ജസ്റ്റിസ് ലോയ, സുഹ്‌റബുദ്ദീന്‍- ആ ചോരയുടെ പിന്നിലുള്ള മറ്റു കൊലകള്‍
ബോളിവുഡ് ചേരുവ പോലെ ഇതൊരു വലിയ തിരക്കഥയാണ്. ഇഷ്ടംപോലെ പണവും രക്തവും ഒഴുകിയ, പല സസ്‌പെന്‍ഷനുകളും സ്ഥലംമാറ്റവും കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചു സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നു വിരമിച്ചു ക്ഷീണം മാറും മുമ്പ് ഗവര്‍ണര്‍ പദവി നല്‍കി ആദരിച്ചതടക്കമുള്ള ഒരുരാജ്യത്തിന്റെ സര്‍വ സ്തംഭങ്ങളെയും മരവിപ്പിച്ചുനിര്‍ത്തിയ കഥ.
സംഘടനാ പ്രവര്‍ത്തനത്തിനായി ഭാര്യയെ ഉപേക്ഷിച്ച ഒരു ശരാശരി ആര്‍.എസ്.എസ് പ്രചാരകനായ ഒരാള്‍ തന്റെ വിദ്യാഭ്യാസ യോഗ്യത മറച്ചുവച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിയായതാണ് കഥയുടെ പര്യവസാനം. ഒപ്പം, കൊലക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് സ്വന്തം നാട്ടില്‍ കാലുകുത്തരുതെന്ന് പരമോന്നത കോടതി ഓര്‍മിപ്പിച്ച ഒരാള്‍, രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷനാവുകയും ചെയ്തു.
സുഹ്‌റബുദ്ദീന്‍ ശൈഖിന്റെ വ്യാജ ഏറ്റുമുട്ടല്‍ കൊലയും ജസ്റ്റിസ് ലോയയുടെ ദുരൂഹമരണവും മാത്രം മാധ്യമങ്ങളില്‍ നിറയുമ്പോള്‍, ഒരു ശ്രേണിയിലെ രണ്ടു മരണങ്ങള്‍ മാത്രമാണ് അവയെന്ന സത്യം നാം അറിയാതെ പോവുന്നു. അറിയപ്പെടാതെ പോയ ആ മരണങ്ങള്‍ ആണ് താഴെ.
1: ഹിരണ്‍ പാണ്ഡ്യ
മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയായ, ആര്‍.എസ്.എസ്സിലൂടെ വളര്‍ന്ന് ബി.ജെ.പിയിലെത്തിയ നല്ല രാഷ്ട്രീയ ഭാവിയുള്ള ഹിരണ്‍ പാണ്ഡ്യ 2003 മാര്‍ച്ച് 26ന് പ്രഭാത സവാരിക്കിടെ വെടിയേറ്റ് മരിക്കുകയായിരുന്നു. മോദിക്കു മുമ്പ് ഗുജറാത്ത് ഭരിച്ച കേശുഭായി പട്ടേലിന്റെ വലംകൈയായിരുന്നു.
[caption id="attachment_495033" align="alignleft" width="307"] ഹിരണ്‍ പാണ്ഡ്യ[/caption]ശങ്കര്‍ സിങ് വഗേല കേശുഭായി പട്ടേല്‍ എന്നീ ഗ്രൂപ്പുകളുടെ കൈയിലായിരുന്ന ഗുജറാത്ത് ബി.ജെ.പിയില്‍ റോളില്ലാതിരുന്ന നരേന്ദ്രമോദി ദേശീയ സെക്രട്ടറിയായി 'ഉയര്‍ത്തപ്പെട്ട' സമയമായിരുന്നു അത്. 2001ലെ ഭൂകമ്പത്തെത്തുടര്‍ന്നുള്ള പ്രത്യേക സഹാര്യത്തില്‍ കേശുഭായി രാജിവച്ചു. എം.എല്‍.എ അല്ലാതിരുന്ന മോദി കരുനീക്കങ്ങളിലൂടെ മുഖ്യമന്ത്രിയായി. മോദിയുടെ മന്ത്രിസഭയില്‍ കേശഭായിയുടെ വലംകൈയായ ഹിരണിനെ ആദ്യം ഉള്‍പ്പെടുത്തിയില്ല.
മുഖ്യമന്ത്രിയായതിനെത്തുടര്‍ന്ന് സുരക്ഷിതമണ്ഡലം തേടിയ മോദി, ഹിരണിന്റെ എല്ലിസ്ബ്രിഡ്ജ് പരിഗണിച്ചെങ്കിലും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ഒടുവില്‍ മോദിക്ക് രാജ്‌കോട്ടില്‍ നിന്നു മല്‍സരിക്കേണ്ടിവന്നു. ഇതിനിടെ 2002 ഫെബ്രുവരിയില്‍ ഗുജറാത്ത് കലാപം പൊട്ടിപ്പുറപ്പെട്ടു. മലയാളിയായ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള സമിതിക്കു മുമ്പാകെ ഹിരണ്‍ പാണ്ഡ്യ മോദിക്കെതിരേ നിര്‍ണായ വെളിപ്പെടുത്തലുകളുള്ള രഹസ്യമൊഴിനല്‍കി. ഗോധ്രയില്‍ തീവണ്ടി അഗ്‌നിക്കിരയാക്കപ്പെട്ട ദിവസം രാത്രി വിളിച്ച ഉന്നതതലയോഗത്തില്‍ 'ജനം അവരുടെ നിരാശ പ്രകടിപ്പിക്കട്ടെ', 'ഹിന്ദുക്കള്‍ക്ക് തിരിച്ചടിക്കാന്‍ അവസരം നല്‍കണം' എന്ന് മുഖ്യമന്ത്രി നിര്‍ദേശം കൊടുത്തതടക്കമുള്ള വിവരങ്ങളാണ് സമിതിക്കു മുമ്പാകെ ഹിരണ്‍ വെളിപ്പെടുത്തിയത്. മൊഴികള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ന്നുകിട്ടി. (ഔട്ട്‌ലുക്ക് ജൂണ്‍ 3, 2002)
സമിതിക്കു മൊഴിനല്‍കിയത് ഹിരണിന്റെ മന്ത്രിസ്ഥാനം തെറിക്കുന്നതില്‍ എത്തി. പിന്നാലെ ഔട്ട്‌ലുക്ക് വാരികയില്‍ 'പേര് വെളിപ്പെടുത്താത്ത മുന്‍ മന്ത്രി'യുടെ വിശദ അഭിമുഖവും വന്നു. പേരുവെളിപ്പെടുത്തിയാല്‍ കൊല്ലപ്പെട്ടേക്കാമെന്നും ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ആ വര്‍ഷം അവസാനം നടന്ന തെരഞ്ഞെടുപ്പില്‍ പാണ്ഡ്യക്കു സീറ്റ് ലഭിച്ചില്ല. ഭാവി വാഗ്ദാനമായി അറിയപ്പെട്ട ഹിരണിനു സീറ്റ് നിഷേധിച്ചത് പാര്‍ട്ടിയില്‍ വലിയ തോതില്‍ ചര്‍ച്ചചെയ്യപ്പെട്ടു. പിന്നീട് രാജ്യസഭയിലേക്കും ദേശീയ നേതൃത്വത്തിലേക്കും പാണ്ഡ്യയുടെ പേര് ഉയര്‍ന്നു. രാജ്യസഭാ സീറ്റ് വാഗ്ദാനവും ദേശീയ നിര്‍വാഹകസമിതിയിലേക്കു നിയമിക്കപ്പെട്ട അറിയിപ്പും അടങ്ങിയ ഫാക്‌സ് സന്ദേശം ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്തു നിന്നു ലഭിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് രാവിലെ ഹിരണ്‍ വെടിയേറ്റ് മരിച്ചത്.
കലാപത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി വാജ്‌പേയി മോദിയെ അടുപ്പിക്കാതിരുന്നതോടെ ദേശീയനേതൃത്വത്തില്‍ മോദി ഏറെക്കുറേ ഒറ്റപ്പെട്ടു. ഇതിനു പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നും പാണ്ഡ്യ പ്രഖ്യാപിക്കുകയും ചെയ്തു. മോദിയുടെ രാഷ്ട്രീയഭാവി തന്നെ ഇല്ലാതാക്കുന്ന വിധത്തിലുള്ള വെളിപ്പെടുത്തലുകള്‍ നടത്താനിരിക്കെയായിരുന്നു പാണ്ഡ്യെയുടെ മരണം.
പാക് ചാരസംഘടന ഐ.എസ്.ഐയും ലഷ്‌ക്കറെ ത്വയ്ബയും ദാവൂദ് ഇബ്രാഹീമും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഹിരണ്‍ കൊല്ലപ്പെട്ടതെന്നും ഗുജറാത്ത് കലാപത്തിന്റെ പ്രതികാരമായിരുന്നു ഇതെന്നുമാണ് കേന്ദ്രവും സംസ്ഥാനവും ഭരിച്ച ബി.ജെ.പി സര്‍ക്കാരുകള്‍ അന്ന് മാധ്യമങ്ങളോടു പറഞ്ഞത്.
കേസില്‍ ഏതാനും മുസ്‌ലിം ചെറുപ്പക്കാരെ അറസ്റ്റ് ചെയ്ത് പോട്ട ചുമത്തി അകത്തിട്ടു. (2011ല്‍ അന്വേഷണ ഉദ്യോഗസ്ഥരെ നിശിതമായി വിമര്‍ശിച്ച കോടതി അറസ്റ്റിലായ മുഴുന്‍ പേരെയും വെറുതെവിടുകയാണ് ചെയ്തത്). മരണവീട്ടില്‍ വന്ന മോദിയെ മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ അനുവദിക്കാതെ ഹിരണിന്റെ അച്ഛന്‍ വിത്തല്‍ഭായി പൊട്ടിത്തെറിച്ചു.
2004ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഗാന്ധിനഗറില്‍ അദ്വാനിക്കെതിരേ മല്‍സരിച്ച് വിത്തല്‍ഭായി 8,000ലേറെ വോട്ടുകളും നേടി. മരിക്കുന്നതിനു മുമ്പ് ഹിരണിനുള്ള സുരക്ഷ പിന്‍വലിച്ചെന്ന് ആരോപിച്ച വിത്തല്‍ഭായ്, സംഭവത്തിനു പിന്നില്‍ അദ്വാനിക്കും പങ്കുണ്ടെന്നും ആരോപിച്ചിരുന്നു. ഗുജറാത്തിലെ മോദിവിരുദ്ധ ചേരിയിലെ പ്രധാനിയും മുന്‍മന്ത്രിയും വി.എച്ച്.പി നേതാവുമായ ഗോര്‍ധന്‍ സദാഫിയയും ഹിരണിന്റെ കൊലയ്ക്കു പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയെ കുറിച്ചുപറയുന്നുണ്ട്.
ഹിരണ്‍ പാണ്ഡ്യയെ കൊല്ലാനുള്ള ക്വട്ടേഷന്‍ ഗുജറാത്ത് പൊലിസ് സുഹ്‌റബുദ്ദീനെ ആയിരുന്നു ആദ്യം ഏല്‍പ്പിച്ചത്. കേസില്‍ പിന്നീട് അറസ്റ്റിലായ അസ്ഗര്‍ അലി എന്നയാള്‍ക്ക് സുഹ്‌റബുദ്ദീന്‍ ക്വട്ടേഷന്‍ മറിച്ചു നല്‍കി. മുസ്‌ലിം പേരുകാരന്‍ കൊലനടത്തിയാല്‍ വര്‍ഗീയനിറം ഉണ്ടാവുമെന്നും അവര്‍ കണക്കുകൂട്ടി. ക്വട്ടേഷന്‍ അസ്ഗര്‍ അലി നിരസിച്ചതോടെ തുളസിറാം പ്രജാപതിക്കായി ചുമതല. പ്രജാപതി കൊലനടത്തുകയും പ്രതിഫലം സുഹ്‌റബുദ്ദീനില്‍ നിന്ന് കൈപറ്റുകയുംചെയ്തു. (ഡി.എന്‍.എ ദിനപത്രം, 2011 ആഗസ്ത് 30).
ഇതിനിടെ 2004ല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലെത്തി. അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്കു ലഭിച്ചാല്‍ കൊലപാതക വിവരങ്ങള്‍ ചോര്‍ന്നേക്കുമോയെന്ന ഭീതിയില്‍ സുഹ്‌റബിനെയും പ്രജാപതിയെയും വകവരുത്താന്‍ പൊലിസ് തീരുമാനിക്കുന്നു.
2, 3: സുഹ്‌റബുദ്ദീന്‍, ഭാര്യ കൗസര്‍ബി
2005 നവംബര്‍ 26നാണ് സുഹ്‌റബുദ്ദീന്‍ അന്‍വര്‍ ഹുസൈന്‍ ശൈഖ് കൊല്ലപ്പെടുന്നത്. 28നു ഭാര്യയും കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ഉജ്ജെയ്‌നില്‍ ആണ് വീട് എങ്കിലും പിന്നീട് രാജസ്ഥാനും ഗുജറാത്തും മഹാരാഷ്ട്രയും ആയി സുഹ്‌റബിന്റെ തട്ടകം. ഉമ്മ മധ്യപ്രദേശിലെ ഝരാനിയ ഗ്രാമത്തിലെ ബി.ജെ.പി പിന്തുണയുള്ള സര്‍പഞ്ച് (ഗ്രാമമുഖ്യ) ആയിരുന്നു.
മോഷണം, പിടിച്ചുപറി എന്നിവയിലൂടെ വളര്‍ന്ന് ചെറിയ അധോലോകമായി മാറി. വന്‍കിട വ്യവസായികളുമായും രാഷ്ട്രീയക്കാരുമായും അടുത്തബന്ധം. കൊല്ലപ്പെടുമ്പോള്‍ ചെറുതും വലുതുമായി അമ്പതിലേറെ കേസുകള്‍. കൊലപാതകം വ്യാജ ഏറ്റുമുട്ടല്‍ ആയിരുന്നുവെന്ന് പ്രഥമഅന്വേഷണത്തില്‍ തെളിഞ്ഞതായി ഗുജറാത്ത് സര്‍ക്കാരിന്റെ അഭിഭാഷകന്‍ കെ.ടി.എസ് തുള്‍സി 2007 മാര്‍ച്ചില്‍ സുപ്രിംകോടതിയില്‍ സമ്മതിച്ചിരുന്നു.
[caption id="attachment_495034" align="aligncenter" width="630"] സുഹ്‌റബുദ്ദീന്‍[/caption]
2005 നവംബര്‍ 23നാണ് ഹൈദരാബാദില്‍ നിന്ന് സുഹ്‌റബിനെയും കൗസര്‍ബിയെയും ഗുജറാത്ത് രാജസ്ഥാന്‍ പൊലിസ് തട്ടിക്കൊണ്ടുപോയത്. ഹൈദരാബാദില്‍ നിന്ന് മഹാരാഷ്ട്രയിലെ ഷാംഗ്ലിയിലേക്കുള്ള ആഢംബര ബസ്സില്‍ മടങ്ങുന്നതിനിടെ ബസ് തടഞ്ഞ വലിയൊരു പൊലിസ് സംഘം പിടിച്ചു ജീപ്പില്‍ കയറ്റിയ ശേഷം അഹമ്മദാബാദിലെ ഫാംഹൗസില്‍ താമസിപ്പിച്ചു. പിറ്റേന്ന് സുഹ്‌റബിനെ പുറത്തേക്കു കൊണ്ടുപോയി. 26നു പുലര്‍ച്ചെയാണ് സുഹ്‌റബിനെ വധിച്ചത്.
സുഹ്‌റബ് കൊല്ലപ്പെട്ട ശേഷം രണ്ടുദിവസം കൗസര്‍ബിയെ ഫാംഹൗസില്‍ തന്നെ താമസിപ്പിച്ചു. ഭയപ്പെട്ടതുപോലെ ഭര്‍ത്താവ് കൊല്ലപ്പെട്ടത് അറിഞ്ഞ കൗസര്‍ബി ഏതാനും സമയം അബോധാവസ്ഥയിലായി. മുതിര്‍ന്ന പൊലിസുകാരായ ഡി.ജി വന്‍സാരയും എസ്.പി രാജ്കുമാര്‍ പാണ്ഡ്യനും ആശ്വസിപ്പിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഭീഷണിയും അനുനയമാര്‍ഗവും ഉപയോഗിച്ചു. പുറത്തുപറയാതിരുന്നാല്‍ വന്‍തുക നല്‍കാമെന്ന് വാഗ്ദാനമുണ്ടായെങ്കിലും കൗസര്‍ബി നിരസിച്ചു. (ട്രൂത്ത് ഓഫ് ഗുജറാത്ത്, 2013 ആഗസ്ത് 2).
[caption id="attachment_495035" align="aligncenter" width="630"] കൗസര്‍ബി[/caption]
വഴങ്ങാതെ വന്ന അവരെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി മൃതദേഹം അഗ്‌നിക്കിരയായക്കി. വന്‍സാരയുടെ നാടായ ഇലോലിലെ കുന്നില്‍വച്ച് കത്തിച്ചെന്നാണ് റിപ്പോര്‍ട്ട്. (ഹിന്ദുസ്ഥാന്‍ ടൈംസ് 2010 ജൂലൈ 25). സുഹ്‌റബുദ്ദീന്റെ കൊലപാതകത്തിനു പിന്നാലെ കൗസര്‍ബി എവിടെയെന്ന ചോദ്യം ഉയര്‍ന്നെങ്കിലും 'അപ്രത്യക്ഷമായി' എന്ന മറുപടിയായിരന്നു ഗുജറാത്ത് പൊലിസ് നല്‍കിയിരുന്നത്. എന്നാല്‍, 2007 ഏപ്രിലില്‍ അവര്‍ കൊല്ലപ്പെട്ടെന്നും മൃതദേഹം കത്തിച്ചെന്നും സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. ക്രൂരമായ ബലാല്‍സംഗത്തിനും കൊലപാതകത്തിനും ഇരയായ കൗസര്‍ബിയുടെ കേസ്, സുഹ്‌റബുദ്ദീന്‍ പ്രജാപതി വ്യാജഏറ്റുമുട്ടല്‍ കേസുകള്‍ക്കിടെ മുങ്ങിപ്പോയി എന്നാണ് വാസ്തവം.
4: പ്രജാപതി
രാജസ്ഥാനിലെ ബില്‍വാദ സ്വദേശിയായ തുളസിറാം പ്രജാപതി 2006 ഡിസംബര്‍ 28നാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദില്‍ നിന്ന് സുഹ്‌റബുദ്ദീനെയും കൗസര്‍ബിയെയും പൊലിസ് പിടികൂടി തട്ടിക്കൊണ്ടുപോവുമ്പോള്‍ സുഹ്‌റബിനൊപ്പം ഉണ്ടായിരുന്ന മൂന്നാമത്തെ ആള്‍ പ്രജാപതി ആണെന്നാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന ഗുജറാത്ത് പൊലിസ് ഉദ്യോഗസ്ഥന്‍ ഡി.ജി വന്‍സാരയുടെ ഇന്‍ഫോമറും വിശ്വസ്തനുമായിരുന്ന പ്രജാപതി, സുഹ്‌റബിന്റെ അടുത്ത അനുയായിയുമാണ്. സുഹ്‌റബ് മുഖേനയാണ് പ്രജാപതി അധോലോകത്ത് എത്തുന്നത്. തട്ടിക്കൊണ്ടുപോന്ന ശേഷം സുഹ്‌റബിനെയും കൗസര്‍ബിയെയും അഹമ്മദാബാദിലെ ഫാംഹൗസില്‍ താമസിപ്പിച്ചതും പിന്നീടുണ്ടായ സംഭവവങ്ങളും പ്രജാപതിക്ക് അറിയാമായിരുന്നു.
[caption id="attachment_495036" align="aligncenter" width="630"] പ്രജാപതി[/caption]
അഹമ്മദാബാദില്‍ നിന്നു നാട്ടിലെത്തിയ പ്രജാപതിയെ പിറ്റേന്ന് തന്നെ മോഷണക്കേസില്‍ അറസ്റ്റ്‌ചെയ്തു. രണ്ടുകൊലപാതകങ്ങള്‍ക്കു സാക്ഷിയായ തന്നെ പൊലിസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ പ്രജാപതിക്ക് അപായസൂചന ലഭിച്ചിരുന്നു. ഇതോടെ അദ്ദേഹം ജീവനുഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും അഭ്യര്‍ഥിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷനു കത്തയച്ചു. ഉദ്ദയ്പൂര്‍ ജയിലില്‍ വച്ച് സഹതടവുകാരന്‍ അജാമിനോടും താന്‍ ഏതസമയവും കൊല്ലപ്പെട്ടേക്കാമെന്ന് പ്രജാപതി പറഞ്ഞിരുന്നു. തന്നെ സന്ദര്‍ശിച്ച ബന്ധുക്കളോടും പ്രജാപതി ഇക്കാര്യം ആവര്‍ത്തിച്ചുപറഞ്ഞു. തനിക്കു വന്നേക്കാവുന്ന അപകടത്തെ കുറിച്ച് വിചാരണയ്ക്കിടെ ജഡ്ജിക്കു മുന്നില്‍ പ്രജാപതി വികാരാധീതനായി പറഞ്ഞതു പ്രകാരം സുരക്ഷഉറപ്പാക്കാന്‍ ജഡ്ജി നിര്‍ദേശിച്ചു.
സാധാരണ അജാമിനെയും പ്രജാപതിയെയും ഒന്നിച്ചാണ് കോടതിയില്‍ കൊണ്ടുപോവാറുള്ളത് എങ്കില്‍ ഡിസംബര്‍ 26ലെ വിചാരണയ്ക്കായി ഒറ്റയ്‌ക്കൊറ്റയ്ക്കാണ് കൊണ്ടുപോയത്. ഇറങ്ങുമ്പോള്‍ അജാമിനെ കെട്ടിപ്പിടിച്ച് പ്രജാപതി പറഞ്ഞു, ഇതു നമ്മുടെ അവസാന കൂടിക്കാഴ്ചയായിരിക്കുമെന്ന്. അതുതന്നെ സംഭവിച്ചു. രാജസ്ഥാന്‍ ഗുജറാത്ത് അതിര്‍ത്തിയില്‍ വച്ച് പ്രജാപതി 'ഏറ്റുമുട്ടലില്‍' മരിച്ചു. കൊല്ലപ്പെട്ട സുഹ്‌റബിനെ ലഷ്‌കര്‍ ഭീകരന്‍ എന്ന് ആരോപിച്ച പൊലിസ്, പ്രജാപതിക്കെതിരേ അത്തരം ആരോപണങ്ങള്‍ ഉന്നയിക്കാതെ മൃതദേഹത്തോട് 'നീതി'കാട്ടി.
5: ജസ്റ്റിസ് ലോയ
2014 നവംബര്‍ 30നാണ് മഹാരാഷ്ട്രയിലെ സി.ബി.ഐ ജില്ലാ ജഡ്ജി ജസ്റ്റിസ് ബി.എച്ച് ലോയ മരിച്ചത്. സുഹ്‌റബുദ്ദീന്‍ കേസിന്റെ വിചാരണ ഗുജറാത്തിനുപുറത്തേക്ക് മാറ്റിയും വിചാരണകേള്‍ക്കാന്‍ ജസ്റ്റിസ് ഉല്‍പ്പതിനെ നിയോഗിച്ചും 2012ല്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇതിനിടെ, 2014മെയില്‍ കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലെത്തി. പിന്നാലെ സുപ്രിംകോടതിയുടെ അനുമതിയില്ലാതെ ഉല്‍പ്പതിനെ മാറ്റി ലോയയെ അന്വേഷണചുമതലയുള്ള ജഡ്ജിയായി നിയമിച്ചു. കേസ് പരിഗണിച്ച ആദ്യദിവസം തന്നെ അമിത്ഷായോട് ഹാജരാവാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. മുംബൈയിലുണ്ടായിട്ടും അമിത് ഷാ കോടതിയില്‍ ഹാജരാകാത്തതിനെ ലോയ രൂക്ഷമായി വിമര്‍ശിച്ചു. ഡിസംബര്‍ 15ലേക്കു കേസ് മാറ്റി. എന്നാല്‍ കേസ് പരിഗണിക്കുന്നതിനു രണ്ടാഴ്ച മുമ്പ് ലോയ മരിച്ചു.
അമിത് ഷായെ പ്രതിപ്പട്ടികയില്‍ നിന്നു മാറ്റാന്‍ ലോയക്കുമേല്‍ കനത്ത സമ്മര്‍ദ്ധമാണുണ്ടായിരുന്നത്. എങ്ങനെയാണ് കേസില്‍ ഉത്തരവ് പുറപ്പെടുവിക്കേണ്ടത് എന്നു വിശദീകരിക്കുന്ന 'മാതൃകാ വിധിപകര്‍പ്പും' ലോയക്കു നല്‍കി. അമിത്ഷായെ പ്രതിപ്പട്ടികയില്‍ നിന്നു മാറ്റാനായി നൂറുകോടി രൂപയും ഫ്‌ലാറ്റും വാഗ്ദാനം ചെയ്യപ്പെട്ടു. പിന്നാലെ ഭീഷണിയും. അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ്ജസ്റ്റിസ് മോഹിത് ഷാ, ജഡ്ജി ബി.ആര്‍ ഗവായ്, മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവിസ് എന്നിവരായിരുന്നു സമ്മര്‍ദ്ദത്തിനു പിന്നില്‍. ജസ്റ്റിസ് ഗവായിയില്‍ നിന്നും അഡ്വ. കേത്കി ജോഷിയില്‍ നിന്നും ലോയക്കു ഭീഷണിയുണ്ടായിരുന്നു.
2014 നവംബര്‍ 30ന് സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ലോയ നാഗ്പൂരിലെത്തി. രാത്രി പതിവുപോലെ ഭാര്യ ശര്‍മിളയെ വിളിച്ചു സംസാരിച്ചു. പിറ്റേന്ന് പുലര്‍ച്ചെ അഞ്ചിന് ഒപ്പമുണ്ടായിരുന്ന ജഡ്ജി ബാര്‍ദെ, ലോയ മരിച്ചെന്ന് വീട്ടിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു. രാത്രി 12.30ന് ലോയയ്ക്ക് നെഞ്ചുവേദനയുണ്ടായെന്നും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചെന്ന വിവരമാണ് വീട്ടുകാര്‍ക്കു ലഭിച്ചത്.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ഈശ്വര്‍ ബഹേതി കുടുംബവീടായ ലത്തൂരിലെ ഗഡ്ഗാവില്‍ എത്തിക്കും. ആരും നാഗ്പൂരിലേക്ക് ചെല്ലേണ്ടെന്നും ബാര്‍ദെ അറിച്ചു.
സിറ്റിങ് ജഡ്ജി ആയിരുന്നിട്ടും ലോയയുടെ മൃതദേഹത്തെ ആംബുലന്‍സ് ഡ്രൈവര്‍ ഒഴികെ ആരും അനുഗമിച്ചില്ല. മൃതദേഹത്തിന്റെ തലയ്ക്കു പിന്നില്‍ മുറിവുണ്ടായിരുന്നു. ഷര്‍ട്ടിന്റെ കോളറില്‍ രക്തക്കറയും. വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് വീട്ടുകാരാവശ്യപ്പെട്ടെങ്കിലും സഹപ്രവര്‍ത്തകര്‍ നിരുല്‍സാഹപ്പെടുത്തി.
ലോയയുടെ മൊബൈല്‍ ഫോണ്‍ നാലാം ദിവസമാണ് എത്തിച്ചത്. ഫോണിലെ കോള്‍ വിവരങ്ങളും സന്ദേശങ്ങളുമെല്ലാം നശിപ്പിച്ചിരുന്നു. മരിച്ചയാളുടെ വസ്ത്രവും മറ്റു സാധനങ്ങളും ഫോണും കൈമാറിയതും ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ഈശ്വര്‍ ബഹേതി ആണെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
നാഗ്പുര്‍ പൊലിസ് ലോയയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിനു എഫ്.ഐ.ആര്‍ എടുത്തെങ്കിലും അന്വേഷണം നിലച്ചു. അവസാനസമയത്ത് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നവരുടെ മൊഴി പോലും എടുത്തിട്ടില്ല. ലോയയുടെ മരണത്തെ കുറിച്ച് മൂന്നരവര്‍ഷത്തിനു ശേഷം ബന്ധുക്കള്‍ കാരവന്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് സംഭവം വീണ്ടും വിവാദമാക്കിയത്.
6: അഡ്വ. ശ്രീകാന്ത് കണ്ഡാല്‍കര്‍
ജസ്റ്റിസ് ലോയയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളും മുതിര്‍ന്ന അഭിഭാഷകനും വിവരാവകാശ പ്രവര്‍ത്തകനുമായ അഡ്വ. ശ്രീകാന്ത് കണ്ഡാല്‍കര്‍ 2015 നവബംര്‍ 29നാണ് മരിച്ചത്. ലോയ മരിച്ച് പിറ്റേവര്‍ഷമാണ് കണ്ഡാല്‍ക്കറുടെ മരണം. കണ്ഡാല്‍കര്‍ക്കും വധഭീഷണിയുണ്ടായിരുന്നു.
നാഗ്പൂര്‍ ജില്ലാ കോടതിയുടെ എട്ടാം നിലയില്‍ നിന്നു വീണുമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കണ്ടെത്തിയതിനു മുമ്പുള്ള രണ്ടുദിവസം കോടതി അവധിയായിരുന്നു. മരിക്കുമ്പോള്‍ കണ്ഡാല്‍ക്കര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ സ്ഥാനമാറ്റം സംഭവിച്ച നിലയിലായിരുന്നു. മൃതദേഹത്തില്‍ മറുവുകളും കണ്ടെത്തി.
[caption id="attachment_495037" align="aligncenter" width="630"] അഡ്വ. ശ്രീകാന്ത് കണ്ഡാല്‍കര്‍[/caption]
വിട്ടുമാറാത്ത രോഗത്താലുള്ള മനോവിഷമം മൂലം മരിക്കുകയാണെന്ന് അറിയിക്കുന്ന ആത്മഹത്യാകുറിപ്പ് മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയതായും പൊലിസ് അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇതെല്ലാം പൊലിസ് തന്നെ എഴുതിയതാണെന്നും അദ്ദേഹത്തിന് യാതൊരു അസുഖവുമുണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായ യോഗാ അധ്യാപകന്‍ കൂടിയായ അദ്ദേഹം ആത്മഹത്യചെയ്യേണ്ട യാതൊരു സഹചര്യമില്ലെന്നും മറ്റൊരു ബന്ധു പറയുകയുണ്ടായി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആന്തരികാവയവങ്ങള്‍ തകര്‍ന്നതായും തലച്ചോറിനു ക്ഷതം സംഭവിച്ചതായും വ്യക്തമാക്കുന്നുണ്ട്.
7: ജസ്റ്റിസ് തോംബ്ര
ജസ്റ്റിസ് ലോയയുടെ അടുത്ത സുഹൃത്ത് റിട്ട. ജില്ലാ ജഡ്ജി പ്രകാശ് തോംബ്ര 2016 മെയ് 16ന് ദുരൂഹസാഹചര്യത്തില്‍ മരിക്കുകയായിരുന്നു. സുഹ്‌റബുദ്ദീന്‍ കേസില്‍ കോടതിയില്‍ നിന്നും രാഷ്ട്രീയനേതാക്കളില്‍ നിന്നുമുണ്ടായ ഭീഷണികളും മറ്റും ജസ്റ്റിസ് ലോയ ചര്‍ച്ചചെയ്തിരുന്നതും പങ്കുവച്ചതും തോംബ്രയോടും അഭിഭാഷകനായ ശ്രീകാന്ത് കണ്ഡാല്‍കറോടുമായിരുന്നു.
നാഗ്പൂരില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള ട്രെയിന്‍ യാത്രയക്കിടെ മുകളിലെ ബെര്‍ത്തില്‍ നിന്നു താഴെ വീണുവെന്നും വീഴ്ചയില്‍ നട്ടെല്ലു പൊട്ടി മരിച്ചെന്നുമാണ് റിപ്പോര്‍ട്ട്. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചെങ്കിലും അന്വേഷണമോ പുരോഗതിയോ ഉണ്ടായില്ല. മരണത്തില്‍ യാതൊരു അസ്വാഭാവികതയും പൊലിസ് കണ്ടെത്തിയതുമില്ല.
8: നഈമുദ്ദീന്‍
ആദ്യം നക്‌സലൈറ്റും പിന്നീട് അധോലോകനായകനുമായ മുഹമ്മദ് നഈമുദ്ദീന്‍ 2016 ആഗസ്ത് എട്ടിന് തെലങ്കാനയില്‍ കൊല്ലപ്പെട്ടു. പിടികിട്ടാപുള്ളിയായ നഈം ഷാദ്‌നഗറിലെ മില്ലേനിയം ടവേഴ്‌സ് എന്നറിയപ്പെടുന്ന ജനവാസ കേന്ദ്രത്തില്‍ പോലിസുമായി ഏറ്റുട്ടലിനിടെ കൊല്ലപ്പെട്ടാന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. എന്നാല്‍ ഈ ഭാഷ്യം കുടുംബവും മനുഷ്യാവകാശ, പൗരാവകാശ പ്രവര്‍ത്തകരെല്ലാം തള്ളിയിരുന്നു.
നഈം ധരിച്ച വള്ള നിറത്തിലുള്ള പാന്റിലും ഷൂവിലും ഒന്നും യാതൊരു അഴുക്കുപോലും പറ്റിയിരുന്നില്ല. കൈയില്‍ പുത്തന്‍വാച്ചും ആഭരണവും ധരിച്ചു എ.കെ 47 ചേര്‍ത്തുവച്ചു കിടക്കുന്ന ഫോട്ടോയാണ് ഏറ്റുമുട്ടലിന്റെതായി പൊലിസ് പുറത്തുവിട്ടിരുന്നത്. ഹിരണ്‍ പാണ്ഡ്യേ കൊലക്കേസിന്റെ പ്രതിപ്പട്ടികയില്‍ 'ഒളിവില്‍ കഴിയുന്ന പ്രതി' ആയാണ് നഈം വിശേഷിപ്പിക്കപ്പെടുന്നത്. പതിനായിരം കോടിയിലേറെ വരുന്ന വന്‍ സാമ്രാജ്യത്തിന് ഉടമയായിരുന്നു നഈം. രാഷ്ട്രീയക്കാര്‍ക്കിടയിലെ പല പ്രശ്‌നങ്ങള്‍ക്കും മധ്യസ്ഥം വഹിക്കുമായിരുന്ന നഈമില്‍ നിന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഇടയ്ക്കിടെ മാസപ്പടി സ്വീകരിക്കാറുമുണ്ട്.
[caption id="attachment_495038" align="aligncenter" width="630"] നഈമുദ്ദീന്‍[/caption]
കൊല്ലപ്പെടുന്നതിനു മൂന്നുദിവസം മുമ്പ് നഈമിനെ പൊലിസ് തട്ടിക്കൊണ്ടുപോവുകയായിരുന്നു. അടുത്തദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി തെലങ്കാന സന്ദര്‍ശിക്കുന്നു. മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പിറ്റേദിവസമാണ് നഈമുദ്ദീന്‍ കൊല്ലപ്പെട്ടത്. തെലങ്കാനാ സന്ദര്‍ശനത്തിനിടെ മോദി നടത്തിയ പ്രസംഗത്തില്‍ ഗോരക്ഷാ പ്രവര്‍ത്തകരെ വിമര്‍ശിക്കാന്‍ സമയം കണ്ടെത്തിയെങ്കിലും എന്‍.ഡി.എയില്‍പ്പെടാത്ത കക്ഷിയായിരുന്നിട്ടും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാതിരിക്കാനും ശ്രദ്ധിച്ചു.
ഹിരണ്‍ പാണ്ഡ്യേ വധത്തില്‍ നഈമുദ്ദീനു പങ്കുണ്ടെന്നും അയാള്‍ പൊലിസ് ഇന്‍ഫോര്‍മര്‍ ആയിരുന്നുവെന്നും ഗുജറാത്ത് മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥ ഗീതാ ജോഹ്രി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.
അധോലോക ബന്ധമുള്ളതിനാല്‍ നേരത്തെ തന്നെ സുഹ്‌റബും നഈമും അടുത്തു പരിചയമുണ്ട്. ഈ ബന്ധത്തിന്റെ പുറത്ത് സുഹ്‌റബുദ്ദീനെയും ഭാര്യയെയും നഈമുദ്ദീന്‍ ആണ് ഹൈദരാബാദിലേക്കു ക്ഷണിച്ചത്. ഇത് പൊലിസ് അനുവാദത്തോടെ സുഹ്‌റബിനു വേണ്ടി വിരിച്ച കെണിയെന്നാണ് റിപ്പോര്‍ട്ട്. സുഹ്‌റബുദ്ദീന്‍ കേസിലെ വിവരങ്ങള്‍ ചോരാതിരിക്കാനാണ് നഈമിനെ കൊലപ്പെടുത്തിയതെന്ന് തെലങ്കാന പ്രതിപക്ഷനേതാവ് മുഹമ്മദ് അലി ഷാബ്ബിര്‍ ആരോപിച്ചിരുന്നുവെന്നങ്കിലും അത് ഓളങ്ങള്‍ സൃഷ്ടിച്ചില്ല.
9: പ്രജാപതിയുടെ സഹോദരന്‍ പവന്‍കുമാര്‍
പ്രജാപതിയുടെ കൊലപാതകക്കേസിലെ പ്രധാന സാക്ഷികളിലൊരാളായ അദ്ദേഹത്തിന്റെ സഹോദരന്‍ പവന്‍കുമാര്‍, എന്നാണ് മരിച്ചതെന്ന വ്യക്തമായ തിയ്യതി പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും 2018 ഫെബ്രുവരിയില്‍ സുഹ്‌റബുദ്ദീന്‍ കേസിന്റെ വിചാരണക്കിടെയാണ് പവന്‍കുമാര്‍ 2016ല്‍ മരിച്ചുപോയതായി പൊലിസ് അറിയിക്കുന്നത്.
പ്രജാപതി അറസ്റ്റിലായിരിക്കെ പവന്‍ അദ്ദേഹവുമായി ജയിലില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സുഹ്‌റബുദ്ദീനെയും ഭാര്യ കൗസര്‍ബിയെയും പൊലിസ് കൊലപ്പെടുത്തിയ വിവരം വെളിപ്പെടുത്തിയിരുന്നു. കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് തന്നെ വ്യാജഏറ്റുമുട്ടലില്‍ കൊലപ്പെടുത്താന്‍ ഗുജറാത്ത് രാജസ്ഥാന്‍ പൊലിസ് ശ്രമിക്കുന്നുണ്ടെന്നും തനിക്കു വധഭീഷണിയുണ്ടെന്നും പ്രജാപതി പറയുകയുണ്ടായി. ഇതിനു പിന്നാലെയാണ് പ്രജാപതി കൊല്ലപ്പെടുന്നത്. പിന്നീട് സുഹ്‌റബ് പ്രജാപതി വ്യാജഏറ്റുമുട്ടല്‍ കൊലക്കേസിന്റെ വിചാരണനടക്കുന്നതിനിടെ പവന്‍കുമാര്‍ മരിച്ചുപോയതായി സി.ബി.ഐ കോടതിയെ അറിയിക്കുകയായിരുന്നു. മരണ സര്‍ട്ടിഫിക്കറ്റില്‍ എങ്ങനെയാണ് മരിച്ചതെന്ന വിവരം ഇല്ലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."