മൂന്നാംമുന്നണി പരീക്ഷണം വിജയിക്കില്ല: മുസ്‌ലിംലീഗ്
ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്താനാവില്ലെന്നും മൂന്നാംമുന്നണി പരീക്ഷണ നീക്കങ്ങള്‍ ബി.ജെ.പിയെ സഹായിക്കുകയാവും ചെയ്യുകയെന്നും മുസ്‌ലിംലീഗ്. രാജ്യത്ത് എല്ലായിടത്തും സ്വാധീനമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.
ബി.ജെ.പിയെ നേരിടുന്നതിന് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിന് മാത്രമെ കഴിയൂവെന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്നും ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. രാജ്യത്ത് മതേതരചേരി രൂപീകരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അലംഭാവം കാണിക്കുന്നുണ്ടെങ്കില്‍ അക്കാര്യം പാര്‍ട്ടി നേതൃത്വത്തെ നേരിട്ട് അറിയിക്കുമെന്നും ലീഗ് നേതാക്കള്‍ അറിയിച്ചു. തങ്ങള്‍ക്കു സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ മതേതരനിര കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസും വിട്ടുവീഴ്ച ചെയ്യണം.
തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ത്രിപുരയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ബി.ജെ.പി ആക്രമണം തുടങ്ങിക്കഴിഞ്ഞു. ബി.ജെ.പിയെ അധികാരത്തില്‍ നിന്നു മാറ്റിനിര്‍ത്താന്‍ ലീഗ് എന്തുത്യാഗവും സഹിക്കും. അതിനുവേണ്ടിയുള്ള നീക്കങ്ങള്‍ക്കൊപ്പം പാര്‍ട്ടിയും നിലകൊള്ളും. പാര്‍ട്ടിക്കു സ്വാധീനമുള്ള പശ്ചിമബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി അവിടത്തെ മതേതര കക്ഷികളുമായി കൂടിക്കാഴ്ച നടത്തും.
ബി.ജെ.പിയെ അകറ്റാന്‍ മതേതരകക്ഷികളുമായി ചേര്‍ന്നുനില്‍ക്കണമെന്ന് സി.പി.എം ഇനിയും പഠിച്ചില്ല. കേരളത്തിലും ത്രിപുര ആവര്‍ത്തിച്ചാലേ സി.പി.എം പഠിക്കൂ. ഫാസിസത്തിനെതിരേ ശബ്ദിക്കാന്‍ തങ്ങള്‍ക്കേ അവകാശമുള്ളൂവെന്നും തങ്ങള്‍ ഉള്ള സ്ഥലത്ത് ബി.ജെ.പി വളരില്ലെന്നുമുള്ള സി.പി.എമ്മിന്റെ അവകാശവാദം ത്രിപുര ഫലത്തോടെ പൊളിഞ്ഞിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."