ഘടകകക്ഷികള്‍ കാലുവാരിയെന്ന് ജെ.ഡി.യു
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ജനതാദള്‍ (യു) സംസ്ഥാന നേതൃയോഗത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. ജെ.ഡി.യു മത്സരിച്ചിടത്തെല്ലാം കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ കാലുവാരിയതായും വിമര്‍ശനമുയര്‍ന്നു. വടകരയിലും കല്‍പറ്റയിലും നേമത്തും അമ്പലപ്പുഴയിലുമാണ് പ്രത്യക്ഷത്തില്‍ കോണ്‍ഗ്രസും ലീഗും കാലുവാരിയതെന്ന് യോഗം വിലയിരുത്തി.
യോഗശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാറും ഇക്കാര്യം സ്ഥിരീകരിച്ചു.
യു.ഡി.എഫിലെ പ്രധാന ഘടകകക്ഷികള്‍ കാലുവാരിയതായി അദ്ദേഹം പറഞ്ഞു. ഘടകകക്ഷികള്‍ പറയുന്നതുപോലെയല്ല അണികള്‍ വോട്ട് ചെയ്തത്. അതിന് പല കാരണങ്ങളുണ്ട്. പ്രതീക്ഷിക്കാത്ത പരാജയമാണ് യു.ഡി.എഫ് നേരിട്ടത്. സംഘപരിവാര്‍ ഉയര്‍ത്തിയ വെല്ലുവിളിയെ ഫലപ്രദമായി നേരിടാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു. ഇത് ന്യൂനപക്ഷ വോട്ടുകള്‍ അവര്‍ക്ക് ലഭിക്കാന്‍ കാരണമായിട്ടുണ്ട്.
വി സുരേന്ദ്രന്‍പിള്ളയെ സംസ്ഥാന വൈസ്പ്രസിഡന്റായും ജോസഫ് ചാവറയെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും തീരുമാനിച്ചതായി സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് അറിയിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനെ തല്‍സ്ഥാനത്തുനിന്നു മാറ്റാനും തീരുമാനമായി. വി കുഞ്ഞാലിക്ക് താല്‍ക്കാലിക ചുമതല നല്‍കിയതായും നേതൃത്വം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."