പുതുതായി സ്വയംഭരണ കോളജുകള്‍ അനുവദിക്കില്ല: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി സ്വയംഭരണ കോളജുകള്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. സ്വയംഭരണ കോളജുകളെ സംബന്ധിച്ച യു.ജി.സി നിബന്ധന സര്‍ക്കാര്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒന്നാംഘട്ടത്തില്‍ 12 കോളജുകള്‍ക്കും രണ്ടാംഘട്ടമായി ഏഴ് കോളജുകള്‍ക്കും സ്വയംഭരണാവകാശം നല്‍കിയിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനം സംബന്ധിച്ച് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ കോളജുകളുടെ അക്കാദമിക് നിലവാരത്തിലുള്ള മാറ്റങ്ങളും അതിന്റെ പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നതിന് മൂന്നംഗ കമ്മിറ്റിയേയും നിയോഗിച്ചിട്ടുണ്ട്.
എന്നാല്‍ അക്കാദമിക് നിലവാരത്തെ ബാധിക്കുന്നതും സാമൂഹ്യ നീതി അട്ടിമറിക്കുന്നതുമായ പരിഷ്‌കാരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാനദണ്ഡപ്രകാരം കഴിഞ്ഞ ഫെബ്രുവരി 12ലെ യു.ജി.സി നിബന്ധന പ്രകാരം സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വയംഭരണ കോളജുകള്‍ തുടങ്ങാന്‍ അനുമതി നല്‍കുന്നുണ്ട്. ഇതിന് പുറമെ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം ഗസറ്റ് വിജ്ഞാപനം ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, വ്യാപകമായി സ്വയംഭരണ കോളജുകള്‍ കേരളത്തില്‍ ആരംഭിക്കുന്നത് വിദ്യാഭ്യാസ മേഖലയില്‍ വാണിജ്യവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കും. സര്‍വകലാശാലകളുടെ നിയന്ത്രണാധികാരത്തെയും സ്വയംഭരണാധികാരത്തെയും ഇത് ബാധിക്കുകയും ചെയ്യും. അതിനാല്‍ ഇക്കാര്യം പൊതുചര്‍ച്ചക്ക് വിധേയമാക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അതേസമയം, സ്വയം ഭരണ കോളജുകള്‍ക്കെതിരേ തെറ്റിദ്ധാരണാപരമായ പ്രചാരണം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."