എഫ്.സി ഗോവ സെമിയില്‍
ജംഷഡ്പൂര്‍: കോപ്പലാശാന്റേയും സംഘത്തിന്റേയും സെമി മോഹങ്ങള്‍ തല്ലിക്കെടുത്തി എഫ്.സി ഗോവ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോരാട്ടത്തിന്റെ സെമിയിലേക്ക് മുന്നേറി. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ജംഷഡ്പൂര്‍ സ്വന്തം തട്ടകത്തില്‍ നടന്ന നിര്‍ണായക പോരാട്ടത്തില്‍ തോല്‍വി വഴങ്ങിയത്. ഗോവ സെമിയിലേക്ക് കടന്നതോടെ അവസാന നാലിലെ പോരാട്ടത്തിന്റെ ചിത്രവും വ്യക്തമായി. ഈ മാസം ഏഴിന് നടക്കുന്ന ഒന്നാം സെമിയില്‍ എഫ്.സി പൂനെ സിറ്റി- ബംഗളൂരു എഫ്.സിയുമായും പത്തിന് നടക്കുന്ന രണ്ടാം സെമിയില്‍ എഫ്.സി ഗോവ- ചെന്നൈയിന്‍ എഫ്.സിയുമായും ഏറ്റുമുട്ടും.
സ്വന്തം തട്ടകത്തില്‍ അതിനിര്‍ണായക പോരാട്ടത്തില്‍ കോപ്പലാശന്റെ തന്ത്രങ്ങളെല്ലാം പിഴച്ചുപോയപ്പോള്‍ ഗോവയുടെ ജയം അനായാസവും ഏകപക്ഷീയവുമായി. ഇരു പക്ഷത്തേയും ഗോള്‍ കീപ്പര്‍മാര്‍ സമാന രീതിയില്‍ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായതും ശ്രദ്ധേയമായി. കളിയുടെ ഏഴാം മിനുട്ടില്‍ പെനാല്‍റ്റി ബോക്‌സിന് പുറത്ത് നിന്ന് പന്ത് കൈകൊണ്ട് തൊട്ടതിന് ജംഷഡ്പൂര്‍ ഗോള്‍ കീപ്പര്‍ സുബ്രതോ പാല്‍ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായതിന്റെ ഞെട്ടലില്‍ നിന്ന് ടീമിന് തിരിച്ചുകയറാന്‍ സാധിച്ചില്ല. കളിയുടെ 75ാം മിനുട്ടില്‍ ഗോവന്‍ കാവല്‍ക്കാരന്‍ നവീന്‍ കുമാറും സമാന രീതിയില്‍ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായെങ്കിലും അവസരം മുതലാക്കാനുള്ള കെല്‍പ്പ് ജംഷഡ്പൂരിന് ഇല്ലാതെയും പോയി.
മത്സരത്തിലുടനീളം നിറഞ്ഞു കളിച്ചാണ് ഗോവയുടെ മുന്നേറ്റം. 76 ശതമാനം പന്ത് കൈവശം വച്ചത് ഗോവയായിരുന്നു. കേവലം 24 ശതമാനം മാത്രമാണ് ജംഷഡ്പൂരിന് പന്ത് കൈവശം വയ്ക്കാന്‍ സാധിച്ചത്. ഈ കണക്കില്‍ നിന്നുതന്നെ മത്സരത്തിന്റെ ഫലം മനസിലാക്കാം. ഫെറാന്‍ കൊറോമിനസ് ഇരട്ട ഗോളുകളും മാനുവല്‍ ലാന്‍സരോട്ടെ ബ്രുണോ ശേഷിച്ച ഗോളും വലയിലാക്കിയാണ് ഗോവയെ അവസാന നാലിലേക്ക് നയിച്ചത്. 29, 51 മിനുട്ടുകളിലാണ് കൊറോമിനസിന്റെ ഗോളുകള്‍. ലാന്‍സരോട്ടെ 69ാം മിനുട്ടിലാണ് ഗോള്‍ നേടിയത്. 30 പോയിന്റുമായി ഗോവ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഇത്രയും പോയിന്റുള്ള എഫ്.സി പൂനെ സിറ്റി നാലാം സ്ഥാനത്തായി. ബംഗളൂരു എഫ്.സിയും ചെന്നൈയിന്‍ എഫ്.സിയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്. 26 പോയിന്റുമായി ജംഷഡ്പൂര്‍ എഫ്.സി അഞ്ചാം സ്ഥാനത്ത്.
സെമിയിലെത്താന്‍ ഗോവയ്ക്ക് ഒരു സമനില മാത്രം മതിയായിരുന്നപ്പോള്‍ ജംഷഡ്പൂരിന് വിജയം അനിവാര്യമായിരുന്നു. ഏഴാം മിനുട്ടില്‍ തന്നെ ഗോളി സുബ്രതാ പാലിന് ചുവപ്പ് കാര്‍ഡ് ലഭിച്ചതാണ് ജംഷഡ്പൂരിനെ വലിയ പരാജയത്തിലേക്ക് നയിച്ചത്. ബോക്‌സിലേക്ക് കുതിച്ച ഗോവയുടെ കോറോയെ തടയാന്‍ ബോക്‌സിന് പുറത്തിറങ്ങി പന്ത് കൈകൊണ്ട് തട്ടിയിട്ടതിനാണ് റഫറി സുബ്രതോയ്ക്ക് ചുവപ്പ് കാര്‍ഡ് നല്‍കിയത്. ഇതോടെ പത്ത് പേരുമായി കളിച്ച ജംഷഡ്പൂരിന് മികച്ച ടീമായ ഗോവയ്ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ജംഷഡ്പൂരിലെ ജെ.ആര്‍.ഡി. ടാറ്റാ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മുഴുനീള കൈയാങ്കളിയും അരങ്ങേറി. രണ്ട് ചുവപ്പ് കാര്‍ഡും ആറ് മഞ്ഞക്കാര്‍ഡുമാണ് റഫറിയ്ക്ക് പുറത്തെടുക്കേണ്ടി വന്നത്.
സെറിട്ടന്‍ ഫെര്‍ണാണ്ടസിന്റെ ക്രോസില്‍ നിന്നാണ് കോറോ ആദ്യ ഗോള്‍ നേടിയത്. വലത് വിങ്ങിലൂടെ ഓടിക്കയറിയ സെറിട്ടന്‍ പ്രതിരോധത്തെ മുഴുവന്‍ പിന്നിലാക്കിയാണ് ക്രോസ് നല്‍കിയത്. കോറോവിന് വെറുതെ തൊട്ടുകൊടുക്കുകയേ വേണ്ടിയിരുന്നുള്ളൂ. 51ാം മിനുട്ടില്‍ മൈതാന മധ്യത്തില്‍ നിന്ന് ഉയര്‍ന്നുവന്ന പന്ത് മൂന്ന് പ്രതിരോധ ഭടന്മാര്‍ നോക്കി നില്‍ക്കെ ഓടിക്കയറിയെടുത്ത കോറോ ഗോളിയേയും കബളിപ്പിച്ച് ലക്ഷ്യം കണ്ടു. ജംഷഡ്പൂരിന്റെ ഓഫ്‌സൈഡ് ട്രാപ്പ് മറികടന്നായിരുന്നു ഈ ഗോള്‍. 69ാം മിനുട്ടില്‍ ലാന്‍സരോട്ടെയും ഗോള്‍ നേടിയത് ഇതേ രീതിയിലായിരുന്നു. ജംഷഡ്പൂരിന്റെ നാല് കളിക്കാര്‍ പ്രതിരോധത്തിലുണ്ടായിട്ടും സ്‌പെയിന്‍ താരത്തെ പൂട്ടാന്‍ അവര്‍ മറന്നു. ബോക്‌സിന്റെ വലത് വശത്ത് കൂടി ഓടിക്കയറിയ അദ്ദേഹം കോറോയില്‍ നിന്ന് പന്ത് സ്വീകരിച്ചാണ് ഷോട്ടെടുത്തത്. 75ാം മിനുട്ടിലാണ് റഫറി രണ്ടാമത്തെ ചുവപ്പ് കാര്‍ഡ് പുറത്തെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."