിട്ടില്ലെന്ന മുന്‍ നിലപാടില്‍ നിന്നും മലക്കം മറിഞ്ഞാണ് സര്‍ക്കാരിന്റെ പുതിയ സത്യവാങ്മൂലം.
പാറ്റൂര്‍ തര്‍ക്കഭൂമിയിലെ 10ഉം 11ഉം എതിര്‍കക്ഷികളുടെ സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കൈയ്യേറ്റം ഒഴിപ്പിച്ച് തിരിച്ചെടുക്കാന്‍ ഉത്തരവിടണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഇവരില്‍ നിന്ന് രേഖകളുടെ അടിസ്ഥാനത്തില്‍ കൈയ്യേറ്റഭൂമി അളന്ന് തിട്ടപ്പെടുത്തി സര്‍ക്കാരിലേക്ക് തിരിച്ചെടുക്കാനും ശുപാര്‍ശയുണ്ട്.
പാറ്റൂരില്‍ 33.27 സെന്റ് സര്‍ക്കാര്‍ ഭൂമി സ്വകാര്യ ഫ്‌ളാറ്റുടമകള്‍ കൈയേറിയെന്ന് സ്ഥിരീകരിച്ചാണ് സത്യവാങ്മൂലം നല്‍കിയത്. ആകെയുള്ള 152.5 സെന്റ് ഭൂമിയില്‍ 121 സെന്റിന്റെ ഭാഗപത്രപ്രകാരമുള്ള പ്രമാണ രേഖകളാണ് ഫ്‌ളാറ്റുടമകള്‍ ഹാജരാക്കിയത്. രാജഗോപാല്‍-34 സെന്റ്, ജയദേവകുമാര്‍- 28.5 സെന്റ്, അനില്‍കുമാര്‍-28.5 സെന്റ് എന്നിവരുടെ ഭൂമിയുടെ രേഖകള്‍ ഹാജരാക്കി.
എന്നാല്‍ ബാക്കി 32 സെന്റിന്റെ പ്രമാണ രേഖകള്‍ ഹാജരാക്കാന്‍ ഉടമസ്ഥര്‍ക്ക് കഴിഞ്ഞില്ല. അഡ്വക്കറ്റ് കമ്മിഷന്റെ നിര്‍ദേശമനുസരിച്ച് 12.279 സെന്റ് പുറമ്പോക്ക് ഭൂമി സര്‍ക്കാര്‍ നേരത്തെ ഏറ്റെടുത്തിരുന്നു.
കമ്മിഷന്‍ ചൂണ്ടിക്കാണിച്ച 4.323 സെന്റ് കൂടി ഏറ്റെടുക്കാനുണ്ട്. ഇതിനുപുറമേ അനധികൃതമായി കൈവശം വച്ചിരിക്കുന്ന 16.63 സെന്റ് സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കണം.
മുന്‍സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരെ ഏറെ വിവാദത്തിലാക്കിയ സംഭവമായിരുന്നു പാറ്റൂരിലെ ഫ്‌ളാറ്റ് നിര്‍മാണം. വ്യാജമായി ചമച്ച ആധാരം ഉപയോഗിച്ചാണ് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ ഭൂമി കൈയേറിയതെന്നും റവന്യൂ വകുപ്പിന്റെയും വാട്ടര്‍ അതോറിറ്റിയുടെയും സ്ഥലമാണ് കൈയേറിയതെന്നും പുതിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
കൈയേറ്റം നടന്നെന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതോടെ ഉമ്മന്‍ചാണ്ടി, അടൂര്‍ പ്രകാശ്, മുന്‍ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷന്‍, എന്നിവരെ കേന്ദ്രീകരിച്ചുള്ള പാറ്റൂര്‍ ഭൂമി വിവാദം വീണ്ടും സജീവമാകും.
തര്‍ക്കഭൂമി സംബന്ധിച്ച ഒറിജിനല്‍ റവന്യൂ രേഖകള്‍ ബി.ടി.ആര്‍ രജിസ്റ്റര്‍, പുറമ്പോക്ക് രജിസ്റ്റര്‍, ലാന്റ് അക്വസിഷന്‍ സ്‌കെച്ച്, ലിത്തോമാപ്പ് എന്നിവ കോടതിയുടെ കൈവശമുണ്ട്. മാര്‍ച്ച് ആറിന് സര്‍വേ സൂപ്രണ്ടിനെ വിസ്തരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."