ജീവനു വേണ്ടി യാചിക്കുന്ന സിറിയന്‍ കുഞ്ഞുങ്ങള്‍
കരള്‍പിളരും കാഴ്ചകളാണ് ഓരോ ദിവസവും സിറിയ ലോകത്തിനു നല്‍കിക്കൊണ്ടിരിക്കുന്നത്. ജീവന് ഒരുറപ്പുമില്ലാതെ സിറിയന്‍ ജനത മരണത്തിന്റെയും ജീവിതത്തിന്റെയും നൂല്‍പ്പാലത്തിലൂടെയാണു ദിവസവും കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ചോരയൊലിക്കുന്ന മുഖവുമായി പിഞ്ചുകുഞ്ഞുങ്ങള്‍ തെരുവിലൂടെ വാവിട്ടു കരഞ്ഞ് അഭയത്തിനായി ഓടുന്ന കാഴ്ച ഹൃദയഭേദകമാണ്.
സോഷ്യല്‍ മീഡിയയിലെ രോഷപ്രകടനങ്ങള്‍ക്കപ്പുറം തീവര്‍ഷമേറ്റുകൊണ്ടിരിക്കുന്ന സിറിയയെ കരകയറ്റാനും നിസ്സഹായരായ ജനതയെ രക്ഷിക്കുവാനും ഒരു ചലനവും എവിടെയും കാണുന്നില്ല.
സ്വന്തം ജനതയെ ഇത്ര നിഷ്ഠൂരമായി കൊന്നുകൊണ്ടിരിക്കുന്ന സിറിയന്‍ ഏകാധിപതി ബശാറുല്‍ അസദ് ആധുനിക ഫറോവയാണ്.
കളിച്ചും രസിച്ചും നടന്ന പിഞ്ചുമക്കള്‍ തെരുവോരങ്ങളില്‍ രക്ഷിതാക്കള്‍ നഷ്ടപ്പെട്ടു മുറിവേറ്റ ശരീരവുമായി അലയുന്നതു ഹൃദയം കല്ലായിമാറാത്തവര്‍ക്കു മാത്രമേ കണ്ണീരോടെയല്ലാതെ കാണാനാകൂ.
വെടിമരുന്നിന്റെയും മനുഷ്യരുടെ പച്ചമാംസം കത്തിയെരിയുന്നതിന്റെയും രൂക്ഷഗന്ധത്താല്‍ നിറഞ്ഞിരിക്കുന്നു ഇന്നത്തെ സിറിയ. 'ഭൂമിയിലെ നരക'മെന്ന വിശേഷണം സിറിയയ്ക്കു നല്‍കിയ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിനുപോലും സിറിയന്‍ജനതയെ ചുട്ടുകൊല്ലുന്ന ബശ്ശറുല്‍ അസദിനെ നിലയ്ക്കു നിര്‍ത്താന്‍ ലോകരാഷ്ട്രങ്ങളെ പ്രേരിപ്പിക്കാനാകുന്നില്ല.
കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ സിറിയയിലെ ഗൗഥയില്‍ സ്ത്രീകളും കുട്ടികളുമടക്കം അറുനൂറിലേറെപ്പേരെയാണു സൈന്യം കത്തിച്ചുകളഞ്ഞത്. വിമതരെയും ഐ.എസിനെയും തകര്‍ക്കാനെന്ന പേരില്‍ നടത്തിക്കൊണ്ടിരിക്കുന്ന രാസായുധാക്രമണങ്ങളില്‍ ഒരൊറ്റ ഐ.എസുകാരന്‍ പോലും കൊല്ലപ്പെട്ടിട്ടില്ല.
അസദിനെ സഹായിക്കുവാന്‍ റഷ്യ സര്‍വായുധ സഹായവുമായി അരികിലുണ്ട്. അതാണ് അസദിന്റെ ധൈര്യം. ഷിയാ വിഭാഗക്കാരനായ അസദിനെ അതിന്റെ പേരില്‍ ഇറാന്‍ സഹായിക്കുന്നു. മുസ്‌ലിംകള്‍ക്കു നേരേ നടക്കുന്ന ഈ ആക്രമണങ്ങള്‍ക്കു സാമ്രാജ്യം അകമഴിഞ്ഞ പിന്തുണ നല്‍കുന്നു.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെ സഹായിച്ച റഷ്യന്‍ പ്രസിഡന്റിനെ സിറിയയില്‍ മുഷിപ്പിക്കാന്‍ അമേരിക്ക സന്നദ്ധമല്ല. ആഭ്യന്തരസംഘര്‍ഷമാണു സിറിയയില്‍ നടക്കുന്നതെന്നു പറഞ്ഞൊഴിയുകയാണ് അറബ് രാജ്യങ്ങളടക്കമുള്ളവ.
സ്വന്തം ജനതയോട് അസദിന്റെ സൈന്യം 2011 ല്‍ തുടങ്ങിയ യുദ്ധത്തില്‍ ഇതുവരെ അഞ്ചുലക്ഷം പേരാണു കൊല്ലപ്പെട്ടത്. റഷ്യയും തുര്‍ക്കിയും ഇറാനും സമാധാനചര്‍ച്ചയെന്ന പേരില്‍ പലവട്ടം സമ്മേളിക്കുന്നുണ്ടെങ്കിലും ഇസ്‌റാഈലിന്റെ താല്‍പ്പര്യസംരക്ഷകരായ അമേരിക്ക ഓരോ ഉടക്കു വച്ചു സമാധാനശ്രമം തകര്‍ക്കുകയാണ്.
പ്രതിപക്ഷസേന സമാധാനത്തിനു ശ്രമിക്കുന്നുണ്ടെങ്കിലും ബാഹ്യശക്തികളുടെ ബഹുമുഖ താല്‍പ്പര്യ കേന്ദ്രമായി സിറിയ മാറിയിരിക്കുന്നു.
അസദിന്റെ പൈശാചിക ആക്രമണത്തിനെതിരേ പ്രതിപക്ഷം തുടങ്ങിവച്ച സമരം തുടക്കത്തില്‍ പ്രതീക്ഷ നല്‍കിയിരുന്നു. അസദിനെ സഹായിക്കാന്‍ ഇറാനും റഷ്യയും രംഗത്തു വന്നതോടെയാണു കൂട്ടക്കുരുതിയിലെത്തിയത്.
അസദിന്റെ ഭരണം തകര്‍ന്നുവീഴുമെന്നായ ഘട്ടത്തിലാണു റഷ്യ സഹായത്തിനെത്തിയത്. ഇതോടെ അതിക്രൂരനായി.
സിറിയയില്‍ ആധിപത്യം സ്ഥാപിക്കാനൊരുങ്ങി ഐ.എസ് രംഗത്തു വന്നതോടെ അമേരിക്കയുടെയും തുര്‍ക്കിയുടെയും ശ്രദ്ധ അവരെ നേരിടുന്നതിലായി. ഈ സന്ദര്‍ഭം മുതലാക്കി അസദ് റഷ്യയുടെ സഹായത്തോടെ സിറിയയെ ചുടലക്കളമാക്കി.
വിമതസേനയ്ക്കു ഭൂരിപക്ഷമുള്ള ഗൗഥയെ ചോരപ്പുഴയാക്കിക്കൊണ്ടിരിക്കുകയാണ് അസദ്. നാലു ലക്ഷത്തിലധികം ജനങ്ങള്‍ പാര്‍ക്കുന്ന കിഴക്കന്‍ ഗൗഥയില്‍ ഇപ്പോള്‍ ശ്മശാനമൂകതയാണ്. എവിടെയും ഉയരുന്നതു കറുത്ത പുക മാത്രം.
പിഞ്ചുമക്കളുടെ ഏങ്ങലടികളാല്‍ മുഖരിതമാണ് ഈ നഗരം. രാസായുധങ്ങളുടെ കെടുതികള്‍ അനുഭവിക്കുന്ന കുട്ടികളുടെ ദയനീയ ചിത്രങ്ങളാണു മാധ്യമങ്ങളില്‍.
അമേരിക്കയും റഷ്യയും ഇസ്‌റാഈലുമടക്കമുള്ള ബാഹ്യശക്തികള്‍ കഴുകന്മാരെപ്പോലെ സിറിയക്ക് ചുറ്റും വട്ടമിട്ടു പറക്കുകയാണ്. തങ്ങളെ സഹായിക്കുവാന്‍ സിറിയന്‍ കുട്ടികള്‍ സോഷ്യല്‍ മീഡിയകളിലൂടെ ലോകത്തോടു യാചിച്ചുകൊണ്ടിരിക്കുന്നതുപോലും അറബ് രാഷ്ട്രങ്ങളുടെ മനസ് ഇളക്കുന്നില്ല.
അറബ് ലീഗുപോലും സിറിയന്‍ പ്രശ്‌നത്തില്‍ ഇടപെടുന്നില്ലെന്നതു ദുഃഖകരം തന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."