അക്ഷര ലോകത്തേക്ക് കാലെടുത്ത് വെച്ച് കുരുന്നുകള്‍
തിരുവനന്തപുരം: പുതിയ അറിവുകളുടെയും വിജ്ഞാനത്തിന്റെയും ആദ്യാക്ഷരം കുറിക്കാന്‍ മൂന്നര ലക്ഷത്തോളം കുരുന്നുകള്‍ ഇന്ന് സ്‌കൂളിലെത്തി. കരഞ്ഞുകൊണ്ടും കളിച്ചും ചിരിച്ചും കുരുന്നകള്‍ ആദ്യദിനം ആഘോഷഭരിതമാക്കി. പാട്ടു പാടിയും കഥ പറഞ്ഞും അധ്യാപകരും ഒപ്പം കൂടി.
സംസ്ഥാനത്തെ 11,764 സ്‌കൂളുകളില്‍ നിന്നായി 3.25 ലക്ഷം കുരുന്നുകളാണ് ഇന്ന് ഒന്നാം ക്ലാസില്‍ പ്രവേശിച്ചത്. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് നിര്‍വഹിച്ചു.
മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന സാമൂഹ്യ പ്രക്രിയയാണ് വിദ്യാഭ്യാസമെന്ന് അദ്ദേഹം പറഞ്ഞു. ഇത് സാധ്യമാക്കാന്‍ മാതാപിക്കളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും കൂട്ടായ്മ അനിവാര്യമാണ്. കൂട്ടായ്മയിലൂടെ മാത്രമേ ഇത് പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുരുന്നുകളെ വരവേല്‍ക്കാന്‍ വര്‍ണാഭമായ പ്രവേശനോത്സവമാണു വിദ്യാഭ്യാസവകുപ്പ് ഒരുക്കിയിരുന്നത്. ഇതുകൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി സകൂള്‍തല പ്രവേശനോത്സവവും പഞ്ചായത്ത്, ബ്ലോക്ക്തല പ്രവേശനോത്സവവും നടന്നു. ഒന്നു മുതല്‍ എട്ടു വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ യൂനിഫോം, സൗജന്യ പാഠപുസ്തകം, നവാഗതര്‍ക്കുള്ള പ്രവേശന കിറ്റ് തുടങ്ങിയവയുടെ വിതരണോദ്ഘാടനവും വിദ്യാഭ്യാസമന്ത്രി നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."