കരിപ്പൂരിലും കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലുമായി 1.18 കോടിയുടെ സ്വര്‍ണം പിടികൂടി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലും കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നുമായി 1.18 കോടിയുടെ 3.8 കിലോ സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി. ആര്. ഐ) പിടികൂടി. ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിയ ഇന്‍ഡിഗോ വിമാനത്തിന്റെ സീറ്റിനടിയില്‍ നിന്നും ചെന്നൈയില്‍ നിന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ യാത്രക്കാരനില്‍ നിന്നുമാണ് സ്വര്‍ണം കണ്ടെത്തിയത്. രണ്ടു സ്വര്‍ണക്കടത്തിനു പിന്നിലും ഒരുസംഘമാണെന്ന് സംശയിക്കുന്നു.
ദുബൈയില്‍ നിന്ന് രാവിലെ കരിപ്പൂരിലെത്തിയ ഇന്‍ഡിഗോ വിമാനത്തിന്റെ സീറ്റിനിടയില്‍ നിന്ന് 21 സ്വര്‍ണ ബിസ്ക്കറ്റുകളാണ് കണ്ടെത്തിയത്. താല്‍ക്കാലിക ജീവനക്കാരെ ഉപയോഗിച്ച് പുറത്ത് കടത്താനായിരുന്നു ശ്രമമെന്ന് കരുതുന്നു. 2.5 കിലോ തൂക്കം വരുന്ന സ്വര്‍ണത്തിന് 78 ലക്ഷം രൂപ വിലവരും. സ്വര്‍ണം കടത്തിയ യാത്രക്കാരനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
ദുബൈയില്‍ നിന്ന് ചെന്നൈയിലിറങ്ങിയ യാത്രക്കാരന് കൈമാറിയ സ്വര്‍ണവുമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ താമരശ്ശേരി പരപ്പംപെയില് സ്വദേശി ഹുനൈസി(24)ല്‍ നിന്നാണ് 1.3 കിലോ വരുന്ന 40 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടിയത്. ഇയാളുടെ അരയില്‍ ബെല്‍റ്റ് രൂപത്തില്‍ ഒളിപ്പിച്ച മിശ്രിതത്തില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. രണ്ട് കിലോ മിശ്രിതത്തില്‍ നിന്നാണ് 1.3 കിലോയുടെ സ്വര്‍ണം വേര്‍തിരിച്ചെടുത്തത്. കേസില്‍ തുടരന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."