പൂനെ സിറ്റിക്ക് കരുത്തായത് പൊപോവിചിന്റെ തന്ത്രങ്ങള്‍
കൊച്ചി: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാല് വര്‍ഷം പിന്നിടുമ്പോള്‍ ഇതാദ്യമായാണ് എഫ്.സി പൂനെ സിറ്റി സെമി ഫൈനലിലേക്ക് ഇടം നേടുന്നത്. കഴിഞ്ഞ മൂന്ന് അധ്യായങ്ങളിലുമായി രണ്ട് ടീമുകള്‍ക്കാണ് സെമിയിലേക്ക് എത്താന്‍ കഴിയാതിരുന്നത്. നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനും പൂനെയ്ക്കും. ഈ സീസണില്‍ പൂനെ സിറ്റി ചരിത്രം മാറ്റിയെഴുതി. ഫുട്‌ബോള്‍ അക്കാദമിയ്ക്ക് വേണ്ടി ആദ്യം പണമിറക്കിയ ടീമുകളിലൊന്നാണ് പൂനെ. വലിയൊരു ആസ്വാദക വൃന്ദത്തെ സൃഷ്ടിക്കാനും അവര്‍ക്കായി. ഇതൊക്കെ ഉണ്ടായിട്ടും അവര്‍ക്ക് ഇതുവരെ മികച്ച നിലയിലേക്ക് ഉയരാന്‍ കഴിഞ്ഞിരുന്നില്ല. നാലാം സീസണില്‍ ടീം സെമിയില്‍ സ്ഥാനം നേടി. ഇതിന് പിന്നിലെ കരുത്ത് മറ്റാരുമല്ല, സെര്‍ബിയയില്‍ നിന്നുള്ള അവരുട കോച്ച് റാങ്കോ പൊപോവിച് തന്നെ.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമുകളില്‍ നിന്ന് മികച്ച കളിക്കാരെയാണ് ഈ വര്‍ഷം പൂനെ സ്വന്തമാക്കിയത്. ഡല്‍ഹി ഡൈനാമോസിനെ സെമിയില്‍ എത്തിച്ച ഗോള്‍ഡന്‍ ബൂട്ട് വിജയി കൂടിയായ മാഴ്‌സലീഞ്ഞോ, മാര്‍ക്കോസ് ടെബര്‍, നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡില്‍ നിന്ന് എമിലിയാനോ അല്‍ഫാരോ എന്നിവരെല്ലാം പൂനെയില്‍ എത്തി. ടീം തിരഞ്ഞെടുപ്പിലൊന്നും ഒരു റോളുമുണ്ടായിരുന്നില്ലെങ്കിലും പൂനെയെ ഈ നിലയില്‍ എത്തിച്ചത് പൊപോവിച് എന്ന പരിശീലകന്‍ തന്നെ.
ടീമിന്റെ മുന്‍ പരിശീലകന്‍ അന്റോണിയോ ഹബാസ് ആണ് കഴിഞ്ഞ ജൂലായില്‍ പൂനെ ടീമിനെ തിരഞ്ഞെടുത്തത്. എല്ലാ കോച്ചിനും തന്റെ ടീം എങ്ങിനെയയായിരിക്കണം എന്നത് നേരത്തെ തീരുമാനിക്കാം. എന്നാല്‍ എല്ലാം ശരിയായ ശേഷം ഹബാസ് പെട്ടെന്ന് ടീം വിടുകയായിരുന്നു. പിന്നീടാണ് പൊപോവിച് എത്തുന്നത്. കോച്ച് പിണങ്ങി പോയ ടീമിനെ എല്ലാവരും എഴുതി തള്ളി. ആദ്യത്തെ മത്സരത്തിന്റെ തുടക്കത്തില്‍ ടീം മൂന്ന് ഗോള്‍ വഴങ്ങിയപ്പോള്‍ അത് ശരിവയ്ക്കുകയും ചെയ്തു.
എന്നാല്‍ തുടര്‍ച്ചയായി രണ്ട് ഗോള്‍ തിരിച്ചടിച്ച് ഡല്‍ഹിയെ അവര്‍ ഞെട്ടിച്ചു. രണ്ടാം മത്സരത്തില്‍ നിലവിലെ ജേതാക്കളായ എ.ടി.കെയെ 4-1 ന് ആണ് പൂനെ തകര്‍ത്തത്. കളിക്കാരെ തിരഞ്ഞെടുക്കുന്നതിലും അവരെ ഉപയോഗിക്കുന്നതിലും പൊപോവിചിനുള്ള കഴിവ് വേറെയാണ്. ബംഗളൂരു എഫ്.സിയെ തളയ്ക്കുന്നതില്‍ അദ്ദേഹം കാണിച്ച മിടുക്ക് എടുത്ത് പറയേണ്ടതാണ്. ബല്‍ജിത് സാഹ്നി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോകുന്നത് വരെ ടീം പിടിച്ചു നിന്നു. മുന്‍ മോഹന്‍ ബാഗാന്‍ താരം ആദില്‍ ഖാനെ മധ്യനിരയില്‍ ടെബറിനൊപ്പം കളിപ്പിച്ചത് മറ്റൊരു മിടുക്ക്.
മുന്നേറ്റ നിരയില്‍ അല്‍ഫാരോയ്ക്കും മാഴ്‌സലീഞ്ഞോയ്ക്കും ഡീഗോ കാര്‍ലോസിനും ഇത് തെല്ലൊന്നുമല്ല ഗുണം ചെയ്തത്. സഹചര്യങ്ങള്‍ക്കും ടീമിന്റെ ആവശ്യത്തിനും അനുസരിച്ച് അദ്ദേഹം കളിക്കാരെ പലയിടത്തായി ഉപയോഗിച്ചു. യുവ കളിക്കാരില്‍ അദ്ദേഹം പുലര്‍ത്തിയ ആത്മവിശ്വാസവും വലുതായിരുന്നു. ഇക്കാര്യത്തില്‍ പല പരിശീലകര്‍ക്കും നേരെ വിപരീതമായിരുന്നു പൊപോവിചിന്റെ നിലപാട്. വിശാല്‍ കെയ്ത് (21), ഗൊലൂയ് (20), ഐസക് വന്‍മല്‍സംവ (21), ആഷിഖ് കരുണിയന്‍ (20), രോഹിത് (21), സഹില്‍ പന്‍വര്‍ (18) എന്നിവരെല്ലാം ഈ സീസണില്‍ മികച്ച പങ്കാണ് ടീമിന് വേണ്ടി വഹിച്ചത്.
പരമാവധി കളിക്കാരെ ദേശിയ ടീമില്‍ എത്തിക്കാനുള്ള ശ്രമമായിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗും ശക്തമാകണം പൊപോവിച് പറഞ്ഞു. വിന്റര്‍ ട്രാന്‍സ്ഫര്‍ ഉപയോഗപ്പെടുത്തി മാര്‍ക്കോ സ്റ്റാന്‍കോവിച്, ലൊലോ എന്നിവരെ കൂടി പൊപോവിച്ച് പൂനെയില്‍ എത്തിച്ചു. അവസാന മൂന്ന് മത്സരങ്ങളില്‍ നിന്ന് വെറും രണ്ട് പോയിന്റ് മാത്രം നേടിയ പൂനെ സിറ്റി സെമിയില്‍ ബംഗളൂരു എഫ്.സിയെ നേരിടാന്‍ ഒരുങ്ങുകയാണ്. എല്ലാവരും പ്രതീക്ഷിക്കുന്നത് കരുത്തരായ ബംഗളൂരുവിന്റെ വിജയമാണ്. എന്നാല്‍ പൊപോവിച് എന്തൊക്കെ തന്ത്രങ്ങളായിരിക്കും പുറത്തെടുക്കുക എന്നതിനെ ആശ്രയിച്ചിരിക്കും ഈ മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."