'മുന്നോട്ടു തന്നെ, നിലപാടുമാറ്റമില്ലാതെ'
? പുതിയ രാഷ്ട്രീയസാഹചര്യത്തില്‍ വിശാല മതേതരസഖ്യം എങ്ങനെ നടപ്പാക്കാനാകുമെന്നാണു കരുതുന്നത്.
- കേരളത്തിലെ സാഹചര്യമല്ല സി.പി.ഐ മുന്നോട്ടുവയ്ക്കുന്നത്. കേരളത്തില്‍ ബി.ജെ.പിയെ ചെറുക്കാന്‍ ഇടതുപക്ഷത്തിനാകും. ബംഗാളില്‍ അതിനാകുമെന്നു കരുതിയിരുന്നെങ്കിലും സാധ്യമല്ലെന്ന് വ്യക്തമായി. ത്രിപുരയിലും ചെറുക്കാന്‍ കഴിയുമെന്നായിരുന്നു വിശ്വാസം. അതും നഷ്ടമായി. ഈ സാഹചര്യത്തില്‍ ഫലപ്രദമായ ബദലുണ്ടാക്കി ബി.ജെ.പിയെ ചെറുക്കാനാണു ശ്രമിക്കേണ്ടത്.
ഓരോ സംസ്ഥാനത്തിലെയും സാഹചര്യം വിലയിരുത്തി വേണം അതതു സ്ഥലങ്ങളില്‍ സഖ്യമുണ്ടാക്കാന്‍. തമിഴ്‌നാട്ടില്‍ യോജിക്കാവുന്ന ഏതെങ്കിലും ദ്രാവിഡപാര്‍ട്ടിയുമായി സഹകരിച്ചും സഖ്യമുണ്ടാക്കിയും മുന്നോട്ടുപോകണം. തെലങ്കാനയിലും അവിടത്തെ പ്രാദേശികപാര്‍ട്ടികളുമായി സഹകരിക്കാം. അങ്ങനെ വിശാലമായ, മതനിരപേക്ഷ പൊതുവേദി ഉയര്‍ത്തിക്കൊണ്ടുവരികയെന്നതാണു സി.പി.ഐ ഉദ്ദേശിക്കുന്നത്. ഇതിന് അന്തിമരൂപം പാര്‍ട്ടി കോണ്‍ഗ്രസിലാണുണ്ടാവുക.
? ഈ സഖ്യശ്രമത്തില്‍ കേരളത്തില്‍ കെ.എം മാണിയെയും ഉള്‍പ്പെടുത്തുന്നതില്‍ എന്താണു തെറ്റ്.
- കെ.എം മാണിയെ ദേശീയതലത്തില്‍ ആരു ശ്രദ്ധിക്കാനാണ്.
? കേരളത്തില്‍ ഇത്തരമൊരു സഖ്യത്തിന്റെ സാധ്യതയെങ്ങനെ.
- കേരളത്തില്‍ എല്‍.ഡി.എഫിന് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിലല്ലേ അയല്‍പ്പക്കക്കാരെ വിളിക്കേണ്ടതുള്ളൂ. ഇപ്പോള്‍ അങ്ങനെയൊരു സാഹചര്യമില്ല. കോണ്‍ഗ്രസുമായി രാഷ്ട്രീയസഖ്യം വേണമെന്നു സി.പി.ഐ ഇതുവരെ പറഞ്ഞിട്ടില്ല. ആര്‍.എസ്.എസിനും സംഘ്പരിവാറിനുമെതിരേ ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയം വളര്‍ത്തിക്കൊണ്ടുവരണം. അതിനു മതേതര, ജനാധിപത്യ, ഇടതുപക്ഷ ബദല്‍ കൊണ്ടുവരണം. കേരളത്തില്‍ ഇതാവശ്യമില്ല. കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫുമായി എതിര്‍ചേരിയില്‍നിന്നു മത്സരിച്ചശേഷമാണ് ഒന്നാം യു.പി.എ സര്‍ക്കാറിനെ പിന്തുണച്ചത്.
? ഈ വിഷയത്തിലുള്‍പ്പെടെ സി.പി.എമ്മിനു വ്യത്യസ്ഥ നിലപാടാണല്ലോ.
- സി.പി.എമ്മും സി.പി.ഐയും രണ്ടു പാര്‍ട്ടികളാണ്. ഒരു പാര്‍ട്ടിയില്‍ത്തന്നെ രണ്ടഭിപ്രായമുള്ള കാലമാണിത്. സി.പി.എമ്മിനും സി.പി.ഐക്കും രണ്ടഭിപ്രായമുണ്ടെങ്കിലും ഞങ്ങള്‍ തമ്മിലുള്ളത് ആശയപരമാണ്, ആമാശയപരമല്ല.
? സംസ്ഥാനസമ്മേളന ചര്‍ച്ചയില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രതീക്ഷിച്ചത്ര മികവിലെത്തിയില്ലെന്ന അഭിപ്രായത്തെക്കുറിച്ച് എന്തു പറയുന്നു.
- പാര്‍ട്ടി റിപ്പോര്‍ട്ട് ഏകകണ്ഠമായാണ് അംഗീകരിച്ചത്. റിപ്പോര്‍ട്ടില്‍ ഒരിടത്തും മികവിലെത്തിയില്ലെന്നു പറഞ്ഞിട്ടില്ല. സംസ്ഥാന എക്‌സിക്യൂട്ടീവും കൗണ്‍സിലും റിപ്പോര്‍ട്ട് ചര്‍ച്ചചെയ്തശേഷമാണ് അംഗീകരിച്ചത്. ചര്‍ച്ചയില്‍ ഏതെങ്കിലും അംഗത്തിനു വ്യത്യസ്താഭിപ്രായമുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റേതു മാത്രമാണ്.
? അടുത്തു വരുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനെ എങ്ങനെ കാണുന്നു. എങ്ങനെയും ജയിക്കാനാണു ബി.ജെ.പിക്കു ലഭിച്ച കേന്ദ്രനിര്‍ദേശം.
- കഴിഞ്ഞതവണയും ബി.ജെ.പി തോല്‍ക്കാനാണു മത്സരിച്ചതെന്നു ഞാന്‍ കരുതുന്നില്ല. എല്ലാ സ്ഥാനാര്‍ഥികളും എല്ലായിടത്തും നില്‍ക്കുന്നതു ജയിക്കാനാണ്. അവര്‍ അവരുടെ ശക്തി പരീക്ഷിക്കട്ടെ.
? ഇത്തവണ ബി.ജെ.പി കൂടുതല്‍ മുന്നേറ്റം നടത്താന്‍ തയാറെടുക്കുന്ന സാഹചര്യത്തില്‍ പ്രതിരോധതന്ത്രമെന്ത്.
- ബി.ജെ.പി 2014 ലെയോ 2016 ലെയോ നിലയിലല്ല ഇന്നുള്ളത്. അന്ന് അഴിമതിക്കെതിരായി വലിയതോതില്‍ ശബ്ദിച്ചിരുന്നു. ഇന്നു സ്ഥിതി മാറി. അവര്‍ അഴിമതിക്കാരുടെ കൂടെയാണ്. അതിനാല്‍ കേരളത്തിലെ ജനങ്ങള്‍ അവരെ അത്ര കാര്യമായി കാണില്ല. ബി.ജെ.പിക്ക് അനുകൂലമായ തരംഗമൊന്നും ഇവിടെയില്ല.
? കഴിഞ്ഞതവണ കിട്ടിയ വോട്ട് ബി.ജെ.പിക്കു ലഭിക്കില്ലേ.
- ഇല്ല, കേരളത്തില്‍ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ബി.ജെ.പിക്കു വോട്ട് കുറഞ്ഞുവരുന്നതാണു കാണുന്നത്. കൂടിയ ഒരു തെരഞ്ഞെടുപ്പുമില്ല.
? നിയമസഭയില്‍ മാണി വിഷയത്തിലുണ്ടായ അക്രമസംഭവങ്ങളിലെ കേസുകള്‍ പിന്‍വലിച്ച തീരുമാനത്തെക്കുറിച്ച്.
- അതു മുന്നണിയിലൊന്നും ചര്‍ച്ച ചെയ്തിട്ടില്ല. ആഭ്യന്തരവകുപ്പെടുത്ത തീരുമാനമാണ്. സര്‍ക്കാര്‍ അത്തരമൊരു ഉത്തരവിറക്കിയാലും കോടതി അനുവദിച്ചാല്‍ മാത്രമേ പിന്‍വലിക്കാനാകൂ. അതൊരു ജുഡീഷ്യല്‍ പ്രശ്‌നമാണ്. സര്‍ക്കാര്‍ ഉത്തരവുകള്‍ക്കെല്ലാം പാര്‍ട്ടി അഭിപ്രായം പറയാറില്ല.
? കണ്ണൂരിലെ കൊലപാതകം വലിയ ചര്‍ച്ചയാണെങ്ങും. എങ്ങനെ അതിനെ തടയിടാന്‍ കഴിയുമെന്നാണു കരുതുന്നത്.
- കൊലപാതകരാഷ്ട്രീയത്തിനു സി.പി.ഐ എന്നും എതിരാണ്. അതിനെതിരായി ശക്തമായ നിലപാടു സ്വീകരിക്കുന്ന പാര്‍ട്ടിയാണ്. കഴിഞ്ഞകാലങ്ങളില്‍ ഒരു രാഷ്ട്രീയക്കൊലപാതക കേസിലും പ്രതിയല്ലാത്ത പാര്‍ട്ടി കണ്ണൂരിലുള്ളതു സി.പി.ഐയാണ്. ആര്‍ക്കുമതു നിഷേധിക്കാനാവില്ല. പാലക്കാട്ട് കുടുംബവഴക്കുമായി ബന്ധപ്പെട്ടുണ്ടായ കൊലപാതകം സി.പി.ഐക്കുമേല്‍ കെട്ടിവയ്ക്കാന്‍ ശ്രമമുണ്ടായി. മറ്റു ചില കക്ഷികള്‍ക്കും അങ്ങനെയാവണമെന്നു താല്‍പര്യമുള്ളതായി ഞങ്ങള്‍ മനസ്സിലാക്കുന്നു. അതില്‍ വാസ്തവമില്ലെന്നു പൊലിസ് കണ്ടെത്തിയില്ലേ.
? കൊല്ലത്തെ സുഗതന്റെ മരണത്തില്‍ പാര്‍ട്ടി പങ്കാളികളായത് എങ്ങനെയാണ്.
- പാവപ്പെട്ട ഒരാള്‍ ആത്മഹത്യ ചെയ്തതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രേരണയാണെന്ന ആരോപണം നിയമപരമായി തെളിയിച്ചാലേ യാഥാര്‍ഥ്യമാകൂ. എ.ഐ.വൈ.എഫിന്റെ പ്രവര്‍ത്തകര്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനമല്ല നടത്തിയത്. പുതിയ നിയമമനുസരിച്ചു നെല്‍പ്പാടം നികത്തുന്നതു മൂന്നുവര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ജാമ്യമില്ലാത്ത വകുപ്പാണു ചുമത്തേണ്ടത്.
ആ നിയമത്തിനു വിരുദ്ധമായി പെരുമാറിയ വ്യക്തിയെ ചോദ്യം ചെയ്യുകയെന്നത് പൗരന്റെ ധര്‍മമാണ്. അതിനു കേസെടുക്കുകയാണെങ്കില്‍ നിയമപരമായി നേരിടും.
? കണ്‍ട്രോള്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് ചോര്‍ന്നതു പാളിച്ചയാണോ.
- ഒരിക്കലുമല്ല, കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരായി തീരുമാനമെടുക്കാന്‍ സംസ്ഥാനത്തിനാവില്ല. പരാതിയുള്ളവര്‍ക്കു കേന്ദ്രനേതൃത്വത്തെ സമീപിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."