അന്താരാഷ്ട്ര തട്ടിപ്പുകാരെ കുടുക്കാന്‍ പുതിയ സംവിധാനവുമായി പൊലിസ്
തിരുവനന്തപുരം: അന്താരാഷ്ട്ര തലത്തിലുള്ള തട്ടിപ്പുകാരെ കുടുക്കാന്‍ കേരള പൊലിസ് അന്താരാഷ്ട്ര കോഡിനേഷന്‍ സെല്‍ രൂപീകരിച്ചു. ക്രൈംബ്രാഞ്ചിന് കീഴിലുള്ള ഈ സെല്ലിന്റെ ചുമതല ഐ.ജി എസ്. ശ്രീജിത്തിനാണ്. കേരളത്തില്‍ തട്ടിപ്പ് നടത്തി മറ്റു രാജ്യങ്ങളിലേക്ക് കടന്നവരെ ഇന്റര്‍പോളിന്റെ സഹായത്തോടെ തിരികെ കേരളത്തില്‍ എത്തിക്കുന്നതിനാണ് സെല്‍ പ്രവര്‍ത്തിക്കുന്നത്.
കേരളത്തില്‍ തട്ടിപ്പുനടത്തി കടന്നുകളഞ്ഞ ഇന്ത്യന്‍ വംശജരായ മുപ്പതോളം പേരുടെ പിന്നാലെയാണ് സെല്‍. ഏതാണ്ട് 190 രാജ്യങ്ങള്‍ ഉള്‍പ്പെട്ട സൈബര്‍ ക്രൈം സെല്ലില്‍ കേരളവും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേരളത്തില്‍ നടക്കുന്ന കുറ്റങ്ങളെ കുറിച്ചും അതില്‍ പിടികിട്ടാനുള്ള വിദേശത്തേക്ക് കടന്ന കുറ്റവാളികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ സൈബര്‍ ക്രൈംസെല്ലില്‍ നല്‍കും. ഇതില്‍ പ്രതികളായവര്‍ ഏതെങ്കിലും രാജ്യത്ത് കുടുങ്ങിയാല്‍ അപ്പോള്‍തന്നെ കേരള പൊലിസിനു ലഭിക്കുന്ന തരത്തിലാണ് സൈബര്‍ക്രൈം സെല്ലിന് വിവരം കൈമാറുന്നത്.
വിവരങ്ങള്‍ നല്‍കുന്നതും പിന്തുടരുന്നതും അന്താരാഷ്ട്ര കോഡിനേഷന്‍ സെല്ലാണ്. ക്രൈംബ്രാഞ്ചിനെ അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെല്‍ രൂപീകരിച്ചത്. പിടികിട്ടാപ്പുള്ളികളുടെ വിവരങ്ങള്‍ ശേഖരിച്ച് അവര്‍ ഏതുരാജ്യത്ത് ചേക്കേറാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തി ഇന്റര്‍പോളിനെയും ആ രാജ്യത്തെ പൊലിസിനെയും അറിയിക്കുകയും നിരന്തരം അവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും ക്രൈംബ്രാഞ്ചിനു കീഴിലുള്ള ഈ സെല്‍ ആയിരിക്കും.
സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നേരത്തെ തന്നെ ക്രൈംബ്രാഞ്ചിനെ നവീകരിക്കാനുള്ള പദ്ധതി മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശവും കൂടി പരിഗണിച്ചാണ് ആദ്യപടി എന്ന നിലയില്‍ അന്താരാഷ്ട്ര കോഡിനേഷന്‍ സെല്‍ രൂപീകരിച്ചത്. തട്ടിപ്പ് നടത്തിയും മറ്റു കുറ്റകൃത്യങ്ങള്‍ ചെയ്തും കടന്നുകളഞ്ഞ കുറ്റവാളികളെ കണ്ടെത്തുക എന്നതായിരിക്കും സെല്ലിന്റെ പ്രധാന ചുമതല. സൈബര്‍ സെല്ലുമായി ചേര്‍ന്നായിരിക്കും ഇത് പ്രവര്‍ത്തിക്കുക. ഇതിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് പ്രത്യേക സംഘത്തെയും ഐ.ജി ശ്രീജിത്ത് നിയോഗിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."