പേരാമ്പ്ര ബൈപാസ്: നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
പേരാമ്പ്ര: നിയോജക മണ്ഡലത്തിലെ വിവിധ വികസന പദ്ധതികളുടെ പുരോഗതി മന്ത്രി ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു.
കൃഷി, പി.ഡബ്ല്യു.ഡി റോഡ്‌സ്, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍, റവന്യു, ഇറിഗേഷന്‍ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
പേരാമ്പ്ര ടൗണിനെ ഗതാഗത കുരുക്കില്‍ നിന്നു മോചിപ്പിക്കാന്‍ ആവിഷ്‌ക്കരിച്ച ബൈപാസ് റോഡിന്റെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ബൈപാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് സംയുക്ത സര്‍വേ ഈമാസം 9ന് നടക്കും.
പൊതുമരാമത്ത് നിരത്ത് വിഭാഗം, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍, റവന്യു ഉദ്യോഗസ്ഥര്‍, അധികാരികള്‍ എന്നിവര്‍ തയാറാക്കുന്ന സംയുക്ത സര്‍വേ റിപ്പോര്‍ട്ട് ഈമാസം 20ന് കലക്ടര്‍ക്ക് സമര്‍പ്പിക്കും. പേരാമ്പ്ര- പയ്യോളി റോഡ് വികസന പ്രവൃത്തിയുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബിയുടെ പോസ്റ്റുകള്‍ ഉടന്‍ നീക്കുന്നതിന് നടപടികള്‍ ത്വരിതപ്പെടുത്തും.
പേരാമ്പ്ര- ചെറുവണ്ണൂര്‍ -ചാനിയംകടവ് റോഡിന്റെ ടാറിങ് വിസ്തൃതി ഏഴു മീറ്ററാക്കുന്നതിനായി എസ്റ്റിമേറ്റ് പുതുക്കി സമര്‍പ്പിക്കുന്നതിന് യോഗം തീരുമാനിച്ചു. റോഡ് നിര്‍മാണത്തിന് കിഫ്ബിയില്‍ നിന്ന് 24 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
റോഡിന്റെ വികസനത്തിനായി നാട്ടുകാരില്‍ നിന്നു വളരെ സ്വാഗതാര്‍ഹമായ സമീപനമാണ് ഉണ്ടായിട്ടുള്ളതെന്ന് യോഗം വിലയിരുത്തി. 10.5 മീറ്റര്‍ വീതിയില്‍ റോഡിനായി സ്ഥലം ലഭ്യമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ടാറിങ് വിസ്തൃതി വര്‍ധിപ്പിക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ളത്.
നെല്‍ക്കൃഷിയില്‍ വളരെ മികച്ച മുന്നേറ്റമാണ് മണ്ഡലത്തില്‍ നടക്കുന്നതെന്ന് യോഗം വിലയിരുത്തി. നെല്‍കൃഷിയിലേക്ക് ഇറങ്ങിയിട്ടുള്ള കര്‍ഷകരെ പ്രോത്സാഹിപ്പിക്കാനായി ബന്ധപ്പെട്ട വകുപ്പുകള്‍ മുന്നിട്ടിറങ്ങണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
കര്‍ഷകര്‍ക്കുള്ള സാമ്പത്തിക സഹായം കാലതാമസമില്ലാതെ കൃഷി വകുപ്പ്- ആത്മ എന്നിവ മുഖേന എത്തിക്കും.
കരുവോട് ചിറ, ആവളപ്പാണ്ടി, വെളിയന്നൂര്‍ ചെല്ലി എന്നീ കൃഷി മേഖലയുടെ പരിരക്ഷയ്ക്കായി വി.സി.ബിയും ബണ്ടും നിര്‍മിക്കുന്നതിന് ജില്ലാ പഞ്ചായത്ത് 60 ലക്ഷം രൂപ നീക്കിവച്ചിട്ടുള്ളതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.
ആവളപ്പാണ്ടിയിലെ നേല്‍കൃഷി വിപുലീകരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കും. കൃഷിനാശം സംഭവിച്ച സ്ഥലങ്ങളിലെ നാശനഷ്ടങ്ങളുടെ കണക്കെടുത്ത് സമര്‍പ്പിക്കാന്‍ കൃഷി ഓഫിസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എ.ഡി.എം ടി. ജനില്‍ കുമാര്‍, മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എം. സലീം, സ്‌പെഷല്‍ തഹസില്‍ദാര്‍ എന്‍. ബാലസുബ്രഹ്മണ്യന്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."