രക്ഷ: 6000 വിദ്യാര്‍ഥിനികളുടെ കരാട്ടെ പ്രദര്‍ശനം എട്ടിന്
തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് നടപ്പാക്കിവരുന്ന 'രക്ഷ' കരാട്ടെ പരിശീലന പദ്ധതിയിലെ പെണ്‍കുട്ടികളുടെ കരാട്ടെ പ്രദര്‍ശനം മാര്‍ച്ച് എട്ടിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കും. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
സ്ത്രീശാക്തീകരണത്തിനും പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കുന്നതിനും കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനുമായാണ് ജില്ലാ പഞ്ചായത്ത് 'രക്ഷ' പദ്ധതിയിലൂടെ രണ്ടുവര്‍ഷമായി കരാട്ടേ പരിശീലനം നല്‍കിവരുന്നത്. 2016-17 വര്‍ഷത്തില്‍ 100 സ്‌കൂളുകളിലും 2017-18ല്‍ 130 സ്‌കൂളുകളിലുമാണ് പദ്ധതി നടപ്പാക്കിയത്. ഇതിലൂടെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകളിലെ 7000 ത്തോളം പെണ്‍കുട്ടികളാണ് പരിശീലനം നേടിയത്. സാമൂഹ്യസുരക്ഷാ മിഷന്റെയും വിമുക്തി മിഷന്റെയും പിന്തുണ പരിപാടിക്കുണ്ട്.
കരാട്ടെ പ്രദര്‍ശന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അധ്യക്ഷത വഹിക്കും. മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മെമന്‍േറാ സമര്‍പ്പണവും സര്‍ട്ടിഫിക്കറ്റ് വിതരണം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥും നിര്‍വഹിക്കും.
അവാര്‍ഡ് വിതരണം മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രശസ്തി പത്രം സമര്‍പ്പിക്കല്‍ മന്ത്രി ഡോ. കെ.ടി ജലീലും നിര്‍വഹിക്കും. കേരള സര്‍ക്കാരിന്റെ വിമുക്തിയുടെ ഭാഗമായ ലഹരി വിരുദ്ധ പ്രതിജ്ഞ മന്ത്രി ടി.പി രാമകൃഷ്ണന്‍ ചൊല്ലിക്കൊടുക്കും.
ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, എം.പിമാരായ ഡോ. എ സമ്പത്ത്, ഡോ. ശശി തരൂര്‍, മേയര്‍ വി.കെ പ്രശാന്ത്, എം.എല്‍.എമാരായ ഒ. രാജഗോപാല്‍, കെ. മുരളീധരന്‍, ബി. സത്യന്‍, സി. ദിവാകരന്‍ മുഖ്യാതിഥികളാകും.
സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കരാട്ടെ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെയും അംഗീകാരമുള്ള പരിശീലകരെയാണ് സ്‌കൂളുകളില്‍ നിയോഗിക്കുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കരാട്ടെ പരിശീലകന്‍ വിനോദ് കുമാറാണ് ജില്ലാ കോഓര്‍ഡിനേറ്റര്‍.
രക്ഷാ പദ്ധതിയുടെ ഭാഗമായി പരിശീലനം നേടുന്ന കുട്ടികളുടെ ക്ലസ്റ്റര്‍ ക്യാംപുകള്‍ ഈ വര്‍ഷം 14 കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചിരുന്നു. കേരളത്തിലെന്നല്ല, ലോകത്ത് തന്നെ ഇത്തരത്തില്‍ പരിശീലനം നേടിയ 6000ല്‍ അധികം വരുന്ന പെണ്‍കുട്ടികളുടെ കരാട്ടെ പ്രദര്‍ശനം അപൂര്‍വമാണ്.
അതുകൊണ്ട് തന്നെ പരിപാടി റെക്കോഡിന് പരിഗണിക്കാന്‍ ഗിന്നസ് ബുക്ക് സംഘമെത്തുന്നുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."