താന്‍ പൂര്‍ണ ആരോഗ്യവാന്‍; കഥകള്‍ മെനഞ്ഞത് മരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍: പിണറായി
തിരുവനന്തപുരം: താന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. താന്‍ മരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് കഥകള്‍ മെനഞ്ഞതെന്നും പിണറായി വിജയന് പറഞ്ഞു.
ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ആരോഗ്യപരിശോധനയ്ക്ക് ശേഷം മടങ്ങിയെത്തിയ മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ത്രിപുര ഫലത്തെ കുറിച്ചുള്ള ചോദ്യത്തിന് പക്ഷെ തനിക്ക് പറയാനുള്ളത് മറ്റൊന്നാണെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ചെന്നൈയിലേതു പതിവു പരിശോധന മാത്രമാണ്. 15 വര്‍ഷമായി ഈ പരിശോധന നടത്തുന്നു. മറ്റു യാതൊരു പ്രശ്നവും തന്റെ ആരോഗ്യത്തിനില്ല. ഒരിക്കല്‍ തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിലേക്കു പോകുമ്പോള്‍ നിങ്ങളില്‍ ഒരാള്‍ അവിടെ ഇരിപ്പുണ്ട്. അയാള്‍ അടുത്ത സുഹൃത്തിനോടു പറയുകയാണ് ഇയാള്‍ വാഹനമിടിച്ചു മരിക്കുന്നില്ലല്ലോയെന്ന്. അങ്ങനെയുള്ള ആളുകളുടെ ആഗ്രഹങ്ങളാണ് പ്ലേറ്റ്ലറ്റ് കൗണ്ട് കുറഞ്ഞെന്ന തരത്തില്‍ വാര്‍ത്തയായി പ്രചരിച്ചത്. അങ്ങനെ ആഗ്രഹിച്ചതുകൊണ്ടുമാത്രം ഒരു മനുഷ്യന് അങ്ങനെയൊന്നും സംഭവിക്കില്ല. പിണറായി വ്യക്തമാക്കി.ശനിയാഴ്ച പുലര്‍ച്ചെയാണ് പിണറായിയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് മാധ്യമ പ്രവര്‍ത്തകര്‍ക്കായി വിവരങ്ങള്‍ കൈമാറാന്‍ തുടങ്ങിയ വാട്സ് ആപ്പ് ഗ്രൂപ്പില്‍ കൃത്യമായ വിവരങ്ങളൊന്നും നല്‍കിയില്ല. മുഖ്യമന്ത്രിയുടെ ഭാര്യക്കുള്ള പതിവ് ആരോഗ്യ പരിശോധനയെന്നാണ് വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ വിശദീകരിച്ചത്. എന്നാല്‍ ഇതിനുപിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുഖ്യമന്ത്രിയെ ആണെന്ന് അപ്പോളോ ആശുപത്രിയുടെ വാര്‍ത്താക്കുറിപ്പ് പുറത്തിറങ്ങി. പിന്നാലെ മൂന്നു മാസത്തിലൊരിക്കല്‍ മുഖ്യമന്ത്രിയും ഭാര്യ കമലയും പരിശോധനയ്ക്കായി അപ്പോളോയില്‍ എത്താറുണ്ടെന്നും അസാധാരണമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇന്നലെ രാവിലെ മുതല്‍ വിമാനത്താവളത്തില്‍ മുമ്പെങ്ങുമില്ലാത്ത കനത്തസുരക്ഷയാണ് പൊലിസ് ഒരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."