എം.എം അക്ബറിന്റെ ജാമ്യാപേക്ഷ സി.ജെ.എം കോടതി തള്ളി
കൊച്ചി/ഇരിങ്ങാലക്കുട: വിവാദ പാഠപുസ്തക കേസില്‍ അറസ്റ്റിലായ എറണാകുളം പീസ് ഇന്റര്‍നാഷനല്‍ സ്കൂള്‍ ഡയറക്ടര്‍ എം.എം അക്ബറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യഹരജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്. രാജ്യത്തെ 400 സ്കൂളുകളില്‍ പഠിപ്പിക്കുന്ന പുസ്തകങ്ങളാണ് പീസ് സ്കൂളില്‍ പഠിപ്പിക്കുന്നതെന്ന് അക്ബര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ബോധപൂര്‍വം കുറ്റം ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി.
എന്നാല്‍ അന്വേഷണം നടക്കുകയാണെന്നും ജാമ്യം അനുവദിക്കുന്നതു കേസിനെ ബാധിക്കുമെന്ന പ്രോസിക്യൂഷന് നിലപാട് കോടതി അംഗീകരിച്ചു. ഇദ്ദേഹത്തിനെതിരേ മറ്റു രണ്ടു കേസുകള്‍ കൂടിയുണ്ട്. ഈ സാഹചര്യത്തില്‍ ജാമ്യമനുവദിക്കാനാവില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
ഇതിനിടയില്‍ ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതി എം.എം. അക്ബറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇരിങ്ങാലക്കുട പടിയൂര്‍ പീസ് സ്കൂളിനെതിരേ രക്ഷിതാക്കള്‍ കാട്ടൂര്‍ പൊലിസില്‍ നല്കിയ പരാതിയി ലാണിത്. ഈ കേസില്‍ ആറാം പ്രതിയായ എം.എം അക്ബറിനെ ഇന്നലെ ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കുകയായിരുന്നു. വന്‍ പൊലിസ് സന്നാഹത്തിലാണ് കോടതിയില്‍ ഹാജരാക്കിയത്. അതേസമയം, സ്കൂളിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന് മാനേജ്മെന്റ് അറിയിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.എം അക്ബര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."