ഏറ്റവും മോശം പരിശീലകനെന്ന് ബെര്‍ബറ്റോവ്
കൊച്ചി: കഴിഞ്ഞ സീസണിലെ കടം വീട്ടാനാകാതെ, കലിപ്പടങ്ങാതെ, കപ്പടിക്കാതെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പുറത്തായ കേരള ബ്ലാസ്റ്റേഴ്‌സില്‍ പൊട്ടിത്തെറി. മുഖ്യ പരിശീലകന്‍ ഡേവിഡ് ജെയിംസിനെതിരേ ആഞ്ഞടിച്ച് സൂപ്പര്‍ താരം ദിമിത്രി ബെര്‍ബറ്റോവ് രംഗത്തെത്തി. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മോശം പരിശീലകനാണ് ഡേവിഡ് ജെയിംസ് എന്നാണ് ബെര്‍ബ തുറന്നടിച്ചത്. ഡേവിഡ് ജെയിംസിന്റെ പേരെടുത്ത് പറയാതെ ഇന്‍സ്റ്റഗ്രാമിലാണ് ബെര്‍ബയുടെ കടുത്ത വിമര്‍ശനം. ഇതോടെ ബെര്‍ബറ്റോവ് അടുത്ത മാസം നടക്കുന്ന സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ കളിക്കില്ലെന്ന് ഉറപ്പായി.
ഐ.എസ്.എല്ലിന്റെ നാലാം പതിപ്പില്‍ പ്ലേ ഓഫില്‍ കടക്കാനാകാതെ ബ്ലാസ്റ്റേഴ്‌സ് പുറത്തായതിന് പിന്നാലെയാണ് ടീമിലെ കലഹം പരസ്യമായത്. പരിശീലകന്റെ തന്ത്രങ്ങളും ഉപദേശങ്ങളും വളരെ മോശമായിരുന്നു എന്നാണ് ബെര്‍ബ തുറന്നടിച്ചിരിക്കുന്നത്. സ്‌ട്രൈക്കറുടെ നെഞ്ചിലേക്ക് പന്ത് ചിപ്പ് ചെയ്തു കൊടുക്കണം എന്നത് ഉള്‍പ്പെടെ പരിശീലകന്റെ നിര്‍ദേശങ്ങളെ ബെര്‍ബറ്റോവ് പോസ്റ്റില്‍ പരിഹസിക്കുന്നു. ഇതുപോലെ ആരാണ് കളിക്കുക എന്നാണ് ബെര്‍ബയുടെ ചോദ്യം. സ്വദേശമായ ബള്‍ഗേറിയയിലേക്ക് മടങ്ങും മുന്‍പ് പോസ്റ്റ് ചെയ്ത വിമാനത്തിനുള്ളില്‍ നിന്നുള്ള ചിത്രത്തിന് ഒപ്പമാണ് ഡേവിഡ് ജെയിംസിനെ വിമര്‍ശിക്കുന്നത്. സീസണ്‍ അവസാനിച്ചെന്നും വീട്ടിലേക്ക് മടങ്ങാന്‍ സമയമായെന്നും ബെര്‍ബ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അതേസമയം ബെര്‍ബറ്റോവിന്റെ പോസ്റ്റിനെ അനുകൂലിച്ച് മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം മൈക്കല്‍ ചോപ്രയും വിമര്‍ശിച്ച് സൂപ്പര്‍ താരം ഇയാന്‍ ഹ്യൂം രംഗത്തെത്തി. നിങ്ങള്‍ക്ക് നല്ലതൊന്നും പറയാനില്ലെങ്കില്‍ മിണ്ടാതിരിക്കുകയാണ് വേണ്ടതെന്ന് ഹ്യൂം ബെര്‍ബറ്റോവിനെ പരോക്ഷമായി വിമര്‍ശിച്ച് ട്വീറ്റ് ചെയ്തു. അവസാന ദിവസങ്ങളില്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി കൂടുതല്‍ ശ്രദ്ധ കിട്ടാനാണ് ചിലരുടെ ശ്രമമെന്നും ഹ്യൂം പ്രതികരിച്ചു. മികച്ച താരങ്ങളില്‍ നിന്ന് ഫലം ലഭിക്കാന്‍ അവര്‍ക്കനുസരിച്ച് തന്ത്രങ്ങളില്‍ മാറ്റം വരുത്തണമെന്ന് മൈക്കല്‍ ചോപ്ര ജെയിംസിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തു.
ബെര്‍ബറ്റോവ് മികവിലേക്കുയരാതിരുന്നത് തന്ത്രങ്ങളിലെ പോരായ്മകളാണെന്നും ബെര്‍ബയുടെ ഇതേ അഭിപ്രായം ആദ്യ സീസണില്‍ ജെയിംസിന് കീഴില്‍ പന്തുതട്ടിയ പല താരങ്ങള്‍ക്കുമുണ്ടാകുമെന്നും ചോപ്ര ട്വിറ്ററില്‍ കുറിച്ചു.
സീസണിന്റെ തുടക്കം മുതലേ ബ്ലാസ്റ്റേഴ്‌സില്‍ താരങ്ങളും പരിശീലകനും തമ്മില്‍ കലഹം നിലനിന്നിരുന്നു. സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിനെ പകരക്കാരുടെ ബെഞ്ചില്‍ ഇരുത്തിയതിന്റെ പേരില്‍ സീസണിലെ ആദ്യ പരിശീലകനായ റെനെ മ്യൂളന്‍സ്റ്റീനും ടീം മാനേജ്‌മെന്റും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. തുടര്‍ തോല്‍വികളുമായി നിറം മങ്ങിയ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഒടുവില്‍ റെനെയെ പുറത്താക്കി. ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് പുറത്തു പോയതോടെ നായകന്‍ സന്തേഷ് ജിങ്കനെതിരേ കടുത്ത വിമര്‍ശനമാണ് റെനെ ഉയര്‍ത്തിയത്. മദ്യപിച്ച് ആഘോഷിക്കുകയായിരുന്നു ജിങ്കന്‍ എന്നാണ് റെനെ വിമര്‍ശിച്ചത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരങ്ങളായ ബെര്‍ബയെയും വെസ് ബ്രൗണിനെയും മാര്‍ക് സിഫ്‌നിയോസിനെയും റെനെയാണ് ബ്ലാസ്റ്റേഴ്‌സിലേക്ക് കൊണ്ടു വന്നത്. ഡേവിഡ് ജെയിംസ് വന്നതോടെ സിഫ്‌നിയോസ് ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാര്‍ അവസാനിപ്പിച്ച് എഫ്.സി ഗോവയിലേക്ക് ചേക്കേറി.
ഐ.എസ്.എല്‍-ഐ ലീഗ് ക്ലബുകള്‍ അണിനിരക്കുന്ന സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ബെര്‍ബ ബൂട്ടുകെട്ടില്ലെന്ന് ഉറപ്പാണ്. വെസ് ബ്രൗണും സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടുകെട്ടുമോയെന്ന കാര്യത്തിലും സംശയം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."