കലഹം മൂത്ത് പിരിച്ചു വിടുന്ന മൂന്നാമത്തെ സംഘടനയായി ഒളിംപിക് അസോസിയേഷന്‍
ആലപ്പുഴ: അഭ്യന്തര കലഹം മൂത്ത് കേരളത്തില്‍ പിരിച്ചുവിടുന്ന മൂന്നാമത്തെ അസോസിയഷനാണ് കേരള ഒളിംപിക് അസോസിയേഷന്‍. അംഗങ്ങളില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയ ഒളിംപിക് അസോസിയേഷന്‍ സംസ്ഥാന അസോസിയേഷനെ പിരിച്ചുവിടാന്‍ നിര്‍ബന്ധിതമായതെന്ന് അസോസിയേഷനിലെ തന്നെ പരാതിക്കരാനായ വ്യക്തി പറഞ്ഞു. നേരത്തെ സംസ്ഥാന കനോയിങ് ആന്‍ഡ് കയാക്കിങ് അസോസിയേഷന്‍,സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ എന്നിവയെ പിരിച്ചുവിട്ടിരുന്നു. തത്സ്ഥാനത്ത് ഇപ്പോള്‍ താത്കാലിക സമിതികളാണ് ഭരണം നടത്തുന്നത്. വന്‍ സാമ്പത്തിക ക്രമക്കേടുകളും കണക്കുകളും റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കാതെ പതിറ്റാണ്ടുകള്‍ അസോസിയേഷനുകള്‍ കൈപിടിയിലൊതുക്കി ഭരണം നടത്തുന്ന സമിതികള്‍ക്ക് നേരെയാണ് ദേശീയ നേതൃത്വം കടുത്ത പ്രയോഗം നടത്തിയത്. മുപ്പത്തിയാറാമത് ദേശീയ ഗെയിംസ് 2018 നവംബര്‍ നാല് മുതല്‍ 16 വരെ ഗോവയില്‍ നടക്കാനിരിക്കെയാണ് ശുദ്ധികലശത്തിന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ തുടക്കമിട്ടത്. ദേശീയ ഗെയിംസിന് മുന്‍പ് സംസ്ഥാന അസോസിയേഷനുകളെ ക്രമപ്പെടുത്തുകയെന്നതാണ് ലക്ഷ്യം. മറിച്ചാണെങ്കില്‍ കേരളത്തില്‍ നിന്ന് വിവിധ കായിക ഇനങ്ങളില്‍ മത്സരിക്കുന്ന താരങ്ങളുടെ സ്ഥിതി പരുങ്ങലിലാകും.
സംസ്ഥാന ഒളിംപിക് അസോസിയേഷനിലും തുടര്‍ ഭരണമാണ് മുറുമുറുപ്പിന് ഇടയാക്കിയത്. സാമ്പത്തിക കാര്യങ്ങളും പരിശോധിക്കണമെന്ന നിലപാടിലാണ് പരാതിക്കാരായ അംഗങ്ങള്‍. ഇത് കൂടുതല്‍ പ്രതിസന്ധി തീര്‍ക്കുമെന്നാണ് സൂചന. 2017ല്‍ കാലാവധി പൂര്‍ത്തിയാക്കിയ അസോസിയേഷന്‍ കലഹത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടത്താതെ മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് ഭാരവാഹികള്‍ക്കെതിരേ പരാതിപ്പെടാന്‍ അംഗങ്ങള്‍ തീരുമാനിച്ചത്. നിലവില്‍ ഒരു പതിറ്റാണ്ടിന് ശേഷവും പ്രസിഡന്റായി അബ്ദുല്‍ റഹ്മാനും സെക്രട്ടറിയായി പി.എ ഹംസയും വൈസ് പ്രസിഡന്റായി ശ്രീകുമാര കുറുപ്പും ജോ. സെക്രട്ടറിയായി ഡി വിജയ കുമാറും തുടരുന്നതിനെതിരേ അംഗങ്ങളില്‍ പരക്കെ അതൃപ്തി ഉളവായിരുന്നു. ഇതില്‍ വിജയ കുമാര്‍ തുഴച്ചില്‍ മത്സരങ്ങളിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നേരിടുന്ന വ്യക്തിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."