സി.പി.ഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും; കാനം തുടരും
മലപ്പുറം: കൊല്ലത്ത് നടക്കുന്ന 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി മലപ്പുറത്ത് നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. പുതിയ സംസ്ഥാന കൗണ്‍സിലിനേയും സെക്രട്ടറിയേയും ഇന്ന് തെരഞ്ഞെടുക്കും. സെക്രട്ടറിയായി കാനം രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.
14 ജില്ലകളില്‍ നിന്നായി 680 പ്രതിനിധികളാണ് നാലുവരെ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
സമ്മേളനത്തില്‍ മുഖ്യമന്ത്രി അടക്കം മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനവും സമ്മേളനത്തിലുണ്ടായി. മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും മുഖ്യമന്ത്രിയുടെ ഒന്‍പത് ഉപദേശകരും എല്‍.ഡി.എഫ് നയത്തിനെതിരായാണ് പ്രവര്‍ത്തിക്കുന്നതെന്നും സി.പി.ഐ സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനമുണ്ടായി. റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയിലാണ് വിമര്‍ശനമുയര്‍ന്നത്.
യു.ഡി.എഫ് ശൈലിയില്‍നിന്ന് ഉദ്യോഗസ്ഥരെ ഇതുവരെ നിയന്ത്രിക്കാനായിട്ടില്ല. ലൈഫ് പദ്ധതി മുഖം മാറ്റിയ തട്ടിപ്പാണ്. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ ഉള്‍പ്പടെയുള്ളവയും കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങിയതും ചര്‍ച്ചയായി.
റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെതിരേയും പൊതുചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. ഇ. ചന്ദ്രശേഖരന്‍ നായരെ പോലെയുള്ള മന്ത്രിമാരെ കണ്ടുപഠിക്കണമെന്നും പേരില്‍ ചന്ദ്രശേഖരനുണ്ടായതുകൊണ്ട് കാര്യമില്ലെന്നും വിമര്‍ശനങ്ങളുയര്‍ന്നു.
വൈകിട്ട് അഞ്ച് മണിക്കാണ് റെഡ് വളണ്ടിയര്‍ മാര്‍ച്ചും പൊതു സമ്മേളനവും. പൊതുസമ്മേളനത്തോടെ സമ്മേളനം അവസാനിക്കും. ദേശീയ നേതാക്കള്‍ അടക്കം പ്രമുഖര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."