ഭീകരതക്കും തീവ്രവാദത്തിനുമെതിരായ പോരാട്ടം ഒരുമതത്തിനും എതിരല്ല: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഭീകരതക്കും തീവ്രവാദത്തിനും എതിരായ പോരാട്ടം ഒരുമതത്തിന് എതിരല്ലെന്നും എന്നാല്‍ അത് തെറ്റായവഴി തെരഞ്ഞെടുത്ത യുവാക്കളുടെ മനസിനെതിരേ മാത്രമാണെന്നും നരേന്ദ്രമോദി പറഞ്ഞു.
ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ ഇസ്‌ലാമിക സംസ്‌കാരവും സഹവര്‍തിത്വത്തിന്റെ മാതൃകയും എന്ന വിഷയത്തില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
എല്ലാ മതങ്ങളും മാനുഷികമൂല്യത്തെ പ്രോല്‍സാഹിപ്പിക്കുന്നു. യുവാക്കള്‍ ഇസ്‌ലാമിന്റെ മാനുഷികമൂല്യങ്ങള്‍ക്കൊപ്പം നിലകൊള്ളണം.
അവര്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുകയും വേണം. ഒരുകൈയില്‍ മുസ്‌ലിംകള്‍ ഖുര്‍ആനും മറുകൈയ്യില്‍ കംപ്യൂട്ടറും പിടിക്കണമെന്നും മോദി പറഞ്ഞു. മതത്തിന്റെ പേരിലുള്ള ആക്രമണങ്ങള്‍ മതത്തിനെതിരായ ആക്രമണങ്ങളാണെന്ന് ജോര്‍ദ്ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനും അഭിപ്രായപ്പെട്ടു.
മതത്തിന്റെ പേരില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവരെ തിരിച്ചറിയണമെന്നും അവരെ മാറ്റിനിര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ ഇസ്്‌ലാമിനെ സൂഫിസവുമായി താരതമ്യപ്പെടുത്തുന്നത് രാജ്യത്തെ മുസ്‌ലിംകളെ വിഭജിക്കലാണെന്നും 2016ല്‍ ഡല്‍ഹിയില്‍ സംഘ്പരിവാര്‍ സംഘടിപ്പിച്ച സൂഫിസമ്മേളനത്തെ ചൂണ്ടിക്കാട്ടി പ്രൊഫ. അലിഖാന്‍ മഹ്ബൂദാബാദ് പറഞ്ഞു.
ബി.ജെ.പിക്കും ആര്‍.എസ്.എസിനും സീകാര്യമായ ഇസ്‌ലാമിക രീതിയെന്നത് മുസ്‌ലിംകള്‍ക്കിടയില്‍ കൂടുതല്‍ ഛിദ്രതയ്ക്കു കാരണമാകും.
സൂഫികള്‍ എപ്പോഴും അധികാരത്തില്‍ നിന്ന് അകന്ന് കഴിയുകയാണ് ചെയ്തത്. സ്വേച്ഛാധിപതികളെ ചോദ്യം ചെയ്ത ചരിത്രമാണ് അവരുടേതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
സമ്മേളനത്തില്‍ സംസാരിച്ച മൗലാനാ ആസാദ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ അക്തറുല്‍ വാസിയും ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് നേതാവ് മൗലാനാ മഹ്മൂദ് മദനിയും സര്‍ക്കാര്‍ താല്‍പര്യത്തിന് സൂഫിധാരയെ പ്രോല്‍സാഹിപ്പിക്കുന്ന ശൈലിയെ വിമര്‍ശിച്ചു.
സലഫീ സംഘടനയായ അഹ്്‌ലേ ഹദീസ് നേതാവ് മൗലാനാ അസ്ഗര്‍ അലി, പ്രമുഖ ശീഈ പണ്ഡിതന്‍ കല്‍ബേ സാദിഖ്, കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.
തുടര്‍ന്നു ദേശീയസുരക്ഷാ ഉപദേഷ്ടാവ് വിളിച്ച പ്രത്യേകയോഗത്തിലും കാന്തപുരം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."