വസ്തു വില്‍ക്കാന്‍ അധികാരമുണ്ട്; നിലപാട് ആവര്‍ത്തിച്ച് കര്‍ദിനാള്‍
കൊച്ചി: വിവാദമായ എറണാകുളം അങ്കമാലി രൂപതയിലെ ഭൂമിവില്‍പ്പന വിഷയത്തില്‍ തന്റെ പഴയനിലപാട് ആവര്‍ത്തിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. രാജ്യത്തെ നിയമവും സഭാനിയമവും പാലിച്ചുതന്നെയാണ് വസ്തുക്കള്‍ വില്‍പ്പന നടത്തിയതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്യാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഭൂമി ഇടപാടില്‍ പൊലിസ് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ നടന്ന സിനഡിനുശേഷമാണ് ആലഞ്ചേരിയുടെ കാര്യാലയത്തില്‍ നിന്ന് വാര്‍ത്താക്കുറിപ്പു വന്നത്.
അതിരൂപതയുടെ വസ്തുക്കള്‍ വില്‍ക്കുന്നതിന് മെത്രാപ്പോലിത്തയ്ക്കു അധികാരവും അവകാശവും ഉണ്ടെന്നും ഇത് ഉപയോഗിച്ചാണ് വസ്തുക്കള്‍ വിറ്റതെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഹൈക്കോടതി വിധിയുടെ പൂര്‍ണരൂപം ലഭിച്ചതിനുശേഷം ആലോചിച്ച് മേല്‍ നടപടികള്‍ സ്വീകരിക്കും.
അതിരൂപതയുടെ ആവശ്യത്തിനുവേണ്ടി ബാങ്കില്‍നിന്നെടുത്ത കടം തിരിച്ചടക്കാനാവശ്യമായ പണം സമാഹരിക്കാനാണ് വസ്തുക്കള്‍ വിറ്റത്. വസ്തുവില്‍പനയില്‍ രാജ്യത്തെ നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ല. സഭാനിയമങ്ങള്‍ പാലിച്ചിട്ടുമുണ്ട് . എന്നാല്‍ വസ്തുക്കളുടെ വിലയായി നല്‍കേണ്ട മുഴുവന്‍ തുകയും അതിരൂപതയുടെ അക്കൗണ്ടില്‍ യഥാസമയം നിക്ഷേപിക്കുന്നതില്‍ സ്ഥലം വാങ്ങിച്ചവരും ഇടനിലക്കാരായി നിന്നവരും വീഴ്ചവരുത്തി. വസ്തുവില്‍പന സംബന്ധിച്ച സാമ്പത്തിക ഇടപാടിലുണ്ടായ ശ്രദ്ധക്കുറവും വീഴ്ചയുമാണ് അതിരൂപതക്കു സാമ്പത്തിക നഷ്ടം ഉണ്ടാക്കിയതെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."