എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ കരുനീക്കം; കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം മുടങ്ങി
തിരുവനന്തപുരം: എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ നടത്തിയ കരുനീക്കങ്ങളെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം മുടങ്ങിയതായി ആക്ഷേപം. ഇതേതുടര്‍ന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരെ മാറ്റണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്ത് സി.ഐ.ടി.യു അനുകൂല സംഘടനയായ കെ.എസ്.ആര്‍.ടി.ഇ.എയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ നിരാഹാര സമരം ആരംഭിക്കുകയും ചെയ്തു.
ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളം നല്‍കുന്നതിനായി സര്‍ക്കാര്‍ 55 കോടി രൂപ കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിയിരുന്നു. ബാക്കി തുകകൂടി ഉപയോഗിച്ച് ശമ്പളം നല്‍കേണ്ടത് കെ.എസ്.ആര്‍.ടി.സി ആയിരുന്നു. എന്നാല്‍ മാനേജിങ് ഡയറക്ടര്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത തസ്തികകളിലായി ടെക്‌നിക്കല്‍, ഒപ്പറേഷന്‍, അഡ്മിനിസ്‌ട്രേഷന്‍ എന്നീ മൂന്നു വിഭാഗങ്ങളില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരുണ്ട്. ഇവരാണ് കെ.എസ്.ആര്‍.ടി.സിയുടെ ദൈനംദിന പ്രവര്‍ത്തങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത്. പരിഷ്‌കരണ നടപടികളുടെ ഭാഗമായി ഇവരെ സോണല്‍ ഓഫിസുകളിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. പകരം പുതിയതായി നേരിട്ട് നിയമനം നടത്തിയ ജനറല്‍ മാനേജര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്നിവര്‍ക്ക് ചുമതല നല്‍കുന്നതിനും തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിനെതിരേയാണ് ജീവനക്കാരുടെ ശമ്പളം വൈകിച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ കരുനീക്കം നടത്തിയതെന്നാണ് ആരോപണം. ശമ്പളം വൈകിക്കുന്നതിലൂടെ ജീവനക്കാരെ സര്‍ക്കാരിനും യൂനിയനുകള്‍ക്കും എതിരാക്കാനും തങ്ങളുടെ സ്ഥാനമാറ്റം തടയാനുമാണ് അവര്‍ ലക്ഷ്യമിടുന്നതെന്നാണ് പറയുന്നത്. ഇതിനെതിരേയാണ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരെ മാറ്റുന്നതുവരെ കെ.എസ്.ആര്‍.ടി.ഇ.എയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി സമരം ആരംഭിച്ചിരിക്കുന്നത്. ചാര്‍ജ് വര്‍ധന നടപ്പിലാക്കിയെങ്കിലും കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ല. ദൈനംദിനം 33 ലക്ഷം രൂപ മാത്രമാണ് അധികമായി ഇപ്പോള്‍ ലഭിക്കുന്നത്. ഇതൊന്നുംകൊണ്ട് അവസാനിക്കുന്ന പ്രശ്‌നങ്ങളല്ല കെ.എസ്.ആര്‍.ടി.സിയുടെ മുന്നിലുള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."