ടെലകോം അഴിമതിക്കേസ്: നെതന്യാഹുവിനെ ചോദ്യം ചെയ്തു
തെല്‍അവീവ്: ടെലകോം അഴിമതിക്കേസില്‍ ഇസ്റാഈല്‍ പൊലിസ് പ്രധാനമന്ത്രി ബിന്യാമീന് നെതന്യാഹുവിനെ ചോദ്യം ചെയ്തു. ഇതാദ്യമായാണ് കേസില്‍ നെതന്യാഹു ചോദ്യം നേരിടുന്നത്. മറ്റു രണ്ട് അഴിമതിക്കേസുകള്ക്കു പുറമെ പുതിയ അന്വേഷണവും നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവിക്കു തിരിച്ചടിയാകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. കേസില്‍ എല്ലാ ആരോപണങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞിട്ടുണ്ട്.
ഇസ്റാഈലിലെ ഏറ്റവും വലിയ ടെലകോം കമ്പനിയായ ബെസെഖ് ടെലകോം ഉള്‍പ്പെട്ട അഴിമതിക്കേസിലാണ് നെതന്യാഹു അന്വേഷണം നേരിടുന്നത്. ബെസെഖിനു കീഴിലുള്ള വെബ്സൈറ്റില്‍ നെതന്യാഹുവിനും ഭാര്യ സാറയ്ക്കും അനുകൂലമായി വാര്‍ത്ത നല്‍കിയതിനെതിരേ വിമര്‍ശം ഉയര്‍ന്നിരുന്നു.
പകരം ടെലികമ്മ്യൂണിക്കേഷന്‍ നിയന്ത്രണ അതോറിറ്റിയില്‍നിന്ന് പല ഇളവുകളും കമ്പനിക്കു ലഭിക്കുകയും ചെയ്തതായാണ് ആരോപണം. നെതന്യാഹുവിനെ ചോദ്യം ചെയ്തതിനു പിറകെ തെല്‍അവീവിലെ പൊലിസ് സ്റ്റേഷനില്‍ വച്ച് ഭാര്യയില്‍നിന്നു മൊഴിയെടുക്കുകയും ചെയ്തതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, വിഷയത്തില്‍ പ്രതികരിക്കാന്‍ പൊലിസ് അധികൃതര്‍ തയാറായിട്ടില്ല. ബെസെഖ് ടെലികോം കമ്പനി ഉടമസ്ഥരില്‍ ഒരാളായ ഷോള് ഇലോവിച്ച് നിലവില്‍ പൊലിസ് കസ്റ്റഡിയിലാണുള്ളത്. നെതന്യാഹുവിന്റെ മുന്‍ വക്താവും കസ്റ്റഡിയിലുണ്ട്. കേസില്‍ ടെലകോം മന്ത്രാലയം മുന്‍ ഡയരക്ടര്‍ ജനറലും നെതന്യാഹുവിന്റെ വിശ്വസ്തനുമായ ഷ്ലോമോ ഫില്ബറെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."