ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം: കലക്ട്രേറ്റ് മാര്‍ച്ച് നടത്തും
മലപ്പുറം: ഡീസല്‍ വാഹനങ്ങള്‍ക്ക് സംസ്ഥാനത്തേര്‍പ്പെടുത്തിയ നിയന്ത്രണനീക്കത്തില് പ്രതിഷേധിച്ചു കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിള്‍ ഡീലേഴ്സ് ആന്‍ഡ് ബ്രോക്കേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആറിന് കലക്ട്രേറ്റ് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഗ്രീന്‍ ട്രിബ്യൂണല്‍ സര്‍ക്യൂട്ട് ബഞ്ചിന്റെ വിധിക്കെതിരേ സംസ്ഥാനസര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. 15ന് വാഹന സംരക്ഷ സമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്കിന് സംഘടന പിന്തുണ പ്രഖ്യാപിച്ചു. 15 വര്‍ഷത്തെ നികുതി ഈടാക്കിയ ശേഷം 10 വര്‍ഷം കഴിയുമ്പോള്‍ വാഹനം നിരത്തിലിറക്കരുതെന്ന് പറയുന്നത് അന്യായമാണ്. അനിയന്ത്രിതമായി പ്രീമിയം വര്‍ധിപ്പിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികളുടെ നിലപാടില്‍ വാഹന മേഖല പൊറുതിമുട്ടിയതിന് പുറമെയാണ് കനത്ത അടിയായി പുതിയ നിയന്ത്രണ നീക്കം. ക്രൂഡ് ഓയിലിന്റെ നാമമാത്ര വിലക്കയറ്റത്തിന്റെ പേരില്‍ ഇന്ധനവില കുത്തനെ കൂട്ടുന്നതിനെതിരേയുള്ള പ്രതിഷേധം മാര്ച്ചിലുണ്ടാവും. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ മേഖലയിലെ തൊഴിലാളി സംഘടനകളുമായി ചേര്‍ന്ന് ശക്തമായ സമരം നടത്തുമെന്നും ഭാരവാഹികളായ യു.ടി ഷാജഹാന്, അനില്‍ വര്‍ഗീസ്, സിദ്ദീഖ് മുന്നിയൂര്‍, മുജീബ് മൊറയൂര്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."