എന്‍ട്രന്‍സ് റാങ്കിന്റെ മികവില്‍ ഒതുക്കുങ്ങല്‍
മലപ്പുറം: എന്‍ട്രന്‍സ് റാങ്കുകാരുടെ നാടാണ് ഒതുക്കുങ്ങല്‍. ഇത്തവണ അതിന്റെ തുടര്‍ച്ച ഒരുക്കിയത് സംസ്ഥാന മെഡിക്കല്‍ പ്രവേശനയില്‍ നാലാം റാങ്ക് നേടിയ റമീസ ജഹാന്‍. വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നിന്നിരുന്ന ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്ത് 2007 മുതലാണ് എന്‍ട്രന്‍സ് റാങ്കിന്റെ പേരില്‍ ശ്രദ്ധേയമാവുന്നത്. 2007ല്‍ നടന്ന എന്‍ട്രന്‍സ് പരീക്ഷയില്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ഒന്നാം റാങ്കുമായി മറ്റത്തൂരിലെ കടമ്പോട്ട് ഇസ്ഹാഖ് അസ്ഹറും മെഡിക്കലില്‍ സഹോദരന്‍ മൂസ സഹീര്‍ 24ാം റാങ്കും നേടിയതോടെയാണ് ഒതുക്കുങ്ങലിന്റെ പെരുമ പരക്കുന്നത്.
2011ല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയത് പഞ്ചായത്തിലെ മറ്റത്തൂര്‍ മൂലപ്പറമ്പിലെ വി.ഇര്‍ഫാനായിരുന്നു. ഇതേവര്‍ഷം തന്നെ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ രണ്ടാം റാങ്ക് നേടി മറ്റത്തൂര്‍ സ്വദേശി തട്ടാരത്തൊടി ജാഫര്‍ കരുത്ത് കാട്ടി.
കഴിഞ്ഞ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒതുക്കുങ്ങലിലെ മുണ്ടോത്തുപറമ്പ് സ്വദേശി ഫാസില്‍ നദീം 19-ാം റാങ്കോടെയാണ് ശ്രദ്ധേയനായത്.
ഇവര്‍ക്കു പുറമെ കടമ്പോട്ട് ആശിഫ്, മൂലപ്പറമ്പ് സ്വദേശികളായ സാദിഖ്, ലിയാഖത്ത് അലി, ഒതുക്കുങ്ങലിലെ സാദിഖ് തുടങ്ങിയവരും മെഡിക്കലില്‍ മികച്ച റാങ്കു നേടി മെഡിക്കല്‍ പഠനം നടത്തുന്നവരാണ്. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയവരും പഠനം നടത്തുന്നവരുമായി അന്‍പതിലധികം വിദ്യാര്‍ഥികളാണ് പഞ്ചായത്തിലെ മറ്റത്തൂര്‍ പ്രദേശത്തു നിന്നുള്ളത്. എന്‍ട്രസ് പരീക്ഷകളില്‍ മികച്ച വിജയം നേടിയ ഭൂരിഭാഗം കുട്ടികളും പ്രദേശത്തെ ഏക സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളായ ഒതുക്കുങ്ങല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠനം നടത്തിയവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."