രാജ്യംവിട്ട സാമ്പത്തിക തട്ടിപ്പുകാരുടെ സ്വത്ത് കണ്ടുകെട്ടാന്‍ നിയമം വരുന്നു
ന്യൂഡല്‍ഹി: സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തി രാജ്യം വിട്ടവരുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമത്തിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. 100 കോടിക്ക് മുകളില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്നവര്‍ക്കുമേല്‍ ഈ നിയമം ചുമത്താമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.
രാജ്യം വിടുന്നവരുടെ ബിനാമി സ്വത്തുക്കളും അവരുടെ വിദേശ രാജ്യങ്ങളിലുള്ള സ്വത്തുക്കളും കണ്ടുകെട്ടാനും നിയമം സര്‍ക്കാരിനെ അനുവദിക്കും. എന്നാല്‍ വിദേശത്തെ സ്വത്തുവകകള്‍ കണ്ടുകെട്ടണമെങ്കില്‍ ആ രാജ്യത്തിന്റെ സഹകരണവും വേണം. നിയമത്തില്‍ പ്രതികള്‍ക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാനും ഹൈക്കോടതിയില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനെതിരേ ഹരജി നല്‍കാനും നിയമത്തില്‍ അവസരം നല്‍കുന്നുണ്ട്. വിജയ്മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി തുടങ്ങിയ വന്‍സാമ്പത്തിക തട്ടിപ്പുകാര്‍ രാജ്യം വിട്ടതിനെ തുടര്‍ന്നാണ് കേന്ദ്രം പുതിയ നിയമവുമായി രംഗത്തുവരുന്നത്. തട്ടിപ്പുകാരെ രാജ്യത്ത് എത്തിക്കാനുള്ള സംവിധാനവും നിയമം അനുശാസിക്കുന്നുണ്ട്.
ദേശീയ സാമ്പത്തിക റിപ്പോര്‍ട്ടിങ് അതോറിറ്റിയുടെ രൂപീകരണത്തിനും മന്ത്രിസഭ അനുമതി നല്‍കിയതായി ജെയ്റ്റ്‌ലി പറഞ്ഞു. ഇത് സ്വതന്ത്ര ഓഡിറ്റിങ് അതോറിറ്റിയായിരിക്കുമെന്നും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരും അവരുടെ സ്ഥാപനങ്ങളും ഇതിന്റെ അധികാര പരിധിയില്‍ വരുമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."