മലബാറില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു
തിരുവനന്തപുരം: മലബാര്‍ മേഖലയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരുന്നതായി മന്ത്രി കെ.കെ ശൈലജ നിയമസഭയില്‍ അറിയിച്ചു.
2001 മുതല്‍ 2018 ജനുവരി 31 വരെ ചികിത്സക്കെത്തിയ രോഗികളുടെയും തുടര്‍ചികിത്സയ്ക്കായി എത്തിയവരുടെയും കണക്കുകള്‍ പ്രകാരമാണിത്. എം.കെ മുനീര്‍, ടി.എ അഹമ്മദ് കബീര്‍, മഞ്ഞളാംകുഴി അലി, സി. മമ്മൂട്ടി എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
മലബാര്‍ കാന്‍സര്‍ സെന്ററില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഓരോ വര്‍ഷവും ക്രമാതീതമായി രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. 2001ല്‍ 830 പുതിയ രോഗികളും 2,714 പേര്‍ തുടര്‍ ചികിത്സയ്ക്കും എത്തി. അത് 2006 എത്തിയപ്പോള്‍ 1,044 പേര്‍ പുതിയ രോഗികളും 12,815 പേര്‍ തുടര്‍ചികിത്സക്കും എന്നായി.
2017 ആയപ്പോള്‍ 4,587 പുതിയ രോഗികളും, 61,404 പേര്‍ തുടര്‍ ചികിത്സയ്ക്കും എത്തി. ഈ വര്‍ഷം ജനുവരി 31 വരെ 381 പുതിയ രോഗികളും, 5,999 പേര്‍ തുടര്‍ ചികിത്സക്കും എത്തി.
മലബാര്‍ കാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ആക്കി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 183 കോടി രൂപയുടെ അനുമതി കിഫ്ബി ഉടന്‍ നല്‍കും. കൂടാതെ ന്യൂക്ലിയര്‍ മെഡിസിന്‍ സംവിധാനം ഒരുക്കുന്നതിനു ഉപകരണങ്ങള്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."