അലൂമിനിയം, ഉരുക്ക് തീരുവയ്‌ക്കെതിരേ അന്താരാഷ്ട്ര വിമര്‍ശം വ്യാപാരയുദ്ധങ്ങള്‍ നല്ലതാണെന്ന് ട്രംപ്
വാഷിങ്ടണ്‍: വ്യാപാരയുദ്ധങ്ങള്‍ നല്ലതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലേക്ക് അലൂമിനിയം, ഉരുക്ക് ഇറക്കുമതിക്ക് പുതിയ തീരുവ ചുമത്താനുള്ള അമേരിക്കന്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനു പിറകെയാണ് പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയത്.
വ്യാപാരരംഗത്ത് ബില്യന്‍ കണക്കിന് ഡോളറുകളാണ് അമേരിക്കയ്ക്കു നഷ്ടമാകുന്നതെന്നും ഇതു വ്യാപാരയുദ്ധത്തിലൂടെ മറികടക്കാനാണു ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. വ്യാപാരയുദ്ധത്തില്‍ അമേരിക്ക വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ തീരുവ നടപ്പാക്കിയതിനെതിരേ വിവിധ രാജ്യങ്ങളില്‍നിന്ന് വന്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതോടെയാണ് ന്യായീകരണവുമായി ട്രംപ് ട്വിറ്ററിലൂടെ രംഗത്തെത്തിയത്.
വ്യാഴാഴ്ച അലൂമിനിയം, ഉരുക്ക് ഇറക്കുമതിക്കുള്ള തീരുവ അമേരിക്കന്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. സ്റ്റീലിന് 25 ശതമാനവും അലൂമിനിയത്തിന് പത്ത് ശതമാനവുമാണ് വര്‍ധന. എന്നാല്‍, ഇതിനെതിരേ ശക്തമായ തിരിച്ചടികളുണ്ടാകുമെന്ന് യൂറോപ്യന്‍ യൂനിയന്‍, കാനഡ, റഷ്യ, ചൈന, ബ്രസീല്‍, മെക്‌സിക്കോ തുടങ്ങിയവ അറിയിച്ചു. തീരുവ വര്‍ധിപ്പിച്ചത് സാധനങ്ങളുടെ വിലക്കയറ്റത്തിനും പൗരന്മാരുടെ തൊഴില്‍നഷ്ടത്തിനും ഇടയാക്കുമെന്ന് അമേരിക്കയിലും വിമര്‍ശമുയര്‍ന്നിട്ടുണ്ട്.
ഏഷ്യന്‍ രാജ്യങ്ങള്‍ക്കാണു പുതിയ പ്രഖ്യാപനം കൂടുതല്‍ തിരിച്ചടിയാകുക. ചൈന, റഷ്യ അടക്കമുള്ള രാജ്യങ്ങള്‍ പ്രതികാര നടപടികളുണ്ടാകുമെന്നു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബ്രസീലിനും കാനഡയ്ക്കും ശേഷം അമേരിക്കയിലേക്ക് കൂടുതല്‍ ഉരുക്ക് കയറ്റിയയക്കുന്ന ദ.കൊറിയ അമേരിക്കയുമായി ചര്‍ച്ച നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
നൂറോളം രാജ്യങ്ങളില്‍നിന്ന് അമേരിക്ക ഉരുക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. 2000 മുതല്‍ രാജ്യത്തെ ഉരുക്കുവ്യവസായത്തില്‍ വന്‍ പ്രതിസന്ധിയാണ് ഉടലെടുത്തത്. 2000ത്തില്‍ ആഭ്യന്തരമായി 112 മില്യന്‍ ടണ്‍ പ്രതിവര്‍ഷ ഉല്‍പാദനമുണ്ടായിരുന്നത് 2016ല്‍ 86.5 മില്യന്‍ ടണ്‍ ആയി കുറഞ്ഞിരുന്നു.
അതുപോലെ മേഖലയിലെ തൊഴിലാളികളുടെ എണ്ണം 1,35,000ത്തില്‍നിന്ന് 83,000 ആയും കുത്തനെ ഇടിഞ്ഞിരുന്നു. ഇതിനു പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭരണകൂടം പുതിയ ഇറക്കുമതി തീരുവ പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."