മുഖ്യമന്ത്രി മധുവിന്റെ വീട് സന്ദര്‍ശിച്ചു
അഗളി: തണ്ടര്‍ ബോള്‍ട്ട് ഉള്‍പ്പെടെ വന്‍ പൊലിസ് കാവലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മധുവിന്റെ വീട് സന്ദര്‍ശിച്ചു. സെന്‍ട്രല്‍ സോണ്‍ ഐ.ജി എം.ആര്‍ അജിത്കുമാറിന്റെ നേതൃത്വത്തില്‍ അതിരാവിലെ തന്നെ പൊലിസ് സംഘം ചുരം ആരംഭിക്കുന്ന ആനമൂളി മുതല്‍ മുക്കാലി വരെ റോഡരികില്‍ കാവല്‍ നിന്നിരുന്നു. മുക്കാലി മുതല്‍ മധുവിന്റെ വീട് സ്ഥിതിചെയ്യുന്ന മേലെ ചിണ്ടക്കി ഊരിന് ചുറ്റും എ.കെ.47 തോക്കേന്തിയ പൊലിസ് സംഘം തമ്പടിച്ചിരുന്നു. ഇതിനു പുറമെ ഈ പ്രദേശങ്ങള്‍ തണ്ടര്‍ ബോള്‍ട്ടിന്റെ നിയന്ത്രണത്തിലായിരുന്നു.
രാവിലെ പത്തരയോടെയാണ് റോഡില്‍ നിന്ന് 300 മീറ്റര്‍ അകലെയുള്ള മധുവിന്റെ മേലേചിണ്ടക്കിയിലെ വീട്ടില്‍ മുഖ്യമന്ത്രി എത്തിയത്. രണ്ട് ചെറിയ അരുവികള്‍ താണ്ടി നടന്ന് എത്തിയ മുഖ്യമന്ത്രി മധുവിന്റെ അമ്മ മല്ലി, സഹോദരിമാരായ സരസു, ചന്ദ്രിക, സഹോദരീഭര്‍ത്താക്കന്മാര്‍ എന്നിവരെ ആശ്വസിപ്പിച്ചു. മകനെ തല്ലിക്കൊന്നവര്‍ക്ക് ജാമ്യം കിട്ടാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കണമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ മധുവിനെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നത് തടയാന്‍ ഇടപെടണമെന്നും വീട്ടുകാര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
കോടതിയാണ് ജാമ്യം നല്‍കുന്നതിനെക്കുറിച്ച് തീരുമാനിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പ്രോസിക്യൂട്ടര്‍മാരെ നിയമിച്ച് ശക്തമായി വാദിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ നിങ്ങളോടൊപ്പമുണ്ടാകും. സര്‍ക്കാര്‍ സഹായം വൈകാതെ നല്‍കും. സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം അന്വേഷിക്കാമെന്നും മൂന്ന് കിലോമീറ്ററോളം ദൂരം തകര്‍ന്ന ചിണ്ടക്കിറോഡ് നന്നാക്കാന്‍ അടിയന്തര നടപടിയെടുക്കാമെന്നും മുഖ്യമന്ത്രി വീട്ടുകാര്‍ക്ക് ഉറപ്പു നല്‍കി.പതിനഞ്ചു മിനുട്ടോളം വീട്ടില്‍ ചെലവഴിച്ച മുഖ്യമന്ത്രി അട്ടപ്പാടിയിലെ വികസന അവലോകന യോഗ ഹാളിലേക്ക് മടങ്ങി.
മുഖ്യമന്ത്രിക്കൊപ്പം ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ, എം.ബി രാജേഷ് എം.പി, എം.എല്‍.എമാരായ അഡ്വ. ഷംസുദ്ദീന്‍, പികെ.ശശി, ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് കെ. ശാന്തകുമാരി, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, സി.പി.എം ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രന്‍ എന്നിവരും മധുവിന്റെ വീട് സന്ദര്‍ശിക്കാനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."