വരള്‍ച്ച പിടിമുറുക്കുന്നു; അഗസ്ത്യകൂടത്തിലെ ജല ഉറവിടങ്ങളില്‍ വെള്ളമില്ല
കാട്ടാക്കട: അഗസ്ത്യമുടിയിലെ നദികളില്‍ വരള്‍ച്ച കണ്ടുതുടങ്ങിയതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്.
സമുദ്ര നിരപ്പില്‍ നിന്നും 7000 അടിയിലേറെ ഉയരമുള്ള പശ്ചിമഘട്ടത്തിലെ അഗസ്ത്യമലയിലാണ് വരള്‍ച്ചയുടെ ആദ്യപടി കണ്ടു തുടങ്ങിയിരിക്കുന്നത്. ജില്ലയിലെ തന്നെ രണ്ടു വലിയ നദികളായ നെയ്യാറും കരമനയാറും ഉല്‍ഭവിക്കുന്നത് അഗസ്ത്യകൂടത്തില്‍ നിന്നാണ്. തമിഴ്‌നാട്ടിലേക്ക് നീരൊഴുക്കുന്ന കല്ലാര്‍, താമ്രപര്‍ണ്ണി, കോതായാര്‍ എന്നിവ അടക്കം നിരവധി നദികളുടെ അമ്മയാണ് ഈ മലനിരകള്‍.
അസംഖ്യം ചെറു നദികളും ഉറവിടങ്ങളും അടങ്ങിയ മലനിരകളിലാണ് ഇത്. അഗസ്ത്യമലയിലെ നാച്ചിമുടിയില്‍ നിന്നാണ് നെയ്യാര്‍ പിറക്കുന്നത്. അത് ഒഴുകിയെത്തി പൊങ്കാല പാറയിലുടെ താഴേക്ക് ഇറങ്ങി ചെറു നദികളായി മാറി പിന്നെ കിലോമീറ്ററുകളോളം വനത്തിലൂടെ ഒഴുകിയാണ് വലിയ നദിയായി മാറുന്നത്. നെയ്യാറില്‍ വെള്ളമില്ല എന്നതാണ് സ്ഥിതി. മാത്രമല്ല അഗസ്ത്യമലക്ക് താഴെ നിരവധി ചെറുനദികള്‍ ഉണ്ട്. ഇവയിലും വെള്ളമില്ല. സാധാരണ നിറഞ്ഞെഴുകുന്ന നദികളിലും വെള്ളം വറ്റിയിട്ടുണ്ട്.
നെയ്യാര്‍ ഡാമിലെയും പേപ്പാറ അണക്കെട്ടിലെയും ജലം കുറഞ്ഞാല്‍ അത് കുടിവെള്ളം, ജലസേചനം എന്നിവയെ ബാധിക്കും. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ തമിഴ്‌നാട് വനത്തില്‍ ഉദ്യോഗസ്ഥരെ അയച്ച് വിശദമായ പഠനം നടത്തിയിരുന്നു. ഈ സംഘം ഇപ്പോഴും വനത്തില്‍ തങ്ങുകയാണ്.
കാരണം കണ്ടെത്താന്‍ വനംവകുപ്പും പരിസ്ഥിതി വകുപ്പും ഇറിഗേഷന്‍ വകുപ്പും സംയുക്തമായാണ് പഠനം നടത്തുന്നത്. എന്നാല്‍ വരള്‍ച്ച ശ്രദ്ധയില്‍ പെട്ടിട്ടും കേരളാ വനംവകുപ്പ് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടില്ല. വരള്‍ച്ചയുടെ വിവരം അടുത്തിടെ കടുവ സര്‍വേക്ക് പോയവരും വനത്തില്‍ ഗവേഷണം നടത്താന്‍ എത്തിയവരും വനം വകുപ്പിനെ അറിയിച്ചിച്ചിരുന്നു.
അഗസ്ത്യമല കേരളത്തിലും തമിഴ്‌നാട്ടിലും ചിതറി കിടക്കുന്ന ഭൂവിഭാഗമാണ്. നെയ്യാര്‍, പേപ്പാറ വനത്തിലും തമിഴ്‌നാട്ടിലെ കളക്കാട്, മുണ്ടെന്‍തുറൈ വന്യജീവി സങ്കേതങ്ങളിലുമാണ് അഗസ്ത്യമല കിടക്കുന്നത്.
തമിഴ്‌നാട്ടുകാര്‍ ഈ വിഷയത്തില്‍ അതീവ ശ്രദ്ധ ചെലുത്തുമ്പോഴും ഇവിടുള്ളവര്‍ ഒന്നും അറിയാത്ത മട്ടില്‍ ഇരിക്കുകയാണെന്ന പരാതിയും വന്നിട്ടുണ്ട്. ജലസമ്പത്തിനെ സംരക്ഷിക്കുന്നതും അത് ചുരത്താനായി സഹായിക്കുന്നതും വനത്തിലെ സമ്പന്നമായ പുല്‍മേടുകളാണ്. സംരക്ഷണം അര്‍ഹിക്കേണ്ട പുല്‍മേടുകള്‍ക്ക് വന്ന നാശമാണ് ഇതിന് കാരണമെന്ന് ചൂണ്ടികാട്ടപ്പെടുന്നു. അഗസ്ത്യവനത്തില്‍ വലുതും ചെറുതുമായി 100 ലേറെ പുല്‍മേടുകളുണ്ട്. ഈ പുല്‍മേടുകളില്‍ കാട്ടുതീ പടരുന്നത് തടയാന്‍ വനം വകുപ്പ് ഒരു നടപടിയും എടുത്തിട്ടില്ല. വൃക്ഷങ്ങള്‍ ഇല്ലാത്തതിനാല്‍ അത് നശിക്കില്ലെന്നു കരുതി പുല്‍മേടുകളില്‍ തീ പിടിക്കുന്നത് തടയാന്‍ വനം വകുപ്പ് നടപടി എടുക്കാറില്ല.
ഇവിടുത്തെ സമ്പന്നമായ പുല്‍മേടുകള്‍ സംരക്ഷിക്കണമെന്ന് 20 വര്‍ഷം മുന്‍പ് ഇവിടെ സന്ദര്‍ശിച്ച ഡോ. എം.എസ് സ്വാമിനാഥന്‍ അടക്കമുള്ള വിദഗ്ധര്‍ നിര്‍ദേശം നല്‍കിയിരുന്നതാണ്. പുല്‍മേടുകള്‍ നശിച്ചാല്‍ നദികളില്‍ വെള്ളം കിട്ടാത്ത നില വരുമെന്നും അത് വരള്‍ച്ചയിലേക്ക് നയിക്കുമെന്നും സൂചിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."