രക്ഷാപ്രവര്‍ത്തനത്തിനിടെ പൊലിസുകാരന്റെ മരണം: മുഖ്യമന്ത്രി അനുശോചിച്ചു
തിരുവനന്തപുരം: കൊട്ടാരക്കരയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടത്തില്‍ പെട്ട പൊലിസ് കണ്ട്രോള് യൂനിറ്റിലെ ഡ്രൈവര്‍ വിപിന്റെ വേര്‍പാടില്‍ മുഖ്യമന്ത്രി അനുശോചിച്ചു. വിപിന്റെ കുടുംബത്തിന് എല്ലാ സംരക്ഷണവും സര്‍ക്കാര്‍ ഉറപ്പുവരുത്തും. അപകടത്തില്‍ പെട്ട മറ്റ് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് മതിയായ ചികിത്സ ഉറപ്പുവരുത്താനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ഇന്ന് പുലര്‍ച്ചെ എം.സി റോഡില്‍ കൊട്ടാരക്കരയ്ക്ക് അടുത്ത് കുളക്കടയിലാണ് അപകടമുണ്ടായത്. പുലര്‍ച്ചെ ഇവിടെ ഒരു കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടമുണ്ടായിരുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മൂന്ന് പൊലിസുകാര്ക്കിടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു.
അപകടത്തില്‍ പരുക്കേറ്റ പുത്തൂര്‍ എസ്.ഐ വേണു ഗോപാല്‍ ദാസ്, എഴുകോണ്‍ എസ്.ഐ അശോകന് എന്നിവരെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ലോറി അപകട ശേഷം നിര്‍ത്താതെ പോയെങ്കിലും പൊലിസ് പിന്തുടര്ന്ന് പിടികൂടി. ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."