വേനല്‍ച്ചൂട്: ജാഗ്രതയാകാം; ആശങ്ക വേണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ച്ചൂട് തുടങ്ങിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരള്‍ച്ചയെ പ്രതിരോധിക്കുന്നതില്‍ കൃത്യമായ ജാഗ്രത പുലര്‍ത്തുകയും നിര്‍ജലീകരണം തടയുന്നതുള്‍പ്പെടെ ആരോഗ്യസംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും വേണം.
വേനല്‍ച്ചൂട് നേരത്തെ കൂടിയതിനുപിന്നില്‍ അസാധാരണ പ്രതിഭാസങ്ങളൊന്നുമില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ എസ്. സുദേവന് പറഞ്ഞു. അന്തരീക്ഷ താപനിലയില്‍ ലോകവ്യാപകമായി ഉണ്ടാകുന്ന വര്‍ധനവാണ് ഇവിടെയും അനുഭവപ്പെടുന്നത്. ഇത്തവണ ശരാശരി 0.5 ഡിഗ്രി വരെ വേനല്‍ച്ചൂട് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ ജില്ലയിലെ വെള്ളാണിക്കരയിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 38 ഡിഗ്രി. പുനലൂരില്‍ 37.5 ഡിഗ്രിയും പാലക്കാട് 36.7 ഡിഗ്രിയും രേഖപ്പെടുത്തി. ഈ വര്‍ഷം ഇതുവരെ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലെ മുണ്ടൂരിലാണ്. കഴിഞ്ഞ ദിവസം 40 ഡിഗ്രി ചൂടാണ് അവിടെ അനുഭവപ്പെട്ടത്.
അതേസമയം, തുലാമഴ കുറഞ്ഞതിനാല്‍ വടക്കന്‍ജില്ലകളില്‍ താരതമ്യേന കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. രാവിലെ പതിനൊന്നു മുതല്‍ മൂന്നുവരെ വെയിലേല്‍ക്കുന്നത് ഒഴിവാക്കണമെന്ന് നേരത്തേ തന്നെ നിര്‍ദേശം നല്‍കിയിരുന്നു.
ഇതിനൊപ്പം ധാരാളം വെള്ളം കുടിക്കുകയും അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണമെന്നും അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മേഖലയില്‍ പ്രത്യേക ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്. അടുത്തമാസം എത്തുമെന്നു കരുതുന്ന വേനല്‍മഴയിലാണ് ഇനിയുള്ള പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."