സി.പി.എമ്മിനു നഷ്ടമായത് 21 ശതമാനം വോട്ട്
ന്യൂഡല്‍ഹി: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനു നഷ്ടമായത് 21 ശതമാനം വോട്ടുകള്‍. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ സി.പി.എം സ്വന്തമാക്കിയ 64.8 ശതമാനം വോട്ടുകളാണ് ഇപ്പോള്‍ 43ല്‍ എത്തിയിരിക്കുന്നത്. 2014ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 15.4ഉം ബി.ജെ.പിക്ക് 5.8ഉം ശതമാനം വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍, 5.8 ശതമാനം ഉണ്ടായിരുന്ന ബി.ജെ.പിയുടെ വോട്ട് വിഹിതം 36 ശതമാനം വര്‍ധിച്ച് 42.5 ആയി ഉയര്‍ന്നു. കോണ്‍ഗ്രസിന്റെ സമ്പാദ്യം ആവട്ടെ 2013ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ ലഭിച്ച 36 ശതമാനം പിറ്റേവര്‍ഷം നടന്ന ലോക്‌സഭാതെരഞ്ഞെടുപ്പ് ആയപ്പോഴേക്കും 21 ന്റെ കുറവുവന്ന് 15.4 ശതമാനത്തിലെത്തി. ഇപ്പോഴാവട്ടെ 15.4ല്‍ നിന്ന് രണ്ടുശതമാനത്തിനു താഴേക്ക് കൂപ്പുകുത്തി. 57 സീറ്റിലും മത്സരിച്ച സി.പി.എമ്മിന് 43.1 ശരാശരിയോടെ 9.8 ലക്ഷം വോട്ടുകള്‍ ലഭിച്ചപ്പോള്‍ 51 സീറ്റില്‍ മത്സരിച്ച ബി.ജെ.പി 42.9 ശതമാനത്തോടെ 9.7 ലക്ഷം വോട്ടുകള്‍ സ്വന്തമാക്കി. 56 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയ കോണ്‍ഗ്രസിന് 40,100 വോട്ടുകളോടെ രണ്ടുശതമാനത്തില്‍ താഴെ വോട്ടുകള്‍ മാത്രമെ നേടാനായുള്ളൂ.
ഇതിനു മുമ്പ് 2013ല്‍ നടന്ന നിയമസഭാതെരഞ്ഞെടുപ്പ് വരെയും ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും വോട്ട് വിഹിതത്തില്‍ കാര്യമായ ഏറ്റക്കുറച്ചില്‍ ഇല്ലായിരുന്നു. 2008ല്‍ സി.പി.എമ്മിന് 48 ഉം കോണ്‍ഗ്രസ്സിന് 36 ഉം ബി.ജെ.പിക്ക് 1.5ഉം ശതമാനം വോട്ട് വിഹിതം ലഭിച്ചു. 2003ല്‍ ഇത് യഥാക്രമം 47, 33, 1.3 എന്നിങ്ങനെയും 1998ല്‍ 38, 13, 6 എന്നിങ്ങനെയും ആയിരുന്നു. ഇതിനു മുമ്പ് 1977ല്‍ അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ഒരുസ്ഥാനാര്‍ഥികളെയും വിജയിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. അന്ന് കോണ്‍ഗ്രസ് നിര്‍ത്തിയ 60 സ്ഥാനാര്‍ഥികളും പരാജയപ്പെടുകയായിരുന്നു. സി.പി.എം നിര്‍ത്തിയ 55ല്‍ 51 പേരും വിജയിക്കുകയുംചെയ്തു. എന്നാല്‍ അതിനു തൊട്ടുമുമ്പ് (1972) നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 41 അംഗങ്ങളുമായി കോണ്‍ഗ്രസ് തനിച്ചു ത്രിപുര ഭരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."