മഞ്ചേരി പഴയ ബസ്സ്റ്റാന്‍ഡില്‍ മലിനജലം കെട്ടിക്കിടക്കുന്നു
മഞ്ചേരി: മഞ്ചേരിയില്‍ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപനമായപ്പോള്‍ നഗരത്തിലെ ബസ് സ്റ്റാന്‍ഡിലടക്കം മലിനജലം കെട്ടിനില്‍ക്കുന്നു. ദിനേന നൂറുകണക്കിനു യാത്രക്കാര്‍ ആശ്രയിക്കുന്ന മഞ്ചേരി പഴയ ബസ്സ്റ്റാന്‍ഡിനകത്താണ് രോഗങ്ങള്‍ പടര്‍ന്നു പിടക്കാന്‍ സഹായിക്കാന്‍കഴിയും തരത്തില്‍ മലിനജലം കെട്ടിക്കിടക്കുന്നത്.
മാലിന്യ സംസ്കരണങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി മാനിസ മഞ്ചേരിയെന്ന പേരില്‍ ഇടതുപക്ഷ സംഘടന നേരത്തെ രംഗത്തുവന്നിരുന്നു. തൊട്ടുപിന്നാലെ നഗരസഭ ഭരണസമിതിയും മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്കു മുന്നിട്ടിറങ്ങിയിരുന്നു. ബോധവല്‍ക്കരണങ്ങള്‍, സെമിനാറുകള്‍ , മാലിന്യങ്ങള്‍ കയറ്റിയയക്കല്‍ തുടുങ്ങി വിവിധങ്ങളായ പരിപാടികളായിരുന്നു ഇരുകൂട്ടരും നടത്തിയിരുന്നത്.
എന്നിട്ടും നഗരത്തിലെ കണ്ണായ സ്ഥലങ്ങളിപ്പോഴും വൃത്തിഹീനമായി തുടരുകയാണ്. ബസ്സ്റ്റാന്‍ഡിനകത്ത് മാലിന ജലം കെട്ടിക്കിടക്കുന്നത് വലിയ പ്രതിസന്ധികളാണു ക്ഷണിച്ചുവരുത്തുന്നത്. ബസ് കാത്തു നില്ക്കുന്ന സ്ത്രീകളും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരും പരിസരത്തുള്ള കച്ചവടക്കാരും ഇവിടുത്തെ ദുര്‍ഗന്ധംമൂലം പൊറുതിമുട്ടിയിരിക്കുകയാണ്. പകര്‍ച്ചവ്യാധികള്‍ പടരുമോയെന്ന ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. രാത്രിയാകുന്നതോടെ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ട കേന്ദ്രംകൂടിയാണ് പഴയ ബസ്സ്റ്റാന്‍ഡ്. ഭക്ഷണ സാധനങ്ങളുടെതുള്പ്പെടെ പലവിധത്തിലുള്ള അവശിഷ്ടങ്ങള്‍ ഈ മലിന ജലത്തില്‍ ഉപേക്ഷിച്ചിട്ടുപോകുന്നത് കാരണമാണ് സഹിക്കാനാകാത്ത ദുര്‍ഗന്ധം പടരുന്നത്.
മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നു അവകാശവാദമുന്നയിക്കുന്നവരും ഇത്തരം മാലിന്യങ്ങള്‍ കാണാതെപോയി. നഗരത്തിലെ പല ഓടകള്ക്കടിയിലും വൃത്തിഹീനമായ മലിന ജലം ഇതുപോലെ കെട്ടിക്കിടക്കുന്നുണ്ട്. പകര്‍ച്ചവ്യാധികളുടെ വിപത്തിനെ കുറിച്ചു പല കേന്ദ്രങ്ങളില്‍നിന്നായി മുന്നറിയിപ്പു ലഭിച്ചുകൊണ്ടിരിക്കുന്നുണ്ടങ്കിലും ഇത്തരം അഴുക്കുകളെ നീക്കം ചെയ്യാന്‍ അധികാരികളും തയാറാകുന്നില്ലെന്നതാണ് വസ്തുത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."