കൊണ്ടോട്ടിയില്‍ 70 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ അറസ്റ്റില്‍
കൊണ്ടോട്ടി: വാഹനത്തില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 70 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ കൊണ്ടോട്ടിയില്‍ അറസ്റ്റിലായി. മൊറയൂര്‍ വാലഞ്ചേരി പാറേക്കുത്ത് കാട്ടുപരുത്തി മുഹമ്മദ് ബഷീര്‍(48), കിഴിശ്ശേരി തവനൂര്‍ പേങ്ങാട്ടില്‍ സല്‍മാനുല്‍ ഫാരിസ്(27)എന്നിവരെയാണ് പാലക്കാട് - കോഴിക്കോട് ദേശീയ പാതയിലെ 11-ാം മൈലില്‍ വച്ച് വാഹന പരിശോധനക്കിടെ കൊണ്ടോട്ടി പൊലിസ് പിടികൂടിയത്. ബംഗളൂരു, മംഗലാപുരം, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കുഴല്‍പ്പണം വിതരണം ചെയ്യുന്ന സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായതെന്ന് പൊലിസ് പറഞ്ഞു.
ജില്ലയില്‍ ഏറെക്കാലമായി കുഴല്‍പ്പണ ഇടപാട് നടത്തുന്ന സംഘത്തെക്കുറിച്ച് ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബഹ്‌റക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മംഗലാപുരത്ത് നിന്ന് വാഹനത്തില്‍ കുഴല്‍പ്പണവുമായി സംഘം എത്തുന്നതറിഞ്ഞ പൊലിസ് ദേശീയ പാതയില്‍ വാഹന പരിശോധന നടത്തിയാണ് ഇവരെ പിടികൂടിയത്. സഞ്ചരിച്ചിരുന്ന കാറിന്റെ പിന്‍സീറ്റിനടിയില്‍ പ്രത്യേകം തയാറാക്കിയ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. മംഗലാപുരത്ത് സ്വര്‍ണം വില്‍പ്പന നടത്തിയാണ് പണം എത്തിച്ചതെന്ന് പിടിയിലായവര്‍ പൊലിസിനോട് പറഞ്ഞു.
പ്രതികള്‍ക്ക് അന്താരാഷ്ട്ര ബന്ധമുണ്ടോയെന്നും പരിശോധിക്കും. പ്രതികളുമായി ബന്ധമുള്ളവരില്‍ നിന്ന് ആഴ്ചകള്‍ക്ക് മുന്‍പ് പൊലിസ് 24 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടിയിരുന്നു. അറസ്റ്റിലായവരെ മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതിയില്‍ ഹാജരാക്കി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പും കേസില്‍ തുടരന്വേഷണം നടത്തും. മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി ഇന്‍സ്‌പെക്ടര്‍ എം.മുഹമ്മദ് ഹനീഫ, എസ്.ഐ.രഞ്ജിത്ത്, അഡീഷനല്‍ എസ്.ഐ അബ്ദുല്‍ മജീദ്. എ.എസ്.ഐ സുലൈമാന്‍,സി.പി.ഒമാരായ രതീഷ്, തൗഫീഖുല്ല മുബാറക്, സെയ്ത് ഫസലുല്ല, അബ്ദുല്‍ ജബ്ബാര്‍ എന്നിവരടങ്ങുന്ന സംഘവും ഷാഡോ പൊലിസുമാണ് കുഴല്‍പ്പണ വേട്ട നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."