അഴിമതിവിരുദ്ധ പോരാട്ടം: അന്താരാഷ്ട്ര ബാങ്കുകള്‍ സഊദിയിലേക്ക്
റിയാദ്: അഴിമതിവിരുദ്ധ പോരാട്ടത്തില്‍ ശക്തമായ നിലപാടെടുത്ത് ലോകത്തിനു മുന്നില്‍ തിളങ്ങിയ സഊദിയിലേക്ക് കൂടുതല്‍ അന്താരാഷ്ട്ര ബാങ്കുകള്‍ കടന്നുവരുന്നതായി റിപ്പോര്‍ട്ടുകള്‍.
ഇതിനു മുന്നോടിയായി വിവിധ ബാങ്കുകള്‍ തങ്ങളുടെ പ്രതിനിധികളെ സഊദിയില്‍ നിയമിച്ചതായും വരുംകാലങ്ങളില്‍ കൂടുതല്‍ നിക്ഷേപം ഒരുക്കാനും ഇവര്‍ തയാറെടുക്കുന്നതായും ബ്ലൂംബെര്‍ഗ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
യു.ബി.സി, ഗോള്‍ഡ്മാന്‍ സാക്‌സ് എന്നീ ബാങ്കുകളാണ് ഇതിനകം പ്രതിനിധികളെ സഊദിയില്‍ നിയോഗിച്ചത്. നീണ്ട 13 വര്‍ഷത്തിനു ശേഷം സിറ്റി ഗ്രൂപ്പ് സഊദിയില്‍ വന്‍ നിക്ഷേപം ഇറക്കാനുള്ള ഒരുക്കത്തിലാണ്. സഊദി വിപണി നല്ലൊരു കേന്ദ്രമാണെന്നാണ് ഡ്യുസ്‌ചെ ബാങ്കിന്റെ നിലപാട്. കൂടുതല്‍ ബാങ്കുകളും ഫിനാന്‍സ് കമ്പനികളും സഊദിയിലേക്ക് ഉടന്‍ വരുമെന്നാണ് ബ്ലൂംബെര്‍ഗ് വിലയിരുത്തല്‍.
നാലുമാസം മുന്‍പാണ് ലോക രാജ്യങ്ങളെ ഞെട്ടിച്ച് സഊദിയില്‍ ഭരണരംഗത്തെ ഉന്നതരെയും രാജ കുടുംബങ്ങളിലെ പ്രമുഖരെയുമടക്കം അഴിമതിവിരുദ്ധ സമിതി അഴികള്‍ക്കുള്ളിലാക്കിയത്.
രാജകുടുംബങ്ങളിലെ ഉന്നതരും മന്ത്രിമാരും ലോക സമ്പന്നരും ഉള്‍പ്പെട്ടത് ആശങ്കയുളവാക്കിയെങ്കിലും പിന്നീട് ഇവര്‍ക്കെതിരേ കണ്ടെത്തിയ അഴിമതിപ്പണം പൊതുഖജനാവിലേക്ക് തിരിച്ചടച്ച് പലരും രക്ഷപ്പെടുകയായിരുന്നു. അറസ്റ്റിലായവരില്‍ 56 പേര്‍ ഇപ്പോഴും അഴികള്‍ക്കുള്ളിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."