സംസ്ഥാന കോളജ് ഗെയിംസ് ആദ്യ ദിനത്തില്‍ ക്രൈസ്റ്റും അസംപ്ഷനും
കോഴിക്കോട്: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ പത്താമത് സംസ്ഥാന കോളജ് ഗെയിംസിന് കോഴിക്കോട് തുടക്കം. എട്ട് കോര്‍ട്ടുകളിലായി നടക്കുന്ന ഗെയിംസില്‍ രണ്ടായിരത്തോളം വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, ഖൊഖൊ, ജൂഡോ ഇനങ്ങളില്‍ മൂന്ന് ദിനങ്ങളിലായാണ് ചാംപ്യന്‍ഷിപ്പ്.
അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ ഇന്നലെ രാവിലെ ഏഴിന് നടന്ന ദീര്‍ഘദൂര ഓട്ട, നടത്ത മത്സരങ്ങളോടെ മെഡിക്കല്‍കോളജ് ഒളിംപ്യന്‍ റഹ്മാന്‍ സിന്തറ്റിക് ട്രാക്കില്‍ തുടക്കമായി. വി.കെ കൃഷ്ണ മേനോന്‍ ഇന്‍ഡോര്‍സ്റ്റേഡിയത്തില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ ഗെയിംസിന്റെ പതാക ഉയര്‍ത്തി. ഇന്ന് രാവിലെ 8.30ന് ഇതേ വേദിയില്‍ നടക്കുന്ന ചടങ്ങില്‍ കായിക മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങിന്റെ ഭാഗമായ മാര്‍ച്ച് പാസ്റ്റില്‍ മുഴുവന്‍ കായിക താരങ്ങളും അണിനിരക്കും.
വനിതാ വിഭാഗത്തില്‍ ആദ്യ ദിനത്തില്‍ ഒന്‍പത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും ഒരുവെങ്കലവുമടക്കം 46പോയിന്റുമായി അസംപ്ഷന്‍ കോളജ് ചങ്ങനാശ്ശേരി മുന്നേറ്റം തുടരുന്നു. രണ്ട് സ്വര്‍ണവുംരണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം 44 പോയിന്റുമായി പാല അല്‍ഫോന്‍സ കോളജാണ് രണ്ടാമത്. 23 പോയന്റുമായി കോതമംഗലം എം.എ കോളജ് മൂന്നാമത് തുടരുന്നു. പുരുഷ വിഭാഗത്തില്‍ ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് രണ്ട് വീതം സ്വര്‍ണവും വെള്ളിയുമടക്കം 29പോയിന്റുമായി ഒന്നാമതെത്തി. 27പോയിന്റുമായി എം.എ കോളജ് കോതമംഗലമാണ് രണ്ടാംസ്ഥാനത്ത്. 16പോയന്റുമായി എസ് ബി കോളജ് ചങ്ങനാശ്ശേരി മൂന്നാമതെത്തി.
ഗ്ലാമര്‍ ഇനമായ 100 മീറ്ററില്‍ സ്വര്‍ണം നേടി കെ.പി അശ്വിനും രമ്യ രാജനും മീറ്റിലെ വേഗ താരങ്ങളായി. പുരുഷ വിഭാഗത്തില്‍ 100 മീറ്ററില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ കെ.പി അശ്വിന്‍ (10.48 സെക്കന്റ്) സ്വര്‍ണം, ചങ്ങനാശേരി എസ്.ബി കോളജിലെ എസ്. ലിഖിന്‍ (10.96) വെള്ളി, ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ ടി.മിഥുന്‍ (11.07 സെക്കന്റ്) വെങ്കലം നേടി. വനിതാ വിഭാഗത്തില്‍ പാല അന്‍ഫോന്‍സ് കോളജിലെ രമ്യ രാജന്‍ (12.18 സെക്കന്‍ഡ്) സ്വര്‍ണവും, എന്‍. എസ് സിമി (12.21)വെള്ളിയും, കാലിക്കറ്റ് സര്‍വകലാശാലയിലെ യു.വി ശ്രുതി രാജ് വെങ്കലവും (12.36)നേടി.
ഇന്നലെ പിറന്നത് രണ്ട് മീറ്റ് റെക്കോര്‍ഡുകള്‍
മെഡിക്കല്‍ കോളജ് ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ നടന്ന അത്‌ലറ്റിക് മീറ്റില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒമ്പതും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഏഴും ഫൈനല്‍ മത്സരങ്ങള്‍ നടന്നപ്പോള്‍ രണ്ട് മീറ്റ് റെക്കോര്‍ഡുകള്‍ ട്രാക്കില്‍ പിറന്നു. ആദ്യ മത്സര ഇനമായ 10000 മീറ്റര്‍ വനിതാ വിഭാഗത്തിലും, പുരുഷ വിഭാഗം പോള്‍ വാള്‍ട്ടിലുമാണ് റെക്കോര്‍ഡുകള്‍ പിറന്നത്.
10000 മീറ്ററില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജിലെ യു നീതു മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 2015ല്‍ പാലക്കാട് മേഴ്‌സി കോളജിലെ എം.ഡി താര (38.8.68) സ്ഥാപിച്ച റെക്കോര്‍ഡാണ് (37.43.40) നീതു തകര്‍ത്തത്. താര എം.ഡി (39.5.10) വെള്ളി നേടി.
ഈയിനത്തില്‍ പാല അല്‍ഫോന്‍സ കോളജിലെ അനു മരിയ സണ്ണി (39.44.30 സെക്കന്‍ഡ്) വെങ്കലം നേടി.
ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ 2003 കോളജ് ഗെയിംസില്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍ കോളജിലെ കെ.പി ബിവിന്റെ (4.48 മീറ്റര്‍) റെക്കോര്‍ഡാണ് ഇത്തവണ മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജിലെ കെ.ജെ ജെസ്സന്‍ (4.60മീറ്റര്‍) തകര്‍ത്തത്.
ഈയിനത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഗോഡ്‌വിന്‍ ഡാമിയന്‍ (3.80 മീറ്റര്‍) വെള്ളിയും, കോതമംഗലം എം.എ കോളജിലെ കെവിന്‍ ആന്റണി (3.80 മീറ്റര്‍) വെങ്കലവും നേടി.
ഏഴ് ഇനങ്ങളുടെ ഫൈനല്‍ ഇന്ന്
കോളജ് ഗെയിംസിന്റെ രണ്ടാം ദിനമായ ഇന്ന് അത്‌ലറ്റിക്‌സില്‍ ഏഴ് ഇനങ്ങളുടെ ഫൈനല്‍ നടക്കും. പുരുഷ വിഭാഗം ഡിസ്‌ക്കസ് ത്രോ ഉച്ചയ്ക്ക് ശേഷം മൂന്നിന് നടക്കും. ഹൈ ജംപ്, 800 മീറ്റര്‍ ഓട്ടം, 4- 400 റിലേ എന്നിവയും നടക്കും. വനിതാ വിഭാഗത്തില്‍ ട്രിപ്പിള്‍ ജംപ്, 800 മീറ്റര്‍ ഓട്ടം, 4-400 റിലേ എന്നിവയും നടക്കും.
400 മീറ്റര്‍ വനിതാ വിഭാഗത്തില്‍ പാല അന്‍ഫോന്‍സ കോളജിലെ ജെറിന്‍ ജോസഫ് (55.13 സെക്കന്‍ഡ്)സ്വര്‍ണവും, ചങ്ങനാശേരി അസംപ്ഷന്‍ കോളജിലെ വി.കെ വിസ്മയ (55.38) വെള്ളിയും, കൊല്ലം എസ്.എന്‍ കോളജിലെ പി.ഒ സയന (56.35) വെങ്കലവും നേടി. വനിതാ വിഭാഗം 1500 മീറ്ററില്‍ പി.ആര്‍ അലീഷ (4.41.17 സെക്കന്‍ഡ്- അസംപ്ഷന്‍ കോളജ് ചങ്ങനാശേരി) സ്വര്‍ണവും, സി.ബബിത (എം.ഇ.എസ് കല്ലടി കോളജ് മണ്ണാര്‍ക്കാട്) വെള്ളിയും, ആതിര ശശി (അല്‍ഫോന്‍സ കോളജ് പാല) വെങ്കലവും നേടി. വനിത ലോങ് ജംപില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ കെ അക്ഷയ (5.77 മീറ്റര്‍)സ്വര്‍ണവും, തൃശൂര്‍ വിമല കോളജിലെ എല്‍ ശ്രുതി ലക്ഷ്മി (5.69 മീറ്റര്‍) വെള്ളിയും, പാല അന്‍ഫോന്‍സ കോളജിലെ രേഷ്മ ബാബു (5.62 മീറ്റര്‍) വെങ്കലവും നേടി. വനിതാ ഹൈ ജംപില്‍ കോതമംഗലം എം.എ കോളജിലെ അശ്വതി ശാജന്‍ (1.63 മീറ്റര്‍) സ്വര്‍ണവും, പാല അന്‍ഫോന്‍സ കോളജിലെ ആതിര സോമരാജ് (1.63 മീറ്റര്‍), അഞ്ജു ബാബു (1.60 മീറ്റര്‍) യഥാക്രമം വെള്ളിയും വെങ്കലവും നേടി. വനിത ഷോട്പുട്ടില്‍ കോതമംഗലം എം.എ കോളജിലെ നെല്‍സ മോള്‍ പി സജി (12.08 മീറ്റര്‍) സ്വര്‍ണവും, സുജി എസ് റാണി (10.91 മീറ്റര്‍) വെള്ളിയും നേടി. ഈയിനത്തില്‍ പാലക്കാട് മേഴ്‌സി കോളജിലെ ഡോണ ജോയ് (9.95 മീറ്റര്‍) വെങ്കലം നേടി. വനിതാ ഡിസ്‌കസ് ത്രോയില്‍ നിഖില മനോഹര്‍ (36.23 മീറ്റര്‍- അസംപ്ഷന്‍ കോളജ് ചങ്ങനാശേരി) സ്വര്‍ണം, സോഫിയ എം ഷാജു (34.29 മീറ്റര്‍- പാലക്കാട് മേഴ്‌സി കോളജ്) വെള്ളി, റീമനാഥ് (33.61 മീറ്റര്‍- കാലിക്കറ്റ് യൂനിവേഴ്‌സിറ്റി) വെങ്കലവും നേടി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ രജന (39.19 മീറ്റര്‍), ചങ്ങനാശേരി അസംപ്ഷന്‍ കോളജിലെ ഗോപിക നാരായണന്‍ (36.60 മീറ്റര്‍), ഷാനി ഷാജി (35.31 മീറ്റര്‍) എന്നിവര്‍ യഥാക്രമം വനിതാ വിഭാഗം ജാവലിന്‍ ത്രോ മത്സരത്തില്‍ സ്വര്‍ണം, വെള്ളി, വെങ്കലം നേടി.
400 മീറ്ററില്‍ ചങ്ങനാശേരി എസ്.ബി കോളജിലെ എന്‍.എസ് അഫ്‌സല്‍ (49.17 സെക്കന്‍ഡ്) സ്വര്‍ണം, കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലെ എന്‍.എച്ച് ഫായിസ് (49.36 സെക്കന്‍ഡ്) വെള്ളി, ചെമ്പഴന്തി എസ്.എന്‍ കോളജിലെ അമീഷ് മോഹന്‍ (49.43 സെക്കന്‍ഡ്) വെങ്കലവും നേടി. 1500 മീറ്ററില്‍ പി.ആര്‍ രാഹുല്‍ (4.26.41 സെക്കന്‍ഡ്- മണ്ണാംപറ്റ ശ്രീകൃഷ്ണപുരം വി.ടി.ബി കോളജ്) സ്വര്‍ണം, ദീപു ആന്റണി (4.26.85- എം.എ കോളജ് കോതമംഗലം) വെള്ളി, സി.വി സുഗന്ദ് കുമാര്‍ (4.32.98- മണ്ണമ്പറ്റ ശ്രീകൃഷ്ണപുരം വി.ടി.ബി കോളജ്) വെങ്കലവും നേടി. പുരുഷ വിഭാഗം 10000 മീറ്ററില്‍ കോതമംഗലം എം.എ കോളജിലെ ഷെറിന്‍ ജോസ് സ്വര്‍ണം (33.14.10 സെക്കന്‍ഡ്), ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജെ ബിജയ് വെള്ളി (34.26.50), കോതമംഗലം എം.എ കോളജിലെ ടിബിന്‍ ജോസഫ് വെങ്കലം (35.7.50) നേടി. പുരുഷ വിഭാഗം ലോംങ് ജംപില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഗിഫ്റ്റ് ഗോഡ്‌സണ്‍ (6.99 മീറ്റര്‍) സ്വര്‍ണം, എറണാകുളം സെന്റ് ആല്‍ബര്‍ട് കോളജിലെ ടി.വി അഖില്‍ (6.92) വെള്ളി, ചങ്ങനാശേരി എസ്.ബി കോളജിലെ സേതു എസ് നായര്‍ (6.90 മീറ്റര്‍) വെങ്കലവും നേടി. പുരുഷ വിഭാഗം ഹാമര്‍ ത്രോയില്‍ രാഹുല്‍ സുഭാഷ് (46.94 മീറ്റര്‍- ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്), ജെസ്റ്റിന്‍ ജൈന്‍ (43.95 മീറ്റര്‍- കോതമംഗലം എം.എ കോളജ്), എസ്.പ്രിന്‍സ് (41.29 മീറ്റര്‍- കേരള യൂനിവേഴ്‌സിറ്റി) എന്നിവര്‍ യഥാക്രമം സ്വര്‍ണം, വെള്ളി, വെങ്കലം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."