ചീഫ് സെക്രട്ടറിക്കു പകരം ആരോഗ്യ സെക്രട്ടറി അന്വേഷിക്കും
തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെ കുടുക്കാന്‍ അന്വേഷണ കമ്മിഷന്‍ മുഖ്യമന്ത്രി ഉടച്ചുവാര്‍ത്തു.
നേരത്തെ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ കമ്മിഷന്‍ അധ്യക്ഷനായാണ് തീരുമാനിച്ചതെങ്കിലും ഇന്നലെ ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന് ചുമതല ഏല്‍പ്പിച്ച് ഉത്തരവിറക്കി. ഇടതു സഹയാത്രികനായ രാജീവ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്.
നേരത്തെ തീരുമാനിച്ചിരുന്ന ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസിനെയും, നിയമ സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥിനെയും ഒഴിവാക്കി. പകരം പൊതുഭരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെയാണ് ചുമതലപ്പെടുത്തിയത്. ജേക്കബ് തോമസിനെതിരേയുള്ള നടപടിയില്‍ കേന്ദ്രം ഇടപ്പെട്ടതും ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ഇടപെടലുമാണ് ഒറ്റ ദിവസം കൊണ്ട് മുഖ്യമന്ത്രി മലക്കം മറിഞ്ഞതെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ജേക്കബ് തോമസിനെതിരേയുള്ള സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടിക്കെതിരേ കേന്ദ്രം ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നു. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കെതിരേ സംസ്ഥാനം നടപടി സ്വീകരിച്ചാല്‍ കേന്ദ്ര പെഴ്‌സനല്‍ മന്ത്രാലയത്തില്‍നിന്ന് അന്തിമ അനുമതി വാങ്ങേണ്ടതുണ്ട്. ജേക്കബ് തോമസിനെതിരായ നടപടി തുടരാനായി സര്‍ക്കാര്‍ കേന്ദ്ര പെഴ്‌സനല്‍ മന്ത്രാലയത്തില്‍നിന്ന് അനുമതി തേടിയിരുന്നു.
സര്‍ക്കാര്‍ നിലപാടുകളെ ഉദ്യോഗസ്ഥന്‍ തള്ളിപ്പറയുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്നും സര്‍ക്കാരിന്റെ നടപടികള്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ തന്നെ വിമര്‍ശിച്ചത് ഗുരുതരമായ ചട്ടലംഘനമാണെന്നും പെഴ്‌സനല്‍ മന്ത്രാലയത്തെ അറിയിച്ചു. നടപടിയെടുത്തിട്ടില്ലെങ്കില്‍ മറ്റ് ഉദ്യോഗസ്ഥരും ഇത് ആവര്‍ത്തിക്കാനിടയുണ്ട്.
ഇത് സര്‍ക്കാരിനും ജനപ്രതിനിധികള്‍ക്കും ഗുണകരമാകില്ല. ധിക്കാരപരമായ പെരുമാറ്റമാണ് ജേക്കബ് തോമസിന്റേതെന്നും ചീഫ് സെക്രട്ടറി കേന്ദ്രത്തിനയച്ച ഫയലില്‍ കുറിച്ചിരുന്നു.
എന്നാല്‍, പെഴ്‌സനല്‍ മന്ത്രാലയം ഫയല്‍ മടക്കി. ജേക്കബ് തോമസിനെതിരേ എന്തിന് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കണമെന്നും ചാര്‍ജ് മെമ്മോയും ജേക്കബ് തോമസ് നല്‍കിയ മറുപടിയും സര്‍ക്കാരിന്റെ നിലപാടും അറിയിക്കണമെന്നും ആവശ്യപ്പെട്ടാണ് മന്ത്രാലയം ഫയല്‍ മടക്കിയത്.
സംസ്ഥാന പൊലിസിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ ഡി.ജി.പിക്കെതിരായ അന്വേഷണം ചീഫ് സെക്രട്ടറി പോള്‍ ആന്റണി നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, ഇപ്പോള്‍ താരതമ്യേന ജൂനിയറായ ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയെയാണ് അന്വേഷണം ഏല്‍പ്പിച്ചിരിക്കുന്നത്. പൊതുഭരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടി ബിശ്വനാഥ് സിന്‍ഹ പ്രിസൈഡിങ് ഓഫിസറും. ഒരു മാസത്തിനകം അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് ജേക്കബ് തോമസിനെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കാനാണ് അന്വേഷണ കമ്മിഷനെ സര്‍ക്കാര്‍ നിയമിച്ചത്. സര്‍ക്കാരിനെതിരേ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ഡിസംബറില്‍ ജേക്കബ് തോമസിനെ ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജേക്കബ് തോമസിന്റെ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും ഐ.പി.എസ് ഉദ്യോഗസ്ഥന് ചേരാത്ത തരത്തിലായിരുന്നു പ്രവര്‍ത്തനമെന്നും വിലയിരുത്തിയാണ് നടപടി.
അതേസമയം, കേന്ദ്രം ഉടക്കിട്ടതോടെ ജേക്കബ് തോമസിന്റെ 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന പുസ്തകം ആയുധമാക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ നീക്കം നടത്തുന്നത്. ഇതിലെ പരാമര്‍ശങ്ങള്‍ സര്‍വിസ് ചട്ടലംഘനമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നേരത്തെ ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി ജേക്കബ് തോമസിനെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നുവെങ്കിലും നടപടിയെടുത്തിരുന്നില്ല.
രാജീവ് സദാനന്ദനെ കൊണ്ട് ഇത് കൂടി ഉള്‍പ്പെടുത്തി ചട്ടലംഘനം കടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം എന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."