ഹാദിയ ഏതുമതം സ്വീകരിക്കുന്നതിലും എതിര്‍പ്പില്ലെന്ന് അശോകന്‍
ന്യൂഡല്‍ഹി: ഹാദിയ ഇസ്‌ലാമിലോ മറ്റേതെങ്കിലും മതത്തിലോ വിശ്വസിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് പിതാവ് അശോകന്‍. താന്‍ നിരീശ്വരവാദിയാണെങ്കിലും ഭാര്യയും മകളും ഏതുമതം പിന്തുടരുന്നതും എതിര്‍ക്കില്ല.
മകളെ ശാരീരികമായും മാനസികമായും കീഴ്‌പ്പെടുത്തി ലൈംഗീക അടിമയോ മനുഷ്യബോംബോ ആക്കാനുള്ള നീക്കങ്ങള്‍ക്കാണ് എതിരെന്നും സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തില്‍ അശോകന്‍ പറഞ്ഞു. സമ്മര്‍ദത്തിലൂടെ മതം മാറ്റുന്നതിനെയും മതംമാറ്റത്തില്‍ തീവ്രആശയക്കാരുടെ ഇടപെടലുമാണ് എതിര്‍ത്തത്.
സാധാരണ രീതിയില്‍ സ്വന്തം ഇഷ്ടപ്രകാരം ഹാദിയ വരനെ കണ്ടെത്തിയിരുന്നുവെങ്കില്‍ എതിര്‍ക്കില്ലായിരുന്നുവെന്നും അഭിഭാഷകനായ എ. രഘുനാഥ് മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആശോകന്‍ ആരോപിച്ചു. ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ നല്‍കിയ കേസാണ് നിലവില്‍ സുപ്രിംകോടതി മുന്‍പാകെയുള്ളത്. കഴിഞ്ഞമാസം 22ന് കേസ് പരിഗണിക്കവെ ഹാദിയയുടെ ആരോപണങ്ങള്‍ക്കു മറുപടി പറയാന്‍ അച്ഛനോടും എന്‍.ഐ.എയോടും ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് അശോകന്റെ എതിര്‍സത്യവാങ്മൂലം. കേസ് നാളെ വീണ്ടും പരിഗണിക്കും.
അമ്മ വിഷം നല്‍കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഹാദിയ എത്രത്തോളം മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയയായിട്ടുണ്ടെന്നതിന്റെ ഉദാഹരണമാണ്. മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇസ്‌ലാം മതം ഉപേക്ഷിക്കാനോ ഹിന്ദു മതത്തിലേക്ക് മടങ്ങിവരാനോ സമ്മര്‍ദവും ഉണ്ടായിട്ടില്ല.
ഹാദിയ മതംമാറിയതിന്റെ തെളിവോ രേഖയോ ഇല്ല. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ സ്വന്തം ഇഷ്ടപ്രകാരം എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിവാഹമെന്ന ഹാദിയയുടെ വാദം തെറ്റാണ്. കോടതി നടപടികളില്‍ നിന്ന് ഒഴിവാക്കാന്‍ വേണ്ടിയാണ് വിവാഹം. വിവാഹ രജിസ്റ്ററില്‍ ഷെഫിന്‍ ജഹാന്റെ പിതാവ് ഷാജഹാന്‍ ഒപ്പ് വച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
2015ല്‍ മലപ്പുറം സ്വദേശി ഷാനിബുമായി ഇന്റര്‍നെറ്റ് മുഖേനയുള്ള ബന്ധത്തിലൂടെയാണ് ഹാദിയ ഇസ്‌ലാമിലേക്ക് ആകൃഷ്ടയായത്. ഷാനിബ് അവന്റെ മൂത്ത സഹോദരി ഷെറിന്‍ ഷഹാനക്കും ഭര്‍ത്താവ് ഫാസിലിനും ഹാദിയയെ പരിചയപ്പെടുത്തി. ഇതിനിടെ തന്റെ രണ്ടാംഭാര്യയാക്കാമെന്നും യമനിലേക്കു കൊണ്ടുപോവാമെന്നും ഹാദിയയോട് ഫാസില്‍ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ഹാദിയ സുഹൃത്ത് അമ്പിളിയെ അറിയിച്ചു.
ഇതോടെ ഫാസിലിനൊപ്പം യമനില്‍ പോവുന്നതില്‍ നിന്ന് ഹാദിയയെ അമ്പിളി പിന്തിരിപ്പിച്ചു. ഹാദിയയും ഷെഫിന്‍ജഹാനും തമ്മിലുള്ള വിവാഹത്തെ കുറിച്ച് പെരിന്തല്‍മണ്ണ പൊലിസ് അന്വേഷിച്ചതില്‍ നിന്ന് ഇക്കാര്യങ്ങളെല്ലാം വ്യക്തമായതാണ്. ഫാസിലും ഷെറിനും യമനിലേക്കു കൊണ്ടുപോവാന്‍ ശ്രമിച്ചെന്ന പൊലിസ് കണ്ടെത്തല്‍ ഹാദിയ നിഷേധിച്ചിട്ടുമില്ല. തനിക്ക് ആടുമേയ്ക്കാന്‍ പോവാന്‍ താല്‍പര്യമുണ്ടെന്ന് ഹാദിയ ഫോണില്‍ പറഞ്ഞിരുന്നു. കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ ഈ സംഭാഷണത്തിന്റെ ഒരു ഭാഗം മാത്രം ഷെഫിന്റെ അഭിഭാഷകര്‍ വായിച്ചുകേള്‍പ്പിച്ച് സുപ്രിംകോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണുണ്ടായതെന്നും അശോകന്‍ പറയുന്നു.
എളുപ്പം വഴങ്ങുന്ന യുവതീയുവാക്കളെ കണ്ടെത്തി അവരെ ഐ.എസ് നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാന്‍ പദ്ധതിയിടുന്ന സംഘടന കേരളത്തിലുണ്ട്. ഐ.എസ്, ഹിസ്ബുല്‍ മുജാഹിദീന്‍, ലശ്കറേ ത്വയ്ബ എന്നീ സംഘടനകളുമായി ബന്ധമുള്ള പോപുലര്‍ഫ്രണ്ടിനു കീഴിലുള്ള വിവിധസ്ഥാപനങ്ങളും വ്യക്തികളുമാണ് യുവതീയുവാക്കളെ മതംമാറ്റി വിദേശത്തേക്ക് കടത്തുന്നതെന്ന ആരോപണവും സത്യവാങ്മൂലത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."