ദുരിതക്കയത്തില്‍ ഒരു ആദിവാസി കോളനി
തരുവണ: ആദിവാസികളുടെ ഉന്നമനത്തിനായി ഭരണകൂടങ്ങള്‍ ലക്ഷങ്ങള്‍ പൊടിക്കുമ്പോഴും അര്‍ഹിച്ചതൊന്നും ലഭിക്കാതെ ഒരു ആദിവാസി കോളനി. വെള്ളമുണ്ട പഞ്ചായത്തിലെ തരുവണ-മഴുവന്നൂര്‍ കോളനിയിലെ പതിനാറോളം ആദിവാസി കുടുംബങ്ങളാണ് സുരക്ഷിതമായ കൂരയും കുടിവെള്ളവുമില്ലാതെ ദുരിതക്കയത്തില്‍ കഴിയുന്നത്.
മഴക്കാലമെത്തുന്നത് ഭയത്തോടെയാണ് കോളനിക്കാര്‍ കാത്തിരിക്കുന്നത്. ഒരു കാറ്റടിച്ചാല്‍ വീഴുന്ന മേല്‍ക്കൂരയുള്ള ചെറിയ കൂരകളിലാണ് കോളനിക്കാരുടെ വാസം. ചെറിയ കുട്ടികളടക്കം കഴിയുന്നത് ഈ കാറ്റടിച്ചാല്‍ വീഴുന്ന മേല്‍ക്കുരക്ക് കീഴിലാണ്. ആവശ്യത്തിന് കുടിവെള്ളമില്ലാത്തതാണ് കോളനിക്കാന്‍ നേരിടുന്ന പ്രധാന പ്രശ്‌നം. നിലവില്‍ ചെളി നിറഞ്ഞ വെള്ളമാണ് ഇവര്‍ ഉപയോഗിക്കുന്നത്. വേനല്‍ കടുത്തതോടെ കോളനിയിലെ കിണര്‍ വറ്റിയതാണ് കോളനിക്കാരുടെ പ്രതിസന്ധി ഇരട്ടിയാക്കിയത്. അരക്കിലോമീറ്ററോളം നടന്നാണ് കോളനിക്കാര്‍ കുടിവെള്ളം ശേഖരിക്കുന്നത്. ഇതും വയലുകളിലും മറ്റു ചതുപ്പ് നിലങ്ങളിലും കെട്ടിനില്‍ക്കുന്ന കന്നുകാലികളും മറ്റും ചൂടകറ്റാന്‍ കിടക്കുന്ന വെള്ളക്കെട്ടില്‍ നിന്നാണ് കോളനിക്കാര്‍ വീട്ടാവശ്യത്തിനുള്ള വെള്ളം ശേഖരിക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങളും മറ്റും ആദിവാസി കോളനി വികസനത്തിന് പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ടെങ്കിലും മഴുവന്നൂര്‍ കോളനിയില്‍ ഇതൊന്നുമെത്തിയിട്ടില്ല. ഇത്തവണ മഴക്കൊപ്പം കാറ്റും ശക്തമായിരിക്കുമെന്ന് കലാവസ്ഥാ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മഴക്കാലം ഇവരുടെ കൂരകള്‍ താണ്ടുമോയെന്ന കാര്യം തന്നെ സംശയമാണ്. നടവഴി പോലുമില്ലാത്ത കോളനിയില്‍ ഇനിയെന്ന് വികസനം വരുമെന്നാണ് കോളനിക്കാരുടെ ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."