സംവരണ-സൗജന്യ കോളങ്ങളിലെ ജീവിതങ്ങള്‍
കാടു നാടായപ്പോള്‍ കാട്ടിലെ മനുഷ്യര്‍ ആദിവാസികളായി, അപരിഷ്‌കൃതരായി. സംവരണ-സൗജന്യ ആനുകൂല്യങ്ങളുടെ കോളങ്ങളില്‍ മാത്രം തെളിയേണ്ട മനുഷ്യജീവികള്‍. പ്രബുദ്ധരെന്നു സ്വയം അഹങ്കരിക്കുന്ന വൃത്തിയുള്ള വസ്ത്രധാരികള്‍ മാത്രമാണു പൊതുസമൂഹമെന്ന വിഡ്ഢിക്കൂട്ടം പലപ്പോഴായി ഭൂമിയുടെ പലകോണുകളില്‍ വച്ച് അവരെ വെട്ടിയും ചവിട്ടിയും പട്ടിണിക്കിട്ടും കൊന്നു. മാറിമാറി വന്ന ഭരണകൂടങ്ങള്‍ അവരെ അപരിഷ്‌കൃതരെന്നു ചാപ്പ കുത്തി. പൊതുബോധത്തിന്റെ സൗജന്യത്തില്‍ മാത്രം കഴിഞ്ഞാല്‍ മതിയെന്നു രാഷ്ട്രീയനേതാക്കളും അവരെ പറഞ്ഞു പറ്റിച്ചു.
വര്‍ണവെറിയുടെ വിദേശച്ചിത്രങ്ങളെ നോക്കി നെടുവീര്‍പ്പിടുന്ന പ്രബുദ്ധര്‍ 'മധുവിന്റെ ചോര'യിലും അടങ്ങില്ലെന്നതാണു യാഥാര്‍ഥ്യം. വാര്‍ത്ത കേട്ടും കണ്ടും ഞെട്ടിയ സാംസ്‌കാരികനായകര്‍ വിലാപക്കുറിപ്പുകളെഴുതി. അത് ഒരു ദിവസത്തേയ്ക്കു മാത്രം. കാടിന്റെ മക്കള്‍ കാലാകാലമായി അനുഭവിക്കുന്ന അവഗണനകളും അശാന്തിയും മധുവിന്റെ ചോരയ്ക്കുശേഷവും തുടര്‍ന്നുകൊണ്ടിരിക്കുന്നു.
മതിയായ ചികിത്സ കിട്ടാതെയുള്ള ആദിവാസികളുടെ മരണം പിന്നെയും കേരളം കണ്ടു. കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു അത്. അത്യാസന്നനിലയിലുള്ള രോഗിയുടെ പരിശോധന ഐ.ടി.ഡി.പി പ്രമോട്ടര്‍ വരാന്‍വേണ്ടിയാണ് ആശുപത്രി അധികൃതര്‍ വൈകിപ്പിച്ചത്. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജില്‍ മരിച്ച നിലമ്പൂര്‍ പൂക്കോട്ട്പാടം അയ്യപ്പന്‍കുളം കോളനിയിലെ അമ്പതുകാരന്‍ കണ്ടനും വരേണ്യവര്‍ഗത്തിന്റെ അപരിഷ്‌കൃത ഇരയാണ്.
ഇതിലൊന്നും നടപടിയുണ്ടാവില്ല. ആവുന്നതെല്ലാം ചെയ്‌തെന്ന വിശദീകരണം കേട്ട് ഉന്നതര്‍ ഫയല്‍ മടക്കും. ആദിവാസി അനുഭവിച്ച അവഗണനയുടെ പേരില്‍ ഇവിടെ ഒരുദ്യോഗസ്ഥനും ശിക്ഷിക്കപ്പെട്ടിട്ടില്ല. ആംബലന്‍സ് കിട്ടാതെ മോര്‍ച്ചറിക്കു മുന്നില്‍ മഴനഞ്ഞു കിടന്ന ആദിവാസിയുടെ മൃതദേഹം കേരളം കണ്ടതാണ്. അപ്പോഴും നമ്മുടെ ആശങ്ക ബിഹാറിലെയും ഉത്തര്‍പ്രദേശിലെയും 'അപരിഷ്‌കൃതരുടെ' ജീവിതസാഹചര്യങ്ങളെക്കുറിച്ചാണ്. അവിടത്തെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നല്ല, കൈയെത്തും ദൂരത്തുള്ള മനുഷ്യനെ പച്ചമനുഷ്യനായി കാണാന്‍ പഠിക്കണമെന്ന അഭ്യര്‍ഥന മാത്രമാണ്.
മുഖ്യധാരാസമൂഹത്തിന്റെ പിന്‍ബലമില്ലാതെ ഇമ്മിണി ബല്യ ഒന്നാകാന്‍ ശ്രമിക്കുക പോലുമരുതെന്ന അലിഖിതബോധമാണ് ആദിവാസികള്‍ക്കുള്ളത്. വ്യതിചലിച്ചു മാറിനടക്കുന്നവരെ നോട്ടപ്പുള്ളികളായി കാണും. ഇത് അവരെ കാടിനു വെളിയിലേയ്ക്കല്ല, കൂടുതല്‍ അകത്തേയ്ക്കാണു നയിക്കുക. പുറംലോകം തനിക്ക് അന്യമാണെന്ന ബോധം മധുവിനു നല്‍കിയതും ഈ കപടസമൂഹമാണ്. അതാണ് ആ യുവാവിനെ കാടിനു നടുവിലെ പാറയിടുക്കിലാക്കിയത്.
പ്രകടങ്ങള്‍ക്കും സമരങ്ങള്‍ക്കും സര്‍വോപരി വോട്ടിനും വേണ്ടി മാത്രമാണു മുഖ്യധാര രാഷ്ട്രീയങ്ങളുള്‍പ്പെടെ ആദിവാസിയെ ചേര്‍ത്തുപിടിക്കുന്നത്. ഭരണം നേടിയവര്‍ക്ക്, ഈ വിഭാഗം തങ്ങളുടെ പോക്കറ്റ് നിറയ്ക്കാനുതകുന്ന പണം കായ്ക്കുന്ന മരങ്ങളാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കോടികളാണ് ഈ പട്ടിണിപ്പാവങ്ങളുടെ പേരില്‍ ഭരണകൂട-ഉദ്യോഗസ്ഥ-രാഷ്ട്രീയക്കൂട്ടങ്ങള്‍ കൈക്കലാക്കുന്നത്. കൃത്യമായ കണക്കെടുത്താന്‍ കോര്‍പ്പറേറ്റ് ഭീമന്മാര്‍ കട്ടതിന്റെ പതിന്മടങ്ങു വരും. ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മിക്ക സന്നദ്ധസേവകരുടെ ലക്ഷ്യവും മറിച്ചല്ല.
ഞങ്ങളോടൊപ്പമല്ലാതെ നിങ്ങള്‍ക്കൊന്നും നേടാനാകില്ലെന്നാണു രാഷ്ട്രീയപ്പാര്‍ട്ടികളും നിയമസംവിധാനങ്ങളും ആദിവാസികളെ പഠിപ്പിക്കുന്നത്. ഇതിനു വിപരീതമായി എന്തെങ്കിലും ചെയ്താല്‍ ഫലമെന്താകുമെന്നു 15 വര്‍ഷം മുമ്പത്തെ ഫെബ്രുവരി 19 മുത്തങ്ങയില്‍ കാണിച്ചുതന്നതാണ്. മാറിചിന്തിക്കുന്നവരുടെ പിന്തുണയോടെ, വിരലിലെണ്ണാവുന്ന സമരങ്ങളെങ്കിലും വിജയിപ്പിക്കാന്‍ ആദിവാസികള്‍ക്കായിട്ടുണ്ട്. സ്വന്തം ഭൂമിയെന്ന ആദിവാസിയുടെ ആവശ്യം അംഗീകരിക്കപ്പെട്ടെങ്കിലും മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്ത ബഹുഭൂരിപക്ഷം പേരും ഇപ്പോഴും ഭൂരഹിതരാണ്.
മുത്തങ്ങയില്‍ പൊലിസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ 15 വര്‍ഷമായി വിചാരണ തുടരുകയാണ്. എന്നാല്‍, മുത്തങ്ങയില്‍ കൊല്ലപ്പെട്ട ജോഗിയുടെ മരണമന്വേഷിക്കാന്‍ നിയമവ്യവസ്ഥകള്‍ തയാറായിട്ടില്ല.
ദേശീയ മനുഷ്യാവകാശ കമ്മിഷനും സംസ്ഥാന സര്‍ക്കാരും അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ആ മരണം ഇപ്പോഴും അന്വേഷണ പരിധിയിലെത്തിയിട്ടില്ല. ഉത്തരവാദികള്‍ നിയമവ്യവസ്ഥയുടെ ഉന്നതങ്ങളിലിരിക്കുന്ന കാലത്തോളം അന്വേഷണം തുടങ്ങിയാലും അവാസാനിക്കില്ല. അവസാനിച്ചാല്‍ ചവറ്റുകൊട്ടയിലായിരിക്കും കേസിന്റെ സ്ഥാനം.
മധുവിന്റെ ചോര കേരള രാഷ്ട്രീയത്തില്‍ ചിലര്‍ക്ക് അനുഗ്രവും മറ്റു ചിലര്‍ക്കു നിരാശയുമാണുണ്ടാക്കുന്നത്.
ആദര്‍ശം കൊണ്ടു നേരിടാനാകാത്തത് ഉന്മൂലനം ചെയ്തവര്‍ക്കു പുതിയ വിഷയം പഴയതിനെ മറവിയിലാക്കുമെന്ന പ്രതീക്ഷയാണു നല്‍കുന്നത്. തങ്ങളില്‍ പെട്ടവനല്ലാത്തവന്റെ നഷ്ടപ്പെട്ട ചോരയില്‍ നേട്ടമുണ്ടാക്കാന്‍ കഴിയില്ലല്ലോയെന്ന നിരാശയിലാണു മറ്റു ചിലര്‍. മധുവിന്റെ ചോരയില്‍ ജീവന്‍കൊണ്ട പ്രതിഷേധങ്ങള്‍ക്കിടയിലെത്തിയ ജനപ്രതിനിധിയെ ഇറക്കിവിട്ടതു വന്‍പ്രാധാന്യത്തോടെ ബ്രേക്കിങ് നല്‍കി തങ്ങളുടെ നയം വ്യക്തമാക്കിയ മാധ്യമങ്ങളും മറ്റൊരു വിധത്തില്‍ അരുംകൊലകള്‍ ആവര്‍ത്തിക്കാന്‍ വിഷം വിളമ്പുന്നുമുണ്ട്.
കാടിന്റെ മക്കളോടു വിവേചനം കാണിക്കുന്നതില്‍ നിന്നു മുഖ്യധാരയിലെ ആരെയും മാറ്റി നിര്‍ത്താനാകില്ല.
പൊതുസമൂഹം, രാഷ്ട്രീയം, ഭരണകൂടങ്ങള്‍, നിയമ വ്യവസ്ഥകള്‍ തുടങ്ങി സകലതും ആദിവാസിയെന്ന മൂന്നാംതരം പൗരന്മാരെ സൃഷ്ടിച്ചെടുക്കുന്നതില്‍ അവരവരുടേതായ പങ്കു കാലാകാലങ്ങളായി വഹിക്കുന്നുണ്ടെന്നതാണു യാഥാര്‍ഥ്യം. മധുവിന്റെ ചോരമണം സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗിലും വിലാപക്കുറിപ്പുകളിലും ഒതുങ്ങാതെ, പൊതുബോധത്തിന്റെ മാറിച്ചിന്തിക്കലിനു കാരണമാകണമെന്നു നിശബ്ദം ആഗ്രഹിക്കുന്നവരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കട്ടെ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."